ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും കൗശലക്കാരനായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ആര്‍ അശ്വിന്‍. സാഹചര്യത്തിനനുസരിച്ച് ക്രിക്കറ്റ് നിയമത്തിലൂന്നി നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അശ്വിന്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ അശ്വിന് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡാണുള്ളത്. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണെങ്കിലും ടെസ്റ്റിലെ വജ്രായുധമാണ് അശ്വിന്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ അശ്വിനുള്ളത്. ഇന്ത്യയുടെ ടി20 ടീമിന് പുറത്താണെങ്കിലും ഐപിഎല്ലില്‍ അശ്വിന്‍ സജീവമാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് നിലവില്‍ അദ്ദേഹമുള്ളത്. ഇപ്പോഴിതാ ടി20യില്‍ അവസാന നാല് ഓവറില്‍ പന്തെറിയാന്‍ ഭയക്കുന്ന ബാറ്റ്‌സ്മാന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍. അത് വിദേശ താരങ്ങളല്ലെന്നും ഇന്ത്യന്‍ നായകനും മുന്‍ മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മയാണെന്നാണ് അശ്വിന്‍ പറയുന്നത്.
'അഫ്ഗാനിസ്ഥാനെതിരായ മത്സരം നോക്കുമ്പോള്‍ ഏറ്റവും നിര്‍ണ്ണായകമായ കാര്യം രോഹിത് ശര്‍മയുടെ ബാറ്റിങ്ങാണ്. ഇന്ത്യ 4 വിക്കറ്റിന് 30 റണ്‍സെന്ന നിലയില്‍ തകര്‍ന്ന സമയത്ത് സാഹചര്യം മനസിലാക്കുകയും അവസരത്തിനൊത്ത് കളിക്കുകയും ചെയ്യാന്‍ രോഹിത്തിനായി. പിന്നീട് പവര്‍പ്ലേയില്‍ കടന്നാക്രമിക്കുകയും ചെയ്തു. അവസാന നാല് ഓവറില്‍ രോഹിത്തിനെതിരേ പന്തെറിയുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.
ഏത് ബൗളറായാലും ഡെത്തോവറില്‍ രോഹിത്തിനെതിരേ പന്തെറിയാന്‍ ഭയക്കും. ലെങ്ത് പന്തെറിഞ്ഞാല്‍ പുള്‍ഷോട്ട് കളിക്കും. ശരീരത്തിലേക്കെറിഞ്ഞാല്‍ പിക്ക് അപ് പുള്‍ഷോട്ട് കളിക്കും. ഫുള്ളറോ വൈഡറോ ഷോര്‍ട്ട് ബോളുകളെറിഞ്ഞാല്‍ ഓവര്‍ കവറിന് മുകളിലൂടെ സിക്‌സര്‍ പ്രതീക്ഷിക്കാം. യോര്‍ക്കര്‍ കൃത്യമായി എറിയാനായില്ലെങ്കില്‍ സിക്‌സര്‍ ഉറപ്പ്. ന്യൂസീലന്‍ഡ് പരമ്പരയിലെ മൂന്നാം ടി20യിലെ സൂപ്പര്‍ ഓവര്‍ നോക്കുക.

ടിം സൗത്തിയുടെ അവസാന പന്ത് അനായാസം സിക്‌സര്‍ പറത്തി ഇന്ത്യക്ക് രോഹിത് ജയം നേടിക്കൊടുത്തു'-അശ്വിന്‍ പറഞ്ഞു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ് രോഹിത്. നിലയുറപ്പിക്കുന്നതിന് മുമ്പ് രോഹിത്തിനെ പുറത്താക്കുകയെന്നതാണ് എളുപ്പവഴി. നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സിലേക്കെത്തിക്കാന്‍ രോഹിത്തിന് അസാധ്യ കഴിവുണ്ട്. ഇതിന് ഉദാഹരണമാണ് അദ്ദേഹം ഏകദിനത്തില്‍ നേടിയ മൂന്ന് ഇരട്ട സെഞ്ച്വറികള്‍.
ടി20യിലെ രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായിരുന്നു. 2020ന് ശേഷമുള്ള ഐപിഎല്ലിലെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം വിലയിരുത്തുമ്പോള്‍ നിലവാരം ശരാശരിക്ക് താഴെയായിരുന്നു. 2022ന് ശേഷം ഇന്ത്യക്കായി ടി20 കളിക്കാതിരുന്ന രോഹിത് അഫ്ഗാന്‍ പരമ്പരയിലൂടെയാണ് തിരിച്ചുവന്നത്. ആദ്യത്തെ രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായ രോഹിത് മൂന്നാം മത്സരത്തില്‍ ഗംഭീര സെഞ്ച്വറിയോടെയാണ് തിരിച്ചുവരവ് നടത്തിയത്.
ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയ രോഹിത് ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ടീമിനായി കളിക്കുന്ന താരമാണ് രോഹിത്തെന്നും അശ്വിന്‍ പറഞ്ഞു. 'താന്‍ എന്തുകൊണ്ടാണ് ഹിറ്റ്മാനാവുന്നതെന്ന് രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഏകദിന ലോകകപ്പ് കളിച്ച അതേ മനോഭാവത്തോടെയാണ് അദ്ദേഹം ടി20യിലേക്ക് തിരിച്ചെത്തിയത്. രണ്ട് തവണ ഡക്കിന് പുറത്തായി.
അതിലൊന്ന് ദൗര്‍ഭാഗ്യകരമായ റണ്ണൗട്ടായിരുന്നു. രണ്ടാമത്തേത് ടൈമിങ് പിഴച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ പ്രതിസന്ധിയില്‍ നിന്ന് ടീമിനെ വളര്‍ത്തി സെഞ്ച്വറിയിലേക്കെത്തി. രോഹിത് ശര്‍മ കളിക്കുമ്പോള്‍ ബൗളര്‍മാര്‍ ഭയക്കേണ്ടതായുണ്ട്'- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ഐപിഎല്‍ സീസണ്‍ രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
നായകസ്ഥാനമില്ലാതെ ഇറങ്ങുന്ന രോഹിത്തിന് ബാറ്റുകൊണ്ട് അതി ഗംഭീര പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടി20 ലോകകപ്പില്‍ സ്ഥാനം നേടുന്ന കാര്യത്തില്‍ ടീമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരും.