മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലും നിരവധി യുവതാരങ്ങള്‍ മിടുക്കുകാട്ടുന്നുണ്ട്. ഇന്ത്യന്‍ ടീമിന് ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന പല താരങ്ങളും ഈ സീസണിലൂടെ വളര്‍ന്നു വന്നിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ട പ്രതിഭകളിലൊരാളാണ് നിതീഷ് കുമാര്‍ റെഡ്ഡി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഗംഭീര പ്രകടനം നടത്തി കൈയടി നേടുകയാണ് യുവ ഓള്‍റൗണ്ടര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരേ അര്‍ധ സെഞ്ച്വറിയോടെ ഹൈദരാബാദിന്റെ വിജയ ശില്‍പ്പിയാവാന്‍ നിതീഷിനായി.
42 പന്തില്‍ പുറത്താവാതെ 76 റണ്‍സാണ് നിതീഷ് നേടിയത്. 3 ഫോറും 8 സിക്‌സുമാണ് നിതീഷ് പറത്തിയത്. ഒരോവര്‍ പന്തെറിയുകയും ചെയ്യാന്‍ നിതീഷിനായി. വലിയ ഭാവിയുള്ള യുവ ഓള്‍റൗണ്ടറായാണ് നിതീഷിനെ പ്രമുഖര്‍ വിലയിരുത്തുന്നത്. പ്രയാസമുള്ള പിച്ചില്‍ അത്ഭുതം സൃഷ്ടിക്കാന്‍ നിതീഷിന് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക്കിനെക്കാളും ഇഷ്ടം നിതീഷിനോടാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഷെയ്ന്‍ വാട്‌സണ്‍.
'നിലവിലെ എന്റെ ഫേവറേറ്റ് ക്രിക്കറ്റ് താരങ്ങളിലൊരാളാണവന്‍. സ്പിന്നര്‍മാരെ എത്ര മനോഹരമായാണ് അവന്‍ നേരിടുന്നത്. യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നീ സീനിയര്‍ സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം അവന്‍ നടത്തുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഇങ്ങനെ കളിക്കുകയെന്നത് എളുപ്പമല്ല. സമ്മര്‍ദ്ദ ഘട്ടത്തില്‍ രാജസ്ഥാനെതിരേ അവന്‍ നടത്തിയ പ്രകടനം മികവ് എടുത്തു കാട്ടുന്നതാണ്. സവിശേഷമായ പ്രതിഭ അവനുണ്ട്.
ഈ സീസണിലെ ഏറ്റവും മികച്ച കണ്ടെത്തുലകളിലൊന്നണവന്‍. നിലവിലെ ഇന്ത്യയുടെ ഇഷ്ടപ്പെട്ട ഓള്‍റൗണ്ടറാണ് നിതീഷ്' വാട്‌സണ്‍ പറഞ്ഞു. മീഡിയം പേസുകൊണ്ടും ടീമിന് ഉപകാരിയാവുന്ന താരമാണ് നിധീഷ്. ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരം നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്നവനല്ല. പതിയെ ക്രീസില്‍ പിടിച്ചുനിന്ന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ നിതീഷിന് മികവുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷിക്കാവുന്ന മുഖമാണ് നീതീഷ്.

രാജസ്ഥാനെതിരേ ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്കെത്തിച്ചതിന് പിന്നില്‍ നിതീഷിന്റെ മികവാണ് എടുത്തു പറയേണ്ടത്. 35 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ പവര്‍പ്ലേയില്‍ പതറിയ ഹൈദരാബാദിനെ 201 എന്ന സ്‌കോറിലേക്കെത്തിച്ചത് നിതീഷാണ്. ചഹാലിനേയും അശ്വിനേയും കടന്നാക്രമിക്കാന്‍ ധൈര്യം കാട്ടിയ താരം പേസര്‍മാരേയും വെറുതെവിട്ടില്ല. ഇത്തവണ 7 മത്സരത്തില്‍ നിന്ന് 219 റണ്‍സാണ് നിതീഷ് നേടിയത്. 54ന് മുകളില്‍ ശരാശരിയും 154ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും നിതീഷിന്റെ പേരിലുണ്ട്.
രണ്ട് അര്‍ധ സെഞ്ച്വറികളും താരം നേടി. വരുന്ന മത്സരങ്ങളിലും ഹൈദരാബാദ് നിരയില്‍ സജീവ സാന്നിധ്യമായി നിതീഷുണ്ടാവുമെന്നുറപ്പാണ്. രാജസ്ഥാനെതിരായ ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. 10 മത്സരത്തില്‍ നിന്ന് ആറാം ജയത്തോടെ നാലാം സ്ഥാനത്താണ് ഹൈദരാബാദുള്ളത്. രാജസ്ഥാനില്‍ നിന്ന് ശക്തമായ പോരാട്ടം നേരിടേണ്ടി വന്നെങ്കിലും 1 റണ്‍സിന്റെ ജയം നേടിയെടുക്കാന്‍ ഹൈദരാബാദിന് സാധിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റിന് 200 റണ്‍സാണ് നേടാനായത്. അവസാന പന്തില്‍ 2 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. റോവ്മാന്‍ പവല്‍ ക്രീസില്‍ നില്‍ക്കവെ ഭുവനേശ്വര്‍ കുമാര്‍ അവസാന പന്തില്‍ പവലിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഫുള്‍ട്ടോസിലാണ് പവല്‍ എല്‍ബിയില്‍ കുടുങ്ങിയത്. 17 പന്തില്‍ 21 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ആറ് വിക്കറ്റുകള്‍ കൈയിലിരുന്നിട്ടും രാജസ്ഥാന് ജയിക്കാന്‍ സാധിച്ചില്ല. ഹൈദരാബാദ് ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സഞ്ജു സാംസണേയും ജോസ് ബട്‌ലറേയും പൂജ്യത്തിന് പുറത്താക്കുകയും അവസാന പന്തില്‍ പവലിനെ മടക്കുകയും ചെയ്ത ഭുവനേശ്വര്‍ കുമാറാണ് കളിയിലെ താരം.