മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ അവസാന മത്സരത്തില്‍ തോറ്റ് മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 18 റണ്‍സിനാണ് ആതിഥേയരായ മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 6 വിക്കറ്റിന് 214 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 6 വിക്കറ്റിന് 196 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. രോഹിത് ശര്‍മയും (68) നമാന്‍ ദിറും (62*) പൊരുതി നോക്കിയെങ്കിലും മുംബൈയെ ജയിപ്പിക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം മികച്ചതായിരുന്നില്ല. ക്വിന്റന്‍ ഡീകോക്കിന് പകരം ഓപ്പണറായെത്തിയ ദേവ്ദത്ത് പടിക്കല്‍ ഗോള്‍ഡന്‍ ഡെക്കായി ആദ്യ ഓവറില്‍ത്തന്നെ മടങ്ങി. സീസണില്‍ മോശം ഫോമിലായിരുന്ന ദേവ്ദത്ത് പടിക്കല്‍ ഇടവേളക്ക് ശേഷമാണ് പ്ലേയിങ് 11ലേക്കെത്തിയത്. എന്നാല്‍ നുവാന്‍ തുഷാരയുടെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങി മടങ്ങി. കെ എല്‍ രാഹുല്‍ പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് ബാറ്റിങ് തുടര്‍ന്നു.
മൂന്നാം നമ്പറില്‍ മാര്‍ക്കസ് സ്റ്റോയിണിസ് പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിച്ചു. 22 പന്തില്‍ 5 ഫോറടക്കം 28 റണ്‍സോടെ സ്‌റ്റോയിണിസ് പ്രതീക്ഷ നല്‍കി. എന്നാല്‍ പീയൂഷ് ചൗള കിടിലന്‍ പന്തില്‍ സ്റ്റോയിണിസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ദീപക് ഹൂഡക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 9 പന്തില്‍ 1 ഫോറടക്കം 11 റണ്‍സ് നേടിയ ഹൂഡയെ ചൗള മടക്കി. നിഹാല്‍ വദേരയുടെ ഗംഭീര ക്യാച്ചിലാണ് ഹൂഡയുടെ മടക്കം. എന്നാല്‍ പിന്നീട് ഒത്തുകൂടിയ രാഹുലും നിക്കോളാസ് പുരാനും ചേര്‍ന്ന് റണ്‍സുയര്‍ത്തി.
പുരാന്‍ കടന്നാക്രമിച്ചതോടെ അതിവേഗം സ്‌കോര്‍ ഉയര്‍ന്നു. 29 പന്തില്‍ 5 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 75 റണ്‍സോടെയാണ് പുരാന്‍ പുറത്തായത്. നുവാന്‍ തുഷാരക്കാണ് വിക്കറ്റ്. അര്‍ഷാദ് ഖാനെ തുഷാര ഗോള്‍ഡന്‍ ഡെക്കാക്കി. 41 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 55 റണ്‍സെടുത്ത രാഹുലിനെ പീയൂഷ് ചൗളയും മടക്കിയതോടെ ടീം ഹാട്രിക് മുംബൈ നേടി.
ആയുഷ് ബദോനി (10 പന്തില്‍ 22*) ക്രുണാല്‍ പാണ്ഡ്യ (7 പന്തില്‍ 12*) എന്നിവര്‍ ഡെത്തോവറില്‍ തകര്‍ത്തടിച്ചതോടെ 6ന് 214 എന്ന മികച്ച ടോട്ടലിലേക്കെത്താന്‍ ലഖ്‌നൗവിനായി. മുംബൈക്കായി നുവാന്‍ തുഷാരയും പീയൂഷ് ചൗളയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടു.

മറുപടിക്കിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസുമാണ് ഓപ്പണര്‍മാരായത്. 3.5 ഓവറില്‍ മുംബൈ വിക്കറ്റ് പോവാതെ 33 റണ്‍സില്‍ നില്‍ക്കവെ ശക്തമായി മഴ പെയ്തതോടെ മത്സരം തടസപ്പെട്ടു. രോഹിത് ശര്‍മ 13 പന്തില്‍ 20 റണ്‍സും ബ്രെവിസ് 10 പന്തില്‍ 9 റണ്‍സും നേടി നില്‍ക്കവെയാണ് മഴയെത്തിയത്. എന്നാല്‍ മഴ തോര്‍ന്നതോടെ മത്സരം പുനരാരംഭിച്ചു. ഒന്നാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടുകെട്ടാണ് രോഹിത്തും ബ്രവിസും ചേര്‍ന്ന് നേടിയത്.
20 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 23 റണ്‍സെടുത്ത ബ്രെവിസിനെ നവീന്‍ ഉല്‍ ഹഖ് പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് മുംബൈ കൂട്ടത്തകര്‍ച്ചയിലേക്ക് പോയി. സൂര്യകുമാര്‍ യാദവിനെ ക്രുണാല്‍ പാണ്ഡ്യ ഡെക്കിന് പുറത്താക്കി. 38 പന്തില്‍ 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 68 റണ്‍സ് നേടിയ രോഹിത് ശര്‍മയെ രവി ബിഷ്‌നോയിയും മടക്കിയതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി. മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വീണ്ടും നിരാശപ്പെടുത്തി.
13 പന്തില്‍ ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 16 റണ്‍സ് നേടിയ ഹാര്‍ദിക്കിനെ മൊഹ്‌സിന്‍ ഖാന്‍ മടക്കിയയച്ചു. നിഹാല്‍ വദേരക്കും (1) രക്ഷകനാവാനായില്ല. ബിഷ്‌നോയിയാണ് നിഹാലിനെ പുറത്താക്കിയത്. ഇഷാന്‍ കിഷന്‍ (14) നവീന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായി. ഒരുവശത്ത് നമാന്‍ ധിര്‍ 28 പന്തില്‍ 4 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 62 റണ്‍സോടെ പുറത്താവാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല.
പ്ലേയിങ് 11- ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- കെ എല്‍ രാഹുല്‍ (c,wc), ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിണിസ്, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, അര്‍ഷാദ് ഖാന്‍, മാറ്റ് ഹെന്റി, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍
മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (wc), നമാന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, ഡെവാള്‍ഡ് ബ്രെവിസ്, ഹാര്‍ദിക് പാണ്ഡ്യ (c), നിഹാല്‍ വദേര, റൊമാരിയോ ഷിഫേര്‍ഡ്, അന്‍ഷുല്‍ കാംബോജ്, പീയൂഷ് ചൗള, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, നുവാന്‍ തുഷാര