സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മുന്‍ ഇതിഹാസ നായകനും സൂപ്പര്‍ ഫിനിഷറുമായ എംഎസ് ധോണിയെ ബാറ്റിങില്‍ വൈകിപ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനം. ചില മുന്‍ താരങ്ങളും ആരാധകരുമെല്ലാം സിഎസ്‌കെയുടെ ഈ നീക്കത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. 20ാം ഓവറിലെ നാലാമത്തെ ബോളിലാണ് ധോണി ക്രീസിലെത്തിയത്. രണ്ടു ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു സിംഗിള്‍ മാത്രമേ നേടാനുമായുള്ളൂ.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ എട്ടാം നമ്പറില്‍ ഇറങ്ങിയ ധോണി സ്‌ഫോടനാത്മക ഇന്നിങ്‌സായിരുന്നു കാഴ്ചവച്ചത്. വെറും 16 ബോളില്‍ പുറത്താവാതെ 37 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. മികച്ച ഫോമിലായിട്ടും ഹൈദരാബാദിനെതിരേ ധോണിയെ വൈകിപ്പിച്ച സിഎസ്‌കെയുടെ തീരുമാനം വലിയ മണ്ടത്തരമായി പോയെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍, ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍, ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍ എന്നിവരടക്കമുള്ളവര്‍ സിഎസ്‌കെയുടെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. ഡല്‍ഹിക്കെതിരായ മല്‍സരശേഷം ധോണിയെ നേരത്തേ ക്രീസിലേക്കു അയക്കണമെന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഷെയ്ന്‍ വാട്‌സന്‍, ബ്രെറ്റ് ലീ എന്നിവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പിച്ചിലെ ഓഫ് കട്ടര്‍ പ്ലാനിങും ഭുവി (ഭുവനേശ്വര്‍ കുമാര്‍), ഉനാട്കട്ട് (ജയദേവ് ഉനാട്കട്ട്) എന്നിവര്‍ക്കെതിരേ ബാറ്റ് ചെയ്യേണ്ടതും പരിഗണിക്കുമ്പോള്‍ വലംകൈയന്‍ ബാറ്ററായ എംഎസ് ധോണി എസ്ആര്‍എച്ചിനെതിരേ ബാറ്റിങില്‍ മുകളിലേക്കു വരേണ്ടിയിരുന്നുവെന്നാണ് ഇര്‍ഫാന്‍ എക്‌സിലൂടെ ചൂണ്ടിക്കാട്ടിയത്. സിഎസ്‌കെയുടെ പരാജയത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് വോനും ഡൂളും സിഎസ്‌കെയുടെ തീരുമാനത്തെ ചോദ്യം ചെയ്തത്. അവസാന മല്‍സരത്തില്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) എംഎസ് ധോണിയുടെ പ്രകടനം പരിഗണിക്കുമ്പോള്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ കുറേക്കൂടി നേരത്തേ ക്രീസിലേക്കു വരേണ്ടതായിരുന്നു. എന്തുകൊണ്ടാണ് വെറും മൂന്നു ബോളുകള്‍ നേരിടുന്നതിനു വേണ്ടി മാത്രം ധോണി ക്രീസിലേക്കു വന്നതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നും വോന്‍ വ്യക്തമാക്കി.

എംഎസ് ധോണിക്കു ഡെത്ത് ഓവറുകളിലെ സ്ലോ ബോളുകള്‍ കളിക്കാനുള്ള കഴിവും അവയെ അടിച്ചുപറത്താനുള്ള കരുത്തുമുണ്ട്. നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണ്. അദ്ദേഹം നേരത്തേ ഇതു ചെയ്തിട്ടുമുണ്ട്. അതുകൊണ്ടു തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ധോണി ബാറ്റിങില്‍ താഴേക്കു ഇറങ്ങിയപ്പോള്‍ ആശ്ചര്യമാണ് തോന്നിയതെന്നും ഡൂള്‍ വ്യക്തമാക്കി.
അതേസമയം, ഡെത്ത് ഓവറുകളില്‍ ഹൈദരാബാദിന്‍റെ ഉജ്ജ്വല ബൗളിങാണ് സിഎസ്‌കെയുടെ പരാജത്തിനു കാരണമെന്നാണ് മല്‍സരശേഷം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് വ്യക്തമാക്കിയത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതു വളരെ സ്ലോ പിച്ചായിരുന്നു. അവസാന ഓവറുകളില്‍ വളരെ നന്നായിട്ടാണ് അവര്‍ ബൗള്‍ ചെയ്തത്. കളി നിയന്ത്രണത്തില്‍ വച്ച അവര്‍ ഞങ്ങള്‍ക്കു പഴുതുകളൊന്നും നല്‍കിയതുമില്ല.
മല്‍സരത്തിന്റെ തുടക്കത്തില്‍ ഞങ്ങള്‍ നന്നായിട്ട് ചെയ്തുവെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ അവസാനത്തേക്കും അവര്‍ നന്നായി തിരിച്ചുവരികയും ചെയ്തു. മറുപടി ബാറ്റിങില്‍ ഞങ്ങള്‍ പവര്‍പ്ലേയില്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുത്തു. ഒരു ക്യാച്ച് പാഴാക്കുന്നതിനൊപ്പം വലിയൊരു ഓവറും വഴങ്ങിയതായും റുതുരാജ് വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണ് സിഎസ്‌കെയ്ക്കു നേരിട്ടത്.