റാഞ്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. എംഎസ് ധോണിയുടെ അവസാന സീസണെന്ന നിലയിലാണ് 17ാം സീസണെ എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ നീളന്‍ മുടിയുമായി ഇറങ്ങാനൊരുങ്ങുന്ന ധോണി കളി നിര്‍ത്തുമെന്ന അഭ്യൂഹം ശക്തമാണ്. ഇത്തവണ സിഎസ്‌കെ കപ്പടിച്ച് ധോണിക്ക് യാത്രയയപ്പ് നല്‍കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എന്നാല്‍ ധോണി കളിനിര്‍ത്തുമെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ പരംജിത്ത് സിങ്. ധോണി 17ാം സീസണ്‍കൊണ്ട് കളിനിര്‍ത്തില്ലെന്നും 18ാം സീസണും കളിക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 'ഇത് ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് കരുതുന്നില്ല. അവന്‍ ഇപ്പോഴും മികച്ച ഫിറ്റ്‌നസുള്ളവനാണ്. അടുത്ത ഒന്നോ രണ്ടോ സീസണ്‍ കൂടി ധോണി കളിച്ചേക്കും.
കുറഞ്ഞത് 18ാം സീസണ്‍ കൂടി കളിക്കാനുള്ള ഫിറ്റ്‌നസ് ധോണിക്കുണ്ട്' പരംജിത്ത് സിങ് പറഞ്ഞു. ധോണി ഇപ്പോഴും മികച്ച ഫിറ്റ്‌നസുള്ള താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ധോണിയുടെ മുട്ടിന് ചെറിയ പ്രശ്‌നമുണ്ട്. മുട്ടിന്റെ വേദന അവസാന സീസണില്‍ത്തന്നെ ധോണിയെ വേട്ടയാടിയിരുന്നു. എന്നാല്‍ സീസണിലുടെനീളം അദ്ദേഹം വിക്കറ്റ് കീപ്പര്‍ റോളിലാണ് കളിച്ചത്. വരുന്ന സീസണിലും ധോണി വിക്കറ്റ് കീപ്പറായിത്തന്നെയാവും കളിക്കുക.
സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണി തന്നെ തുടരും. ഈ സാഹചര്യത്തില്‍ വരുന്ന സീസണോടെ ധോണി കളിനിര്‍ത്താനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ സിഎസ്‌കെയുടെ പ്രശ്‌നം ധോണിക്ക് ശേഷം നായകനായി ആരെന്നതാണ്. ടീമിലെ സീനിയര്‍ താരമായ രവീന്ദ്ര ജഡേജക്ക് നായകസ്ഥാനം കൈമാറിയപ്പോള്‍ ദുരന്തമാവുകയും ടീം ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പിന്നോട്ട് പോവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അടുത്ത നായകനെ കണ്ടെത്തുക സിഎസ്‌കെയ്ക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.

റുതുരാജ് ഗെയ്ക് വാദ് അടുത്ത സിഎസ്‌കെ നായകനാവുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ധോണിയുള്ളപ്പോള്‍ത്തന്നെ പുതിയ നായകനെ വളര്‍ത്താനാവും സിഎസ്‌കെ ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ ധോണി ഒന്നിലധികം സീസണ്‍ കൂടി ടീമില്‍ തുടരാനുള്ള സാധ്യതയുമുണ്ട്. സിഎസ്‌കെയുടെ നട്ടെല്ല് ധോണിയാണ്. ടീമിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ ധോണിക്ക് പകരം നായകനാവുന്നയാള്‍ക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും.
വലിയ സമ്മര്‍ദ്ദം നായകനുണ്ടാവും. ഈ സാഹചര്യത്തില്‍ റുതുരാജിനെപ്പോലെ അനുഭവസമ്പത്തില്ലാത്ത നായകന് കാര്യങ്ങള്‍ കടുപ്പമാവും. ധോണി കളത്തിലുള്ളപ്പോള്‍ പുതിയ നായകനെ വളര്‍ത്താനാവും സിഎസ്‌കെ ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ പുതിയ നായകനെ വളര്‍ത്താന്‍ ഒന്നിലധികം സീസണ്‍ വേണ്ടിവരും. ഇത് പരിഗണിക്കുമ്പോള്‍ സിഎസ്‌കെ ധോണിയോട് ഒന്നിലധികം സീസണ്‍ കളിക്കാന്‍ ടീം ആവശ്യപ്പെട്ടേക്കും.
ധോണിക്ക് സിഎസ്‌കെ വൈകാരികമായി ചേര്‍ന്നുനില്‍ക്കുന്ന ടീമാണ്. എന്നാല്‍ ധോണിയുടെ ബാറ്റിങ് ചോദ്യമുയര്‍ത്തുന്നുണ്ട്. അവസാന സീസണുകളില്‍ ധോണി ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങുന്നതാണ് കാണുന്നത്. പഴയതുപോലെ വെടിക്കെട്ട് ഫിനിഷറാവാന്‍ ധോണിക്ക് സാധിക്കുമെന്ന് കരുതാനാവില്ല. അമ്പാട്ടി റായിഡു വിരമിച്ച സാഹചര്യത്തില്‍ ധോണിയുടെ ബാറ്റിങ്ങിനെ ടീമിന് ആശ്രയിക്കേണ്ടി വരും. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ധോണി മതിയാക്കിയിരുന്നു.
അതുകൊണ്ടുതന്നെ ഇപ്പോള്‍ ഐപിഎല്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. ഇത് ധോണിയുടെ പ്രകടനത്തെ ബാധിക്കുമെന്നുറപ്പാണ്. ഇതിനോടകം ധോണി പരിശീലനം ആരംഭിച്ചിട്ടുണ്ട്. നെറ്റ്‌സില്‍ ധോണി ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. വലിയ ഷോട്ടുകള്‍ ധോണി കളിക്കുന്നുണ്ട്. എന്നാല്‍ മത്സരത്തിലേക്കെത്തുമ്പോള്‍ ധോണിക്ക് ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയണം.
കൂടാതെ 17ാം സീസണിന് ശേഷം മെഗാ താരലേലം വരികയാണ്. ടീമിനെ ആകെ ഉടച്ചുവാര്‍ക്കേണ്ടതായി വരും. ഈ സാഹചര്യത്തില്‍ ധോണി ഒപ്പമില്ലെങ്കില്‍ സിഎസ്‌കെ പ്രതിസന്ധിയിലാവാന്‍ സാധ്യത കൂടുതലാണ്. ഇത് വിലയിരുത്തുമ്പോള്‍ ധോണി 18ാം സീസണ്‍ കൂടി കളിക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് തന്നെ വിലയിരുത്താം.