ഐപിഎല്ലിന്റെ താരലേലം അടുത്ത മാസം ദുബായില്‍ നടക്കാനിരിക്കവെ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള രണ്ടു പേര്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. സമാപിച്ച ഏകദിന ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ പല താരങ്ങളെയും ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടു കഴിഞ്ഞു.
ഫൈനലില്‍ ഇന്ത്യക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു അദ്ദേഹം. കൂടാതെ ഓസീസ് നായകനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സും ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയിരുന്നു.

പക്ഷെ ഡിസംബര്‍ 19നു നടക്കാനിരിക്കുന്ന ലേലത്തില്‍ ഏറ്റവുമുയര്‍ന്ന വില ലഭിക്കാന്‍ സാധ്യതയുള്ളവരില്‍ ഹെഡോ, കമ്മിന്‍സോയുണ്ടാവില്ലെന്നാണ് അശ്വിന്റെ വിലയിരുത്തല്‍. കന്നി ലോകകപ്പില്‍ തന്നെ വരവറിയിച്ച ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്ക്കും സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ജെറാള്‍ഡ് കോട്‌സിക്കുമാവും ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവുകയെന്നാണ് അശ്വിന്റെ പ്രവചനം.
ന്യൂസിലാന്‍ഡിനു വേണ്ടി ഓപ്പണറായും മൂന്നം നമ്പറിലുമെല്ലാം കളിച്ച രചിന്‍ പല വമ്പന്‍ റെക്കോര്‍ഡുകളും കുറിച്ചാണ് ടൂര്‍ണമെന്റിനോടു ഗുഡ്‌ബൈ പറഞ്ഞത്. 578 റണ്‍സ് ടൂര്‍ണമെന്റില്‍ താരം വാരിക്കൂട്ടിയിരുന്നു. 25 വയസ്സിനു മുമ്പ് ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡും രചിന്‍ തകര്‍ത്തിരുന്നു.
ലേലത്തില്‍ ഞാന്‍ ഏറ്റവുമധികം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രണ്ടു കളിക്കാര്‍ രചിന്‍ രവീന്ദ്രയും ജെറാള്‍ഡ് കോട്‌സിയുമാണ്. ഐപിഎല്ലിലെ സ്‌കൗട്ടായിരുന്നെങ്കില്‍ ഈ രണ്ടു താരങ്ങളെയുമായിരിക്കും ഞാന്‍ ഏറ്റവുമധികം ശ്രദ്ധിക്കുക. 64 ശരാശരിയില്‍ 578 റണ്‍സാണ് ലോകകപ്പില്‍ രചിന്‍ സ്‌കോര്‍ ചെയ്തത്. കൂടാതെ ഇടംകൈയന്‍ സ്പിന്നറായും താരത്തെ ടീമിനു ഉപയോഗിക്കാം.
ഓപ്പണറായി കളിക്കാനും അവനു സാധിക്കും. ഇടംകൈയന്‍ സ്പിന്നറെയും നല്ലൊരു മുന്‍നിര ബാറ്ററെയും ലക്ഷ്യമിടുന്ന ഏതൊരു ഫ്രാഞ്ചൈസിയും ലേലത്തില്‍ രചിനു വേണ്ടി രംഗത്തിറങ്ങുമെന്നും അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിരീക്ഷിച്ചു.

പരിക്കു കാരണം ലോകകപ്പ് നഷ്ടമായ ആന്‍ട്രിച്ച് നോര്‍ക്കിയക്കു പകരമണ് കോട്‌സിക്കു ടീമില്‍ ഇടം ലഭിച്ചത്. തനിക്കു ലഭിച്ച ഈ സുവര്‍ണാവസരം താരം ശരിക്കും മുതലെടുക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്കയ്ക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമായിരുന്നു. 20 വിക്കറ്റുകളാണ് കോട്‌സിക്കു ലോകകപ്പില്‍ ലഭിച്ചത്. 145-150 കിമി വേഗയതയില്‍ ബൗള്‍ ചെയ്യാനും ബാറ്റിങില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും ശേഷിയുള്ള താരമാണ് കോട്‌സിയെന്നു അശ്വിന്‍ ചൂണ്ടിക്കാട്ടി.
ലേലത്തില്‍ വലിയ വില ലഭിക്കാനിടയുള്ള രണ്ടാമത്തെ താരമായി ഞാന്‍ തിരഞ്ഞെടുക്കുക കോട്‌സിയെയാണ്. സൗത്താഫ്രിക്കയുടെ വളരെ അപകടകാരിയായ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. ലേലത്തില്‍ നല്ലൊരു തുക കോട്‌സിക്കു ലഭിക്കുമെന്നു ഞാന്‍ കരുതുന്നു.
നല്ല ഉയരവും 150 കിമിക്കു അടുത്തു വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കും അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുന്നു. വളരെ അഗ്രസീവായ ബൗണ്‍സറുകളെറിയാന്‍ കോട്‌സിക്കു കഴിയും. ബാറ്റിങില്‍ നല്ല കരുത്തനായ താരവും കൂടിയാണ് അദ്ദേഹമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.