കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്‍ പട്ടം ചൂടിയിരിക്കുകയാണ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ കിരീടത്തിലേക്കെത്തിയത്. ചെന്നൈ വേദിയായ ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ഹൈദരാബാദിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 113 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 57 പന്ത് ബാക്കിയാക്കിയാണ് ജയം നേടിയത്.
ഇത്തവണ ശക്തമായ താരനിരയോടെയാണ് കെകെആര്‍ കളിച്ചത്. അടുത്ത സീസണില്‍ മെഗാ താരലേലം വരാനിരിക്കുന്നതിനാല്‍ വലിയ പൊളിച്ചെഴുത്ത് ടീമുകളില്‍ നടത്തേണ്ടതായുണ്ട്. പരാമാവധി നാല് താരങ്ങളെയാവും നിലനിര്‍ത്താന്‍ സാധിക്കുക. ഇത്തവണ സംതുലിതമായ താരനിരയാണ് കെകെആറിനുള്ളതെങ്കിലും പൊളിച്ചെഴുതാതെ മറ്റ് വഴികളില്ല. അങ്ങനെ വരുമ്പോള്‍ ടീമില്‍ മാറ്റം വരുത്തണം. കെകെആര്‍ നിലനിര്‍ത്തുന്ന നാല് താരങ്ങള്‍ ആരൊക്കെയാവും? സാധ്യത പരിശോധിക്കാം.
ഇത്തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച നായകന്‍ ശ്രേയസ് അയ്യരെ ടീം നിലനിര്‍ത്തുമെന്നുറപ്പ്. ശ്രേയസ് അയ്യര്‍ ഈ സീസണില്‍ ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു. ഒത്തിണക്കത്തോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയും കപ്പടിപ്പിക്കുകയും ചെയ്ത ശ്രേയസിന് അടുത്ത സീസണിലും സീറ്റുറപ്പാണ്. രണ്ടാമതായി വരുണ്‍ ചക്രവര്‍ത്തിയെ ടീം നിലനിര്‍ത്തിയേക്കും.
കെകെആറിന്റെ നിശബ്ദ ആയുധമാണ് വരുണ്‍. സ്പിന്നറെന്ന നിലയില്‍ എല്ലാ സീസണിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ വരുണിന് സാധിക്കാറുണ്ട്. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമല്ലെങ്കിലും കെകെആറിന്റെ വിശ്വസ്തനാണ് വരുണ്‍. അടുത്ത ലേലത്തിന് മുമ്പ് കെകെആര്‍ വരുണിനെ നിലനിര്‍ത്താനാണ് സാധ്യത. ഈ സീസണില്‍ 15 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു വരുണ്‍. ഇക്കോണമി കാത്ത് പന്തെറിയാനും വരുണ്‍ മിടുക്കനാണ്.

അതുകൊണ്ടുതന്നെ വരുണിനെ ലേലത്തിലേക്ക് വിട്ടുകൊടുക്കാന്‍ കെകെആര്‍ തയ്യാറായേക്കില്ല. രണ്ട് വിദേശ താരങ്ങളെ കെകെആര്‍ നിലനിര്‍ത്തിയേക്കും. അതിലൊരാള്‍ സുനില്‍ നരെയ്‌നാവും. വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ഓള്‍റൗണ്ടറായ സുനില്‍ നരെയ്ന്‍ ഈ സീസണില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവ് കാട്ടിയ താരമാണ്. സെഞ്ച്വറി പ്രകടനമടക്കം നടത്തി കെകെആറിനെ ഫൈനലിലേക്കെത്തിക്കുന്നതില്‍ നരെയ്ന്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.
നരെയ്‌നെ ഇതുവരെ കെകെആര്‍ കൈവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന സീസണിലും നരെയ്‌നെ കെകെആര്‍ നിലനിര്‍ത്തി മുന്നോട്ട് പോയേക്കും. നരെയ്‌ന്റെ ഓള്‍റൗണ്ട് മികവ് കെകെആറിന് കരുത്ത് പകരുന്ന കാര്യമാണ്. നരെയ്ന്‍ ലേലത്തിലേക്ക് പോയാല്‍ ടീമിലേക്ക് തിരികെ എത്തിക്കുക കടുപ്പമാണ്. വലിയ പ്രതിഫലം നല്‍കേണ്ടതായി വരും. അതുകൊണ്ടുതന്നെ കെകെആര്‍ നരെയ്‌നെ വിട്ടുകളഞ്ഞ് സാഹസത്തിന് മുതിര്‍ന്നേക്കില്ല.
ആന്‍ഡ്രേ റസലാണ് മറ്റൊരു താരം. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ റസലിനേയും കെകെആര്‍ കൈവിട്ടേക്കില്ല. റസല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിയുടെ ഗതി മാറ്റുന്ന കാര്യമാണ്. ഈ സീസണില്‍ ഫൈനലിലടക്കം റസലിന്റെ തകര്‍പ്പന്‍ ബൗളിങ് കെകെആറിനെ സഹായിച്ചിരുന്നു. ഫൈനലില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ റസലിനായി. ലേലത്തിലേക്ക് പോയാല്‍ റസലിനെയും തിരികെ എത്തിക്കുക പ്രയാസമായതിനാല്‍ കെകെആര്‍ റസലിനേയും നിലനിര്‍ത്താനാണ് സാധ്യത.
മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീം ഒഴിവാക്കിയേക്കും. കാരണം സ്റ്റാര്‍ക്ക് അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. തുടര്‍ച്ചയായി ഐപിഎല്‍ കളിക്കുന്ന താരമല്ല സ്റ്റാര്‍ക്ക്. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിനെ നിലനിര്‍ത്തുന്നത് കെകെആറിന് നഷ്ട കച്ചവടമായിരിക്കും. ആര്‍ടിഎം വഴി കെകെആര്‍ ആരെ വാങ്ങുമെന്നതാണ് കണ്ടറിയേണ്ടത്. വെങ്കടേഷ് അയ്യര്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവരെല്ലാം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്.