ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് നാളെ ആവേശകരമായ തുടക്കമാവാനിരിക്കെ എല്ലാവരേയും ഞെട്ടിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്ത് നിന്ന് എംഎസ് ധോണി പടിയിറങ്ങിയിരിക്കുന്നത്. പുതിയ സീസണില്‍ റുതുരാജ് ഗെയ്ക് വാദാവും സിഎസ്‌കെയെ നയിക്കുക. ഉദ്ഘാടന മത്സരം നാളെ നടക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് സിഎസ്‌കെയുടെ നീക്കം. 2019ല്‍ സിഎസ്‌കെയിലെത്തിയ റുതുരാജ് ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
എങ്കിലും ധോണിയുടെ പടിയിറക്കത്തിന്റെ നിരാശയിലാണ് ആരാധകര്‍. സിഎസ്‌കെയെ സംബന്ധിച്ച് ധോണി കേവലമൊരു താരം മാത്രമല്ല. അതിലുപരിയായി ഒരു വികാരമാണ്. അതുകൊണ്ടുതന്നെ ധോണിയുടെ നായകസ്ഥാനത്ത് നിന്നുള്ള പടിയിറക്കം ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടാക്കുന്നു. നായകനെന്ന നിലയില്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത വമ്പന്‍ റെക്കോഡുകള്‍ സൃഷ്ടിച്ചാണ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനമൊഴിയുന്നത്.
സിഎസ്‌കെയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് ധോണി. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിക്കാന്‍ ധോണിക്ക് സാധിച്ചു. 2008ലെ പ്രഥമ സീസണില്‍ത്തന്നെ സിഎസ്‌കെയെ ഫൈനലിലെത്തിക്കാന്‍ ധോണിക്കായി. 2010, 2011ലും തുടര്‍ച്ചയായി രണ്ട് തവണ ധോണി സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ചു. 2012, 2013, 2015 സീസണുകളില്‍ റണ്ണറപ്പുകളായിരുന്നു സിഎസ്‌കെ. 2018ല്‍ ധോണിക്ക് കീഴില്‍ സിഎസ്‌കെ കിരീടം ചൂടി. 2019ല്‍ റണ്ണറപ്പായപ്പോള്‍ 2021ലും 2023ലും ടീം കിരീടം ചൂടി.
റുതുരാജിലേക്ക് നായകസ്ഥാനമെത്തുമ്പോള്‍ സിഎസ്‌കെ നിലവിലെ ചാമ്പ്യന്മാരാണെന്നതാണ് എടുത്തു പറയേണ്ടത്. 2007ലെ ടി20 ലോകകപ്പോടെ നായകനെന്ന നിലയില്‍ വരവറിയിച്ച ധോണി 2023ലെ ഐപിഎല്‍ കിരീടത്തോടെ നായകനെന്ന നിലയിലെ കരിയറിനും വിരാമമിട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ ജയം സ്വന്തമാക്കിയ നായകനാണ് ധോണി. 133 ജയമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

87 ജയം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍ 71 ജയത്തോടെ മൂന്നാം സ്ഥാനത്തുമാണ്. വിരാട് കോലി 66 ജയമാണ് നേടിയത്. നായകനെന്ന നിലയില്‍ കൂടുതല്‍ ഐപിഎല്‍ കിരീടമെന്ന റെക്കോഡില്‍ ധോണിയും രോഹിത്തും തുല്യത പങ്കിടുകയാണ്. രണ്ട് പേര്‍ക്കും അഞ്ച് കിരീടം വീതമാണുള്ളത്. രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്.
അതുകൊണ്ടുതന്നെ ഈ പടിയിറക്കം വിവാദമായി. എന്നാല്‍ ധോണിയുടെ പടിയിറക്കം വൈകാരികമായി ആരാധകരെ ബാധിച്ചിരിക്കുകയാണെന്ന് പറയാം. പല പ്രമുഖരും ധോണിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ഇനി ഇത്തരമൊരു നായകനെ കാണാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാക്കാലത്തേയും മികച്ചവനാണ് ധോണിയെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ 2023 മെയ് 29 ധോണി ആരാധകര്‍ എന്നെന്നും ഓര്‍ത്തിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഈ സീസണില്‍ക്കൂടി ധോണി സിഎസ്‌കെയെ നയിച്ച് പടിയിറങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ധോണിക്ക് കീഴില്‍ ഇത്തവണയും സിഎസ്‌കെയ്ക്ക് കപ്പടിക്കാന്‍ സാധിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ മത്സരം നാളെ ആരംഭിക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് ധോണിയുടെ പടിയിറക്കം. ഈ സീസണോടെ ധോണി വിരമിക്കുമെന്ന കാര്യത്തിലും ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. പഴയ നീളന്‍ മുടി ലുക്കിലാണ് ധോണി ഇത്തവണ കളിക്കാനിറങ്ങുന്നത്.
ഇതോടെ ധോണി പടിയിറങ്ങുമെന്ന കാര്യത്തില്‍ ഏറെക്കുറെ വ്യക്തത വന്നിരിക്കുകയാണ്. വിരമിച്ചാലും ധോണി ആരാധകര്‍ക്ക് അദ്ദേഹത്തെ കാണാനാവും. സിഎസ്‌കെയുടെ പരിശീലക റോളിലോ ഉപദേഷ്ടാവിന്റെ റോളിലോ ധോണിയെ കാണാനാവുമെന്നുറപ്പ്. എന്തായാലും ഐപിഎല്ലിലെ എല്ലാക്കാലത്തേയും മികച്ച നായകന്മാരിലൊരാളായി ധോണിയുണ്ടാവുമെന്നുറപ്പാണ്. അത്രത്തോളം മികച്ച നേട്ടങ്ങളോടെയാണ് ധോണി തന്റെ നായകസ്ഥാനം ഉപേക്ഷിച്ചിരിക്കുന്നത്.