മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്. എല്ലാത്തവണയും ഐപിഎല്‍ നടക്കുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് മുംബൈ ഇന്ത്യന്‍സ്-സിഎസ്‌കെ പോരാട്ടത്തിലേക്കാണ്. എന്നാല്‍ ഇത്തവണ ആരാധകര്‍ കാത്തിരിക്കുന്നത് മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനായാണ്.
അതിന് കാരണം ഹാര്‍ദിക് പാണ്ഡ്യയാണ്. അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കുകയും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചാണ് അദ്ദേഹം മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുകയും നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തത്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് നീക്കിയതോടെ ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പ് മുംബൈ ടീമിനെതിരേ ഉണ്ടായി.
ഹാര്‍ദിക് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും ടീം മാനേജ്‌മെന്റ് സ്വപ്‌നം കാണുന്നില്ല. 2020 മുതല്‍ ടീമിന്റെ പ്രകടനഗ്രാഫ് താഴോട്ടാണ്. അതുകൊണ്ടുതന്നെ മുംബൈ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് ഹാര്‍ദിക് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒന്നാമത്തെ കാര്യം രോഹിത് ശര്‍മയെ ഓപ്പണര്‍ റോളില്‍ നിന്ന് മാറ്റിയേക്കുമെന്നതാണ്. അഫ്ഗാനെതിരേ സെഞ്ച്വറി പ്രകടനമടക്കം രോഹിത് നടത്തിയിട്ടുണ്ട്.
എന്നാല്‍ പവര്‍പ്ലേയില്‍ കടന്നാക്രമിക്കാന്‍ കഴിഞ്ഞ സീസണുകളിലൊന്നും രോഹിത്തിന് സാധിച്ചിട്ടില്ല. കൂടാതെ രോഹിത്തിന്റെ സ്ഥിരതയും പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്കിറക്കി ഇഷാന്‍ കിഷനൊപ്പം ഡെവാള്‍ഡ് ബ്രെവിസിനെ ഓപ്പണറക്കാന്‍ മുംബൈയില്‍ നീക്കം നടക്കുന്നുണ്ട്. രോഹിത് ഫോമിലേക്കെത്തിയാല്‍ അവസാനം വരെ നിന്ന് സ്‌കോര്‍ ഉയര്‍ത്തുന്ന താരമാണ്. എന്നാല്‍ പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് നടത്തുന്നത് ടീം സ്‌കോറിനെ കാര്യമായി ബാധിക്കും.

ബ്രെവിസ് ഭയമില്ലാതെ തുടക്കം മുതല്‍ കടന്നാക്രമിക്കുന്നവനാണ്. അതുകൊണ്ടുതന്നെ ഇഷാനൊപ്പം ഓപ്പണിങ്ങിലേക്കെത്തിച്ചാല്‍ ടീമിനത് നേട്ടമുണ്ടാക്കുമെന്നാണ് ഇപ്പോള്‍ മുംബൈ കണക്കുകൂട്ടുന്നത്. നേരത്തെ മുംബൈയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഫിനിഷര്‍ റോളിലായിരുന്നു ഹാര്‍ദിക് കളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫിനിഷര്‍ റോളില്‍ കളിക്കാന്‍ ഹാര്‍ദിക് ഇപ്പോള്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. തന്റെ ഇഷ്ട ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറാണെന്ന് ഹാര്‍ദിക് തുറന്ന് പറഞ്ഞിരുന്നു.
കൂടാതെ ഗുജറാത്തില്‍ മൂന്നും നാലും നമ്പറുകള്‍ കൂടുതല്‍ ബാറ്റുചെയ്യാന്‍ ഹാര്‍ദിക് ശ്രമിച്ചിരുന്നു. മുംബൈയിലും ഹാര്‍ദിക് ഫിനിഷര്‍ റോളില്‍ കളിക്കില്ലെന്നാണ് വിവരം. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് ബാറ്റു ചെയ്യുമ്പോള്‍ തിലക് വര്‍മയേയും ടിം ഡേവിഡിനേയും ഫിനിഷര്‍ റോളിലേക്കെത്തിക്കാനാണ് മുംബൈ തയ്യാറെടുക്കുന്നത്. ഇത്തരമൊരു മാറ്റം മുംബൈക്ക് ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. മുംബൈ ബൗളിങ് കരുത്തുയര്‍ത്തിയിട്ടുണ്ട്.
ജോഫ്രാ ആര്‍ച്ചറെ ഒഴിവാക്കിയപ്പോള്‍ ദില്‍ഷന്‍ മധുശന്‍ക, നുവാന്‍ തുഷാര എന്നിവരെ ടീമിലേക്കെത്തിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറക്കൊപ്പം ഇവര്‍ കൂടി ചേരുമ്പോള്‍ എതിര്‍ ടീം വിറക്കുമെന്നുറപ്പ്. മുംബൈക്ക് ശക്തമായ ബാറ്റിങ്ങും ബൗളിങ്ങും ഇത്തവണയുണ്ട്. കപ്പടിക്കാന്‍ ഭാഗ്യം കൂടി തുണക്കേണ്ടതായുണ്ട്. ഹാര്‍ദിക്കിന്റേയും സംഘത്തിന്റേയും ഉദ്ഘാടന മത്സരം ഗുജറാത്തിനെതിരേയാണ്. അതും അഹമ്മദാബാദില്‍. വലിയ വെല്ലുവിളിയെ ടീം എങ്ങനെ മറികടക്കുമെന്നത് കണ്ടറിയാം.
രോഹിത് ശര്‍മ മുംബൈയോടൊപ്പമുള്ള അവസാന സീസണായിരിക്കും ഇതെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയത് അദ്ദേഹത്തോട് ചോദിക്കാതെയാണെന്ന തരത്തിലാണ് രോഹിത്തിന്റെ ഭാഗ്യ റിധിക പ്രതികരിച്ചത്. മുംബൈയെ അഞ്ച് തവണ കപ്പിലേക്കെത്തിച്ച നായകനാണ് രോഹിത്. എന്നിട്ടും അര്‍ഹിച്ച രീതിയിലുള്ള പരിഗണന ലഭിച്ചില്ല. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ നിരവധി ആരാധകര്‍ ടീമിനെ അണ്‍ഫോളോ ചെയ്തിരുന്നു. ഇത്തവണ കപ്പടിക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ വിമര്‍ശനം മുംബൈക്ക് നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.