IPL 2024: ബട്‌ലറല്ല, ആര്‍ആറിനെ ജയിപ്പിച്ചത് പവല്‍! ടീം തന്ത്രം വെളിപ്പെടുത്തി വിന്‍ഡീസ് താരം
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചിരിക്കുകയാണ്. 2 വിക്കറ്റിനാണ് രാജസ്ഥാന്റെ ത്രില്ലിങ് ജയം. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 6 വിക്കറ്റിന് 223 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ അവസാന പന്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജോസ് ബട്‌ലറിന്റെ (107*) സെഞ്ച്വറി പ്രകടനമാണ് രാജസ്ഥാന് കരുത്തായത്.
ലാസ്റ്റ് ബോള്‍ ത്രില്ലറിലേക്ക് നീണ്ട മത്സരത്തില്‍ രാജസ്ഥാന്‍ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ എല്ലാ കൈയടികളും ബട്‌ലറിലേക്കാണ്. എന്നാല്‍ രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ചത് റോവ്മാന്‍ പവലിന്റെ പ്രകടനമാണ്. 13 പന്തില്‍ 26 റണ്‍സാണ് പവല്‍ നേടിയത്. 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് പവലിന്റെ വെടിക്കെട്ട്. ഇതാണ് അവസാന രണ്ടോവറില്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. സുനില്‍ നരെയ്‌ന്റെ ഓവറായിരുന്നു കെകെആറിന്റെ തുറുപ്പുചീട്ട്.
എന്നാല്‍ ഈ ഓവറില്‍ കെകെആറിന്റെ പ്രതീക്ഷ തെറ്റിച്ചത് പവലിന്റെ ബാറ്റിങ്ങാണ്. 17ാം ഓവര്‍ എറിയാനെത്തിയ നരെയ്‌നെ ബൗണ്ടറിയോടെയാണ് പവല്‍ സ്വീകരിച്ചത്. പിന്നീട് രണ്ട് തുടര്‍ സിക്‌സുകള്‍ പറത്തി. ഈ ഓവറില്‍ത്തന്നെ പവല്‍ പുറത്തായെങ്കിലും 16 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഇത് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ രാജസ്ഥാന് കരുത്ത് പകരുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ദൗത്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റോവ്മാന്‍ പവല്‍.
'ടി20 ക്രിക്കറ്റില്‍ ഇംപാക്ട് സൃഷ്ടിക്കുന്ന പല താരങ്ങള്‍ക്കും അതിന്റെ അംഗീകാരം ലഭിക്കുന്നില്ല. താരങ്ങളുടെ ഇംപാക്ട് പരിശോധിക്കാന്‍ സാങ്കേതികമായി നിരവധി വഴികളുണ്ട്. 10 പന്തില്‍ 20, 15 പന്തില്‍ 30 തുടങ്ങിയ പ്രകടനങ്ങള്‍ക്കെല്ലാം വലിയ ഇംപാക്ട് സൃഷ്ടിക്കാനാവും. സുനില്‍ നരെയ്‌നാണ് അവരുടെ പ്രധാന ബൗളറെന്ന നിലയില്‍ നരെയ്‌നെ ആക്രമിക്കാനായിരുന്നു പദ്ധതി. നരെയ്‌നെതിരേ റണ്‍സടിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്.

കാരണം നരെയ്‌നെ ആക്രമിച്ച് റണ്‍സ് നേടിയാല്‍ മറ്റാര്‍ക്കെതിരേയും റണ്‍സ് നേടാന്‍ ടീമിന് ആത്മവിശ്വാസം ലഭിക്കും. ഇതാണ് ചെയ്യാന്‍ ശ്രമിച്ചത്' പവല്‍ പറഞ്ഞു. രാജസ്ഥാനെ സംബന്ധിച്ച് പവലിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. നാല് ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 62 റണ്‍സ് വേണമെന്നിരിക്കെയാണ് പവലിന്റെ ഗംഭീര പ്രകടനം. ഇതാണ് ജോസ് ബട്‌ലറുടെ സമ്മര്‍ദ്ദം കുറക്കുകയും അവസാന രണ്ട് ഓവറില്‍ ക്ഷമയോടെ കളിച്ച് ജയിക്കാനും സഹായിച്ചത്.
ബാറ്റ് ചെയ്യവെ ജോസ് ബട്‌ലറോട് പറഞ്ഞ കാര്യം എന്താണെന്നും പവല്‍ വെളിപ്പെടുത്തി. 'ജോസിനോട് സമ്മര്‍ദ്ദം വേണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. പരമാവധി സിക്‌സുകള്‍ ഞാന്‍ നേടിക്കൊള്ളാമെന്ന് പറഞ്ഞ് അവന്റെ ആത്മവിശ്വാസമുയര്‍ത്താന്‍ ശ്രമിച്ചു. കാരണം ബട്‌ലര്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ കൃത്യമായി കണക്ട് ചെയ്യാന്‍ അല്‍പ്പം പ്രയാസപ്പെട്ടു.
അതുകൊണ്ടുതന്നെ വലിയ ഷോട്ടുകള്‍ കളിച്ച് ഞാന്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കാമെന്നും ഞാന്‍ പുറത്തായാല്‍ നീ വലിയ ഷോട്ടുകള്‍ കളിക്കണമെന്നും ജോസിനോട് പറഞ്ഞു' പവല്‍ കൂട്ടിച്ചേര്‍ത്തു. സുനില്‍ നരെയ്ന്‍ ഡെത്തോവറില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ വലിയ പിശുക്കുകാട്ടുന്ന താരമാണ്. അതുകൊണ്ടുതന്നെ ഈ ഓവര്‍ മുതലാക്കിയാല്‍ രാജസ്ഥാന്റെ സമ്മര്‍ദ്ദം അത് വളരെയധികം കുറക്കുമെന്നുറപ്പായിരുന്നു. ഇക്കാരണത്താലാണ് പവല്‍ നരെയ്‌നെ ലക്ഷ്യം വെച്ചത്.
ടീം മാനേജ്‌മെന്റ് പവലിന് നല്‍കിയ നിര്‍ദേശവും ഇതായിരുന്നു. താരമത് കൃത്യമായി ചെയ്യുകയും രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. എന്നാല്‍ മത്സരശേഷം എല്ലാ കൈയടികളും ബട്‌ലറിനാണ് പോയത്. പവലിന്റെ പ്രകടനത്തിന് അര്‍ഹിച്ച പ്രശംസ ലഭിച്ചില്ലെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications