ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിനോടകം പല ടീമുകളുടേയും പരിശീലക ക്യാംപ് ആരംഭിച്ച് കഴിഞ്ഞു. 17ാം സീസണിന് ശേഷം മെഗാ താരലേലം കാത്തിരിക്കുന്നതിനാല്‍ ഇത്തവണ കപ്പിലേക്കെത്തേണ്ടത് പല ടീമുകള്‍ക്കും അഭിമാന പ്രശ്‌നമാണ്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ ടീമുകള്‍ നിലവില്‍ അഞ്ച് കിരീടം വീതം നേടി തുല്യത പുലര്‍ത്തുന്നു. ആറാം കിരീടത്തോടെ ഇവരിലൊരു ടീം മുന്നിലെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ഓള്‍ടൈം ബെസ്റ്റ് ഐപിഎല്‍ ടീമിനെ 70 അംഗ മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്. 16 പേരടങ്ങുന്ന ടീമില്‍ പ്രധാനപ്പെട്ട ഒട്ടുമിക്ക താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മക്കും സഞ്ജു സാംസണിനും ഇടമില്ല. ആരൊക്കെയാണ് ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് നോക്കാം. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ വിരാട് കോലി ടീമിലുണ്ട്. ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണറേയും ക്രിസ് ഗെയ്‌ലിനേയുമാണ് പരിഗണിക്കുന്നത്.
രണ്ട് പേരും ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ള രോഹിത്തിനെ തഴഞ്ഞുവെന്നതാണ് ശ്രദ്ധേയം. മൂന്നാം നമ്പറിലെ വിശ്വസ്തന്‍ സുരേഷ് റെയ്‌നയും ഈ ടീമിലുണ്ട്. സിഎസ്‌കെയ്‌ക്കൊപ്പം മൂന്നാം നമ്പറില്‍ അതുല്യ റെക്കോഡുകള്‍ നേടിയ താരമാണ് റെയ്‌ന. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായി കസറിയ എബി ഡിവില്ലിയേഴ്‌സും ടീമിലുണ്ട്. ഡല്‍ഹിക്കൊപ്പം ഐപിഎല്‍ തുടങ്ങി ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കൊപ്പം സ്വപ്‌ന തുല്യമായ കരിയര്‍ നേടിയാണ് വിരമിച്ചത്.
ഡിവില്ലിയേഴ്‌സിന് ശേഷം ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി കസറുന്ന സൂര്യകുമാര്‍ യാദവും ഈ ടീമിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിനിഷറായി ഒതുങ്ങിയ സൂര്യ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയ ശേഷമാണ് സൂപ്പര്‍ താരമായി മാറുന്നത്. ഇപ്പോള്‍ ടി20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യകുമാര്‍. നായകനായി എംഎസ് ധോണിയാണുള്ളത്. സിഎസ്‌കെയുടെ മധ്യനിരയിലെ വിശ്വസ്തനായ ധോണി അഞ്ച് കിരീടത്തിലേക്ക് ടീമിനെ നയിച്ചു.

അവസാന സീസണിലും സിഎസ്‌കെയെ കപ്പിലേക്കെത്തിക്കാന്‍ ധോണിക്കായി. വരുന്ന സീസണിലും സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുണ്ട്. വരുന്ന സീസണോടെ ധോണി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക് വരുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടറായി കീറോണ്‍ പൊള്ളാര്‍ഡുമുണ്ട്.
മുംബൈ ഇന്ത്യന്‍സിനൊപ്പം ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് പൊള്ളാര്‍ഡ്. ഇപ്പോള്‍ മുംബൈയുടെ പരിശീലക സംഘത്തിലുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍ എന്നിവരാണുള്ളത്. ഇവരെല്ലാം ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ കസറുന്നവരാണ്. അവസാന സീസണില്‍ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ചത് ജഡേജയുടെ ബാറ്റിങ് മികവാണ്.
സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാല്‍ ഇടം പിടിച്ചു. ഐപിഎല്ലില്‍ മികച്ച റെക്കോഡ് ചഹാലിന് അവകാശപ്പെടാം. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ചഹാലുള്ളത്. പേസ് നിരയില്‍ രണ്ട് പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ രണ്ട് പേരും മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ്. ലസിത് മലിംഗയും ജസ്പ്രീത് ബുംറയുമാണ് ഈ താരങ്ങള്‍. സിഎസ്‌കെയ്‌ക്കൊപ്പം ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ച ഡ്വെയ്ന്‍ ബ്രാവോയെ പരിഗണിച്ചില്ലെന്നതാണ് കൗതുകകരമായ കാര്യം.
ഈ ടീമിന്റെ പരിശീലകനായി സിഎസ്‌കെ കോച്ചും മുന്‍ ന്യൂസീലന്‍ഡ് നായകനുമായ സ്റ്റീഫന്‍ ഫ്‌ളമിങ്ങിനെയാണ് പരിഗണിച്ചിരിക്കുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം ഏറെ നാളായി പ്രവര്‍ത്തിക്കുന്ന പരിശീലകനാണ് ഫ്‌ളമിങ്.
ഓള്‍ടൈം ബെസ്റ്റ് ടീം- വിരാട് കോലി, ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗെയ്ല്‍, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, സൂര്യകുമാര്‍ യാദവ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ്, യുസ് വേന്ദ്ര ചഹാല്‍, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ.