മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. ശക്തമായ ടീം കരുത്തുണ്ടായിട്ടും ഇത്തവണ മുംബൈക്ക് തൊട്ടതെല്ലാം പിഴച്ചു. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുതല്‍ മുംബൈ ടീമിനുള്ളില്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ് ടീമിനെ പിന്നോട്ടടിച്ചതെന്ന് പറയാം. നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ അംഗീകരിക്കാന്‍ സഹ താരങ്ങള്‍ തയ്യാറാവുന്നില്ല.
ഇതാണ് പല മത്സരത്തിലും ടീമിന്റെ തോല്‍വിക്ക് കാരണമായത്. നായകനെന്ന നിലയില്‍ ടീമിനുള്ളില്‍ ഹാര്‍ദിക് ഒറ്റപ്പെട്ടു. ഇതോടെ താരം സമ്മര്‍ദ്ദത്തിലാവുകയും പ്രകടനം മോശമാവുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ സ്വന്തം തട്ടകത്തില്‍ 24 റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 169 റണ്‍സില്‍ ഒതുക്കാന്‍ മുംബൈക്കായെങ്കിലും മറുപടിക്കിറങ്ങിയപ്പോള്‍ 18.5 ഓവറില്‍ 145 റണ്‍സില്‍ ടീം കൂടാരം കയറി.
11 മത്സരത്തില്‍ നിന്ന് എട്ടാം തോല്‍വി ഏറ്റുവാങ്ങിയ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. ഇപ്പോഴിതാ കെകെആറിനെതിരായ തോല്‍വിക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെ കടന്നാക്രമിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍. ഹാര്‍ദിക്കിന് ടീമിനുള്ളില്‍ പുല്ല് വിലയാണെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. നായകനെന്ന നിലയില്‍ ഹാര്‍ദിക് പറയുന്നത് ആരും അംഗീകരിക്കുന്നില്ലെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടുന്നു.
'മുംബൈ ഇന്ത്യന്‍സിന്റെ കഥ ഇവിടെ അവസാനിച്ചു. പേപ്പറില്‍ അതി ശക്തരായ ടീമായിരുന്നു മുംബൈ. എന്നാല്‍ അതിനെ നന്നായി ഉപയോഗിക്കാനായില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. കെകെആര്‍ 57ന് 5 എന്ന നിലയില്‍ തകര്‍ന്ന ശേഷം നമാന്‍ ധിറിന് ഓവര്‍ നല്‍കാന്‍ പാടില്ലായിരുന്നു. ആ സമയത്തം പ്രധാന ബൗളര്‍മാരെ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ ടീമിലെ ആറാം ബൗളര്‍ക്ക് തുടര്‍ച്ചയായി ഓവറുകള്‍ നല്‍കി.

മനീഷ് പാണ്ഡെയും വെങ്കടേഷ് അയ്യരും ശക്തമായ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 150 റണ്‍സിനുള്ളില്‍ കെകെആറിനെ ഒതുക്കാമായിരുന്നു. എന്നാല്‍ 170 റണ്‍സിലേക്ക് അവര്‍ എത്തി. മോശം ക്യാപ്റ്റന്‍സി മത്സരത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിച്ചു. മുംബൈ ഒത്തിണക്കമുള്ള ടീമായല്ല കരുതുന്നത്. മാനേജ്‌മെന്റ് ഇക്കാര്യം പരിഗണിക്കണമായിരുന്നു. താരങ്ങള്‍ നായകനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ഇത് മുംബൈ ടീമിനുള്ളില്‍ കാണാനാവുന്നില്ല.
ഇതാണ് മുംബൈ ശ്രദ്ധിക്കേണ്ടിയിരുന്നത്' ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയത് മുതല്‍ മുംബൈ ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ടീം മാനേജ്‌മെന്റിന്റെ സര്‍പ്രൈസ് നീക്കം രോഹിത്തിനോട് വേണ്ടത്ര ആലോചനകളില്ലാതെയായിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിന് ഈ തീരുമാനത്തോട് അതൃപ്തിയുണ്ടായിരുന്നു. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനായിട്ടും രോഹിത്തിനോട് നീതികാട്ടിയില്ല.
ഹാര്‍ദിക്കിനെ നായകനെന്ന നിലയില്‍ സഹതാരങ്ങള്‍ അംഗീകരിച്ചില്ല. ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും ഹാര്‍ദിക്കിനെ നായകനാക്കിയ തീരുമാനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. യുവതാരങ്ങളും രോഹിത്തിനൊപ്പം നിന്നു. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് ആരാധകര്‍ക്കും ഇഷ്ടമായില്ല. മുംബൈയുടെ തട്ടകത്തില്‍ പോലും ഹാര്‍ദിക്കിനെതിരേ ആരാധകര്‍ കൂവി. ഇതെല്ലാം താരത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.
മുംബൈയുടെ യുവതാരം തിലക് വര്‍മയുമായി ഹാര്‍ദിക് വാക്കേറ്റം നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കെകെആറിനെതിരായ തോല്‍വിക്ക് ശേഷം ഹാര്‍ദിക് ഒറ്റപ്പെട്ട് ഡഗൗട്ടിലിരിക്കുന്ന വീഡിയോയുണ്ടായിരുന്നു. ഹാര്‍ദിക്കിനെ പ്രതിസന്ധിയില്‍ ആരും പിന്തുണക്കുന്നില്ല. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന് അവസരത്തിനൊത്ത് ഉയരാനായിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ദുരന്തമായി. ഇതും മുംബൈയെ പിന്നോട്ടടിച്ച പ്രധാന കാരണമായി.