Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: നാണംകെട്ട് ജിടി, 67 പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹിക്ക് ജയം; റിഷഭാണ് ഹീറോ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 32ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. 6 വിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് പുറത്തായപ്പോള്‍ 67 പന്ത് ബാക്കി നിര്‍ത്തിയാണ് ഡല്‍ഹി അനായാസം ജയിച്ചു കയറിയത്. മുകേഷ് കുമാര്‍ ഡല്‍ഹിക്കായി മൂന്ന് വിക്കറ്റുമായി തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് തൊട്ടതെല്ലാം പിഴച്ചു. പരിക്കിന് ശേഷം തിരിച്ചെത്തിയ വൃദ്ധിമാന്‍ സാഹ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടപ്പോള്‍ ശുബ്മാന്‍ ഗില്‍ അടിച്ചു കളിക്കാന്‍ നിര്‍ബന്ധിതനായി. ഇഷാന്ത് ശര്‍മയെ ബൗണ്ടറി പറത്താനുള്ള ഗില്ലിന്റെ ശ്രമം പാളിയപ്പോള്‍ പൃഥ്വി ഷായുടെ കൈയില്‍ അവസാനിച്ചു. 6 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 8 റണ്‍സാണ് ഗില്ലിന് നേടാനായത്. പിന്നാലെ സാഹയും പുറത്തായി.

10 പന്ത് നേരിട്ട് 2 റണ്‍സെടുത്ത സാഹയെ മുകേഷ് കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ പതിയെ സ്‌കോര്‍ബോര്‍ഡുയര്‍ത്താന്‍ ശ്രമിച്ചു. 9 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സെടുത്ത സുദര്‍ശന്‍ സുമിത് കുമാറിന്റെ തകര്‍പ്പന്‍ ത്രോയില്‍ റണ്ണൗട്ടായി.

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഡേവിഡ് മില്ലര്‍ക്കും തിളങ്ങാനായില്ല. 6 പന്തില്‍ 2 റണ്‍സെടുത്ത മില്ലറെ ഇഷാന്ത് ശര്‍മ മടക്കി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് മില്ലറുടെ മടക്കം.

ഇതോടെ 5 ഓവറില്‍ 30 റണ്‍സിന് 4 എന്ന നിലയിലേക്ക് ഗുജറാത്ത് തകര്‍ന്നു. മധ്യനിരയില്‍ അഭിനവ് മനോഹര്‍ക്കും തിളങ്ങാനായില്ല. 14 പന്ത് നേരിട്ട് 1 ഫോറുള്‍പ്പെടെ 8 റണ്‍സാണ് അഭിനവ് നേടിയത്. ട്രസ്റ്റന്‍ സ്റ്റബ്‌സിന്റെ പന്തില്‍ റിഷഭ് സ്റ്റംപ് ചെയ്താണ് അഭിനവിനെ പുറത്താക്കിയത്.

ഇംപാക്ട് പ്ലയറായി ഇറങ്ങിയ ഷാരൂഖ് ഖാന്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. സ്റ്റബ്‌സിന്റെ ലെഗ് സൈഡിലെത്തിയ പന്തില്‍ ഷാരൂഖിന്റെ അടി തെറ്റിയപ്പോള്‍ റിഷഭ് സ്റ്റംപ് ചെയ്ത് മടക്കി.

പതിയെ തുടങ്ങി കടന്നാക്രമിക്കാന്‍ പദ്ധതിയിട്ട രാഹുല്‍ തെവാത്തിയയെ (15 പന്തില്‍ 10) അക്ഷര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. താരം റിവ്യൂ ചെയ്‌തെങ്കിലും ഔട്ട് വിളിക്കുകയായിരുന്നു.

14 പന്ത് നേരിട്ട് 2 റണ്‍സെടുത്ത മോഹിത് ശര്‍മയെ ഖലീല്‍ അഹമ്മദ് മടക്കി. പ്രതീക്ഷ നല്‍കിയ റാഷിദ് ഖാന്‍ 24 പന്തില്‍ 31 റണ്‍സുമായി മടങ്ങി. 2 ഫോറും 1 സിക്‌സും നേടിയാണ് താരം പുറത്തായത്.

gt vs dc

മുകേഷ് കുമാറിനാണ് വിക്കറ്റ്. നൂര്‍ അഹമ്മദിനെ മുകേഷ് ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ 17.3 ഓവറില്‍ 89 റണ്‍സിന് ഗുജറാത്ത് ഓള്‍ഔട്ടായി. ഡല്‍ഹിക്കായി ഖലീല്‍ മൂന്നും ഇഷാന്തും സ്റ്റബ്‌സും രണ്ടും അക്ഷര്‍, ഖലീല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഡല്‍ഹി അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 10 പന്തില്‍ 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 20 റണ്‍സെടുത്ത ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിനെ സ്‌പെന്‍സര്‍ ജോണ്‍സണ്‍ മടക്കി. പൃഥ്വി ഷായ്ക്ക് വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. 6 പന്തില്‍ 1 ഫോറടക്കം 7 റണ്‍സെടുത്ത പൃഥ്വിയെ സന്ദീപ് വാര്യരാണ് പുറത്താക്കിയത്. 7 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 15 റണ്‍സുമായി കത്തിക്കയറാനൊരുങ്ങിയ അഭിഷേക് പോറലിനെ സന്ദീപ് വാര്യര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

10 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 19 റണ്‍സെടുത്ത ഷായ് ഹോപ്പിനെ റാഷിദ് ഖാനും മടക്കി. എന്നാല്‍ റിഷഭ് പന്തും (16) സുമിത് കുമാറും (9) ചേര്‍ന്ന് ഡല്‍ഹിയെ വിജയത്തിലേക്കെത്തിച്ചു.

പ്ലേയിങ് 11: ഡല്‍ഹി ക്യാപിറ്റല്‍സ്- പൃഥ്വി ഷാ, സുമിത് കുമാര്‍, ജേക്ക് ഫ്രേസര്‍ മഗ്യൂര്‍ക്ക്, റിഷഭ് പന്ത് (c,wc), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഷായ് ഹോപ്പ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്

ഗുജറാത്ത് ടൈറ്റന്‍സ്- വൃദ്ധിമാന്‍ സാഹ (wc), സായ് സുദര്‍ശന്‍, ശുബ്മാന്‍ ഗില്‍ (c), ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, സന്ദീപ് വാര്യര്‍

Story first published: Wednesday, April 17, 2024, 16:03 [IST]
Other articles published on Apr 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+