ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. 42ാം വയസ്സിലും കളി തുടരുന്ന അദ്ദേഹം വീണ്ടുമൊരു സീസണില്‍ സിഎസ്‌കെയെ നയിക്കാന്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ തവണ ധോണിക്കു കീഴില്‍ സിഎസ്‌കെ അഞ്ചാം ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയിരുന്നു. അതിനിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഒരു കടുത്ത ആരാധകനു ധോണി നല്‍കിയ മറുപടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.
16 വര്‍ഷത്തെ വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഐപിഎല്ലില്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഒരു ട്രോഫിയെങ്കിലും നേടാന്‍ ആര്‍സിബിയെ പിന്തുണയ്ക്കാമോയെന്നായിരുന്നു ആരാധകന്‍ ധോണിയോടു ചോദിച്ചത്.

ഞാന്‍ കടുത്ത ആര്‍സിബി ഫാനാണ്. കഴിഞ്ഞ 16 വര്‍ഷമായി അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം അഞ്ചു ട്രോഫികള്‍ നേടിക്കഴിഞ്ഞു. നിങ്ങള്‍ ആര്‍സിബിയെ പിന്തുണയ്ക്കണമെന്നും ഒരു ട്രോഫി നേടാന്‍ സഹായിക്കണമെന്നുമായിരുന്നു ആരാധകന്‍ ആവശ്യപ്പെട്ടത്. ഇതിനു ധോണി നല്‍കിയ മറുപടിയാണ് വൈറലായത്.
ആര്‍സിബി വളരെ മികച്ച ടീമാണ്. പക്ഷെ ക്രിക്കറ്റില്‍ എല്ലാ കാര്യങ്ങളും നമ്മള്‍ പ്ലാന്‍ ചെയ്യുന്നതു പോലെ തന്നെ നടക്കണമെന്നില്ലെന്നും ധോണി പറഞ്ഞു. ഐപിഎഎല്ലിനെക്കുറിച്ച് പറയുകയാണെങ്കില്‍ ടൂര്‍ണമെന്റിലെ പത്തു ടീമുകളും അവരുടെ മുഴുവന്‍ താരങ്ങളെയും ലഭിക്കുകയാണെങ്കില്‍ വളരെ ശക്തരാണ്.
ചില കളിക്കാരെ ടീമുകള്‍ മിസ് ചെയ്യുമ്പോഴാണ് പ്രശ്‌നം ആരംഭിക്കുന്നത്. പരിക്ക് പോലെയുള്ള കാരണങ്ങള്‍ കൊണ്ടായിരിക്കാം ഇത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മികച്ച ടീം തന്നെയാണ്. ഐപിഎല്ലില്‍ എല്ലാ ടീമുകള്‍ക്കും അവസരമുണ്ട്. ഇപ്പോള്‍ തന്നെ സ്വന്തം ടീമിനെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ എന്നെ അലട്ടുന്നുണ്ട്.
എല്ലാ ടീമുകള്‍ക്കും ഞാന്‍ ആശംസകള്‍ നേരുകയാണ്. ഇതിനേക്കാള്‍ കൂടുതലായി എനിക്കൊന്നും പറയാന്‍ സാധിക്കില്ല. ഞാന്‍ മറ്റൊരു ടീമിനെ പിന്തുണയ്‌ക്കുകയോ, ഏതെങ്കിലും രീതിയില്‍ സഹായിക്കുകയോ ചെയ്താല്‍ ഞങ്ങളുടെ ആരാധകര്‍ക്കു എങ്ങനെയായിരിക്കും അതു ഫീല്‍ ചെയ്യുകയെന്നും ധോണി ചോദിച്ചപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ ഇതിനെ സ്വീകരിച്ചത്.

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് ആര്‍സിബി. പല സീസണുകളിലും ശക്തമായ താരനിരയുണ്ടായിട്ടും അവര്‍ക്കു ഒരിക്കല്‍പ്പോലും കപ്പുയര്‍ത്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല. മൂന്നു തവണ ഐപിഎല്‍ കിരീടത്തിനു തൊട്ടരികെ വരെ ആര്‍സിബി എത്തിയിരുന്നെങ്കിലും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 2009, 2011, 2016 സീസണുകളിലായിരുന്നു ഇത്. ബാക്കിയുള്ള സീസണുകളിലെല്ലാം ലീഗ് ഘട്ടത്തിലും പ്ലേഓഫിലുമെല്ലാം ആര്‍സി പുറത്താവുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു പ്ലേഓഫില്‍ പോലും കടക്കാനായിരുന്നില്ല. ലീഗ് ഘട്ടത്തില്‍ തന്നെ അവരുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 10 ടീമുകളുടെ ടൂര്‍ണമെന്റില്‍ ആറാംസ്ഥാനത്താണ് ആര്‍സിബി ഫിനിഷ് ചെയ്തത്. എന്നാല്‍ 2020, 21 സീസണുകളില്‍ ആര്‍സിബി പ്ലേഓഫില്‍ കടന്നിരുന്നു. 2020ല്‍ നാലാമതും 2021ല്‍ മൂന്നാമതുമാണ് ആര്‍സിബി ഫിനിഷ് ചെയ്തത്.
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങള്‍ പുതിയ സീസണിലും ആര്‍സിബിക്കൊപ്പമുണ്ട്. സൗത്താഫ്രിക്കയുടെ സൂപ്പര്‍ താരമായ ഫഫ് ഡുപ്ലെസി നയിക്കുന്ന ടീമില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലുമുണ്ട്. പക്ഷെ ബൗളിങ് നിര അത്ര മികച്ചതല്ല എന്നതാണ് ആര്‍സിബിയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ലേലത്തില്‍ മികച്ച ബൗളര്‍മാരെ
ടീമിലേക്കു കൊണ്ടുവരാനും അവര്‍ക്കായില്ല.