For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഗംഭീറല്ല, കെകെആറിനെ കെട്ടിപ്പടുത്തത് അയാള്‍! പ്രശംസിച്ച് നന്ദി പറഞ്ഞ് വരുണ്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടിയിരിക്കുകയാണ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നത്. കിരീട പോരാട്ടത്തില്‍ ഏക പക്ഷീയമായ ജയമാണ് കെകെആര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 113 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 57 പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു.

കെകെആറിന്റെ വിജയത്തില്‍ കൂടുതല്‍ പ്രശംസയും നേടുന്നത് ടീമിന്റെ ഉപദേഷ്ടാവായ ഗൗതം ഗംഭീറാണ്. ഈ സീസണിന് മുമ്പായാണ് ഗംഭീര്‍ കെകെആറിലേക്ക് തിരിച്ചെത്തിയത്. ഗംഭീറിന്റെ വരവ് കെകെആറില്‍ വലിയ മാറ്റമുണ്ടാക്കുകയും ആദ്യ സീസണില്‍ത്തന്നെ കപ്പിലേക്കെത്തിക്കുകയും ചെയ്തു. എല്ലാ പ്രശംസയും ഗംഭീറിലേക്ക് പോകവെ കെകെആറിന്റെ റിയല്‍ ഹീറോ മറ്റൊരാളാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ടീമിലെ സൂപ്പര്‍ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി.

അത് സഹ പരിശീലകനായ അഭിഷേക് നായരാണെന്നാണ് വരുണ്‍ പറയുന്നത്. കെകെആറിനെ കെട്ടിപ്പടുത്തതില്‍ അഭിഷേകിന്റെ പങ്ക് വളരെ വലുതാണെന്നും ഇന്ത്യയിലെ മികച്ച യുവതാരങ്ങളെ കണ്ടെത്തി ടീമിലേക്ക് എത്തിച്ചത് അഭിഷേകാണെന്നുമാണ് വരുണ്‍ പറഞ്ഞത്. മത്സരശേഷം വരുണ്‍ അഭിഷേകിന് നന്ദിയും പറഞ്ഞ്. കെകെആറിനൊപ്പം കഴിഞ്ഞ സീസണുകളിലെല്ലാം അഭിഷേകുണ്ടായിരുന്നു. ടീമിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക റോള്‍ അഭിഷേകിനുണ്ടായിരുന്നു.

വൈഭവ് അറോറ, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങള്‍ ഇത്തവണ കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഇവരെ കണ്ടെത്തിയതിന് പിന്നിലും അഭിഷേകിന് പങ്കുണ്ട്. ഇന്ത്യയിലെ യുവ പ്രതിഭകളെ ടീമിലേക്കെത്തിക്കുന്ന ചുമതലയേറ്റെടുത്ത് ടീമിനെ വളര്‍ത്തിയത് അഭിഷേകാണ്. എന്നാല്‍ കെകെആറിന്റെ കിരീട നേട്ടത്തില്‍ വലിയ പരിഗണനയോ പ്രശംസയോ അഭിഷേകിന് ആരും നല്‍കുന്നില്ലെന്നതാണ് വസ്തുത.

abhishek nayar

അടുത്ത സീസണില്‍ കെകെആറിനൊപ്പം ഗംഭീര്‍ ഉണ്ടായേക്കില്ല. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ഗംഭീര്‍ ഏറ്റെടുക്കുമെന്നാണ് വിവരം. എന്നാല്‍ അഭിഷേക് കെകെആറിനൊപ്പം ഇനിയും തുടരും. ഇത്തവണ കെകെആറിനെ മികച്ച സംഘമായി വളര്‍ത്തിയതിന് പിന്നില്‍ ഏറെ നാളായുള്ള അഭിഷേകിന്റെ അധ്വാനവും പ്രയത്‌നവുമുണ്ടെന്നാണ് കെകെആറിലെ താരങ്ങള്‍ തന്നെ പറയുന്നത്. എന്നാല്‍ ടീമിലെ വാഴ്ത്തപ്പെടാത്ത ഹീറോയായി അഭിഷേക് മാറിയിരിക്കുകയാണ്.

എന്തായാലും 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടുമൊരു കിരീടം അലമാരയിലെത്തിക്കാന്‍ കെകെആറിന് സാധിച്ചു. ഇത്തവണ കെകെആറിന്റെ സര്‍വാധിപത്യമാണ് കണ്ടത്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായാണ് കെകെആര്‍ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ചത്. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് ആദ്യം ഫൈനലിലെത്താനും കെകെആറിനായി. എന്നാല്‍ ഫൈനലില്‍ ഹൈദരാബാദ് മികച്ച പോരാട്ടം നടത്തി കെകെആറിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

പക്ഷെ ദൗര്‍ഭാഗ്യകരമായ തോല്‍വിയാണ് ഹൈദരാബാദ് നേരിട്ടത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് 113 റണ്‍സിനാണ് ഹൈദരാബാദ് കൂടാരം കയറിയത്. ഐപിഎല്‍ ഫൈനലിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന നാണക്കേടാണ് ഹൈദരാബാദ് നേരിട്ടത്. 57 പന്ത് ബാക്കിയാക്കി എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് കെകെആര്‍ നേടിയെടുത്തത്. ഏകപക്ഷീയമായ ജയമാണ് കെകെആര്‍ നേടിയെടുത്തത്. ടീമിന്റെ ഓരോ താരങ്ങളും മാച്ച് വിന്നര്‍മാരായി മാറി.

ഹൈദരാബാദ് ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനത്തെ അമിതമായി ആശ്രയിച്ചപ്പോള്‍ കെകെആര്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിച്ചാണ് കിരീടത്തിലേക്കെത്തിയത്. ലീഗ് ഘട്ടത്തില്‍ മോശം ഫോമിലായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് പ്ലേ ഓഫില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി. ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനവും കെകെആറിന് കരുത്തായി.

Story first published: Monday, May 27, 2024, 11:05 [IST]
Other articles published on May 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+