ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു പിന്തുണയുമായി മുന്‍ ഇതിഹാസ താരം യുവരാജ് സിങ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ സിഎസ്‌കെയ്ക്കായി മിന്നിച്ചതോടെയാണ് ദുബെ ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും വേണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈദരാബാദിനെതിരേ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത ദുബെ 45 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. വെറും 24 ബോളുകളില്‍ നിന്നാണിത്. നാലു സിക്‌സറും രണ്ടു ഫോറും ഇതിലുള്‍പ്പെടും.
ഈ സീസണില്‍ സിഎസ്‌കെയ്ക്കു കളിച്ച മല്‍സരങ്ങളില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ദുബെയ്ക്കു കഴിഞ്ഞിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും 49.33 എന്ന മികച്ച ശരാശരിയില്‍ 160.86 സ്‌ട്രൈക്ക് റേറ്റില്‍ 148 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. ഇത്തവണ സിഎസ്‌കെയുടെ ടോപ്‌സ്‌കോററും ദുബെ തന്നെയാണ്.

ജൂണിലാണ് ഐസിസിയുടെ ടി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ് സ്‌ക്വാഡിനെ ഈ മാസം പ്രഖ്യാപിക്കുക. ദുബെയുള്‍പ്പെടെ ഐപിഎല്ലില്‍ കസറുന്ന ചിലര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാനുള്ള സാധ്യത കൂടുതലാണ്.
ലോകകപ്പി സ്‌ക്വാഡില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള രണ്ടു ഓള്‍റൗണ്ടര്‍മാര്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ്. ഇവരെ കൂടാതെ ഓള്‍റൗണ്ടര്‍ റോളിലേക്കു അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും രംഗത്തുണ്ട്. പക്ഷെ ഇവര്‍ക്കൊന്നും ഐപിഎല്ലില്‍ ഇത്തവണ തിളങ്ങാനായിട്ടില്ല. ദുബെയാവട്ടെ മിന്നുന്ന പ്രകടനങ്ങളിലൂടെ വീണ്ടും കൈയടി നേടുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തെ യുവി പിന്തുണച്ചിരിക്കുന്നത്.
വളരെ അനായാസം ശിവം ദുബെ ഫീല്‍ഡില്‍ നിന്നും ബോള്‍ ക്ലിയര്‍ ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹമുണ്ടാവണമെന്നാണ് എനിക്കു തോന്നുന്നത്. ഗെയിം ചേഞ്ചറാവാനുള്ള പ്രതിഭ ദുബെയ്ക്കുണ്ടെന്നും എക്‌സില്‍ യുവരാജ് കുറിച്ചു.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിര്‍ത്തിയ ഇടത്തുനിന്നാണ് ദുബെ ഇത്തവണ തുടങ്ങിയിരിക്കുന്നത്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കാന്‍ ശേഷിയുള്ള അദ്ദേഹം പേസര്‍മാര്‍ക്കെതിരേയും മോശമല്ല. ക്രീസിലെത്തിയാല്‍ വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റാന്‍ സാധിക്കുമെന്നതാണ് ദുബെയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഈ സീസണില്‍ മാത്രമല്ല മുന്‍ സീസണുകളിലും ഇതു കണ്ടിട്ടുള്ളതാണ്.

2019ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെഗളൂരുവിലൂടെ കരിയര്‍ ആരംഭിച്ച ദുബെ പിന്നീട് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും കളിച്ചു. പക്ഷെ രണ്ടു ടീമുകള്‍ക്കും താരത്തെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല. 2021ലെ സീസണിനു ശേഷം റോയല്‍സ് കൈവിട്ടതോടെ ലേലത്തില്‍ ദുബെയെ സിഎസ്‌കെ സ്വന്തമാക്കുകയായിരുന്നു. ഇതു താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തു.
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെയുടെ മാച്ച് വിന്നറായി ദുബെ മാറുകയായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനുള്ള പിന്തുണയും അനുയോജ്യമായ ബാറ്റിങ് പൊസിഷനും ലഭിച്ചതോടെ ദുബെ കത്തിക്കയറി. സിഎസ്‌കെയ്‌ക്കൊപ്പമുള്ള ആദ്യ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 289 റണ്‍സ് അദ്ദേഹം നേടി. 156.22 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്ലില്‍ ദുബെയുടെ സ്‌ട്രൈക്ക് റേറ്റ് 150നു മുകളില്‍ പോയതും ഇതാദ്യമായിരുന്നു.
കഴിഞ്ഞ തവണയാണ് ദുബെയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 16 മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 418 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം സിഎസ്‌കെയുടെ അഞ്ചാം ഐപിഎല്‍ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 158.33 സ്‌ട്രൈക്ക് റേറ്റിലാണിത്.