മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും ഫോമില്‍ കളിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ തിളങ്ങിയില്ലെങ്കിലും വിക്കറ്റിന് പിന്നിലും നായകനെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന്റെ പ്രകടനത്തെ വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ടി20 ലോകകപ്പില്‍ സഞ്ജുവിന് ഇടം ലഭിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു വേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍. അതിന്റെ കാരണവും ഇര്‍ഫാന്‍ പറയുന്നു. ജിതേഷ് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ വിക്കറ്റ് കീപ്പര്‍മാരായി പരിഗണിക്കണമെന്നും സഞ്ജു വേണ്ടെന്നുമാണ് ഇര്‍ഫാന്റെ അഭിപ്രായം. ഇതിന് പിന്നാലെ വലിയ ട്രോളാണ് ഇര്‍ഫാനെതിരേ ഉയരുന്നത്.
'ജിതേഷ് ശര്‍മയാണ് സമീപകാലത്തായി കൂടുതലായും ഇന്ത്യന്‍ ടി20 ടീമിന്റെ കീപ്പറാവുന്നത്. എന്നാല്‍ ഇപ്പോള്‍ റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുകയാണ്. പന്ത് വളരെ അത്ഭുത ശേഷിയുള്ള ക്രിക്കറ്റ് താരമാണ്. ഏത് സാഹചര്യത്തില്‍ നിന്നും മത്സരത്തെ തിരിക്കാന്‍ കഴിവുള്ളവനാണ് റിഷഭ്. എന്നാല്‍ വലിയ ഇടവേളക്ക് ശേഷമാണ് അവന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തേണ്ടത്. 14 മത്സരത്തിലെ അവന്റെ പ്രകടനങ്ങള്‍ എങ്ങനെയാവുമെന്നത് നോക്കി തീരുമാനമെടുക്കാം.
അവന്റെ ഫിറ്റ്‌നസിനനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്. അവന് ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള സമ്മര്‍ദ്ദം നല്‍കാതെ ആസ്വദിച്ച് കളിക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യേണ്ടത്' ഇര്‍ഫാന്‍ പറഞ്ഞു. കെ എല്‍ രാഹുല്‍ ഇത്തവണയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഓപ്പണറായാണ് കളിക്കുന്നത്. എന്നാല്‍ മധ്യനിരയില്‍ കളിച്ചാല്‍ രാഹുലിന് ലോകകപ്പ് കളിക്കാനായേക്കുമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

' കെ എല്‍ രാഹുല്‍ മധ്യനിരയില്‍ കളിക്കുകയും ഫോം നിലനിര്‍ത്തുകയും ചെയ്താല്‍ അവന് ലോകകപ്പ് കളിക്കാനായേക്കും. സാങ്കേതികമായി വളരെ മികവുള്ളവനാണ് രാഹുലെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. സഞ്ജു സാംസണ്‍ ടി20 ലോകകപ്പ് ടീമില്‍ വേണ്ടെന്ന് പറഞ്ഞ ഇര്‍ഫാന്‍ അതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുന്നു. 'ദൗര്‍ഭാഗ്യവശാല്‍ സഞ്ജു സാംസണെ ഞാന്‍ ഒഴിവാക്കിയിരിക്കുകയാണ്. കാരണം സഞ്ജു ഐപിഎല്ലില്‍ ബാറ്റുചെയ്യുന്നത് മധ്യനിരയില്ല, ടോപ് ഓഡറിലാണ്.
ഇന്ത്യന്‍ ടീമില്‍ ടോപ് ഓഡറില്‍ നിരവധി താരങ്ങളുണ്ട്. രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരെല്ലാം ടോപ് ഓഡറില്‍ കളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സഞ്ജു സാംസണിന് അവസരമില്ല' ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജു സാംസണിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതിന് കാരണം ഇര്‍ഫാന്‍ വിലയിരുത്തിയത് തന്നെയാണ്. ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ സ്ഥിരതയും പ്രശ്‌നമാണ്.
ഇന്ത്യക്കൊപ്പം ടി20 കളിച്ചപ്പോഴൊന്നും സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. കൂടാതെ താരത്തിന്റെ ഐപിഎല്ലിലെ പ്രകടനങ്ങളിലും സ്ഥിരത പ്രശ്‌നമാണ്. ഇത് വിലയിരുത്തുമ്പോള്‍ സഞ്ജു ടി20 ലോകകപ്പിലേക്കെത്താന്‍ സാധ്യത കുറവാണെന്ന് പറയാം. ജിതേഷ് ശര്‍മയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചെങ്കിലും താരം ഫ്‌ളോപ്പാണ്. ഈ സീസണില്‍ പ്രതീക്ഷിച്ച നിലവാരമില്ല. രാഹുല്‍ ബാറ്റിങ്ങില്‍ ഫ്‌ളോപ്പാണ്. അതുകൊണ്ടുതന്നെ പരിഗണിക്കപ്പെട്ടേക്കില്ല.
എല്ലാവരേയും ഞെട്ടിച്ച് റിഷഭ് മടങ്ങിവരവ് നടത്താന്‍ സാധ്യതയുണ്ട്. സിഎസ്‌കെയ്‌ക്കെതിരേ റിഷഭ് ഫിഫ്റ്റിയും നേടിയിരുന്നു. ദ്രുവ് ജുറേലിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രാജസ്ഥാനൊപ്പം ഫിനിഷര്‍ റോളില്‍ ജുറേല്‍ കസറുന്നുണ്ട്. അതുകൊണ്ടുതന്നെ യുവതാരത്തെ പരിഗണിച്ചേക്കും.