ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മറ്റൊരു തകര്‍പ്പന്‍ കാമിയോയിലൂടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് എംഎസ് ധോണി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ 9 പന്തില്‍ പുറത്താവാതെ 28 റണ്‍സ് നേടിയാണ് ധോണി ആരാധകരുടെ കൈയടി നേടിയത്. 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 311.11 സ്‌ട്രൈക്ക് റേറ്റിലാണ് മഹിയുടെ മായാജാലം. 20ാം ഓവറില്‍ കടന്നാക്രമിച്ച ധോണിയുടെ ബാറ്റിങ് 176 എന്ന ഭേദപ്പെട്ട ടോട്ടലിലേക്കും സിഎസ്‌കെയെ എത്തിച്ചു.
എന്നാല്‍ ധോണിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ നിരാശ പങ്കുവെക്കുകയാണ് ആരാധകര്‍. ധോണി എന്തുകൊണ്ടാണ് നേരത്തെ ബാറ്റ് ചെയ്യാന്‍ എത്താത്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എട്ടാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാനെത്തുന്നത്. എന്തുകൊണ്ടാണ് ബാറ്റിങ് ഓഡറില്‍ നേരത്തെ ഇറങ്ങാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ധോണി അഞ്ചാം നമ്പറിലെങ്കിലും ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
സിഎസ്‌കെ നിരയില്‍ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ബാറ്റ്‌സ്മാന്‍ ധോണിയാണ്. അതുകൊണ്ടുതന്നെ അവസാന നാല് ഓവറെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ധോണി ബാറ്റിങ്ങിനിറങ്ങണം. എന്തുകൊണ്ടാണ് ധോണി അതിന് തയ്യാറാവാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേ ധോണിയുടെ വെടിക്കെട്ട് പ്രകടനം എല്ലാവരേയും ഞെട്ടിക്കുകയും ചിരിവൈരികള്‍ക്കെതിരേ വിജയത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തിരുന്നു.
ധോണി നേരത്തെ ബാറ്റ് ചെയ്യാനെത്തിയാല്‍ 200ന് മുകളില്‍ സ്‌കോറിലേക്ക് ടീമിനെത്താനാവുമെന്നും സിഎസ്‌കെ നിരയില്‍ ഡെത്തോവറില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റോടെ കളിക്കുന്നത് ധോണിയാണെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ധോണി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അവസാന രണ്ട് ഓവറില്‍ കാമിയോ കാഴ്ചവെച്ച് വിജയത്തിന്റെ നിര്‍ണ്ണായക ഭാഗമാവാന്‍ ധോണിക്ക് സാധിക്കുന്നുണ്ടെങ്കിലും അദ്ദേഹം നേരത്തെ ബാറ്റു ചെയ്യാനെത്തണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ഈ സീസണില്‍ 34 പന്തുകള്‍ നേരിട്ട ധോണി 87 റണ്‍സാണ് പോക്കറ്റിലാക്കിയത്. ലഖ്‌നൗവിനെതിരേ 101 മീറ്റര്‍ സിക്‌സര്‍ പറത്താനും ധോണിക്കായി. 42ാം വയസിലും ധോണിയുടെ ഫിനിഷിങ് മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ക്രിസ് ഗെയ്‌ലിന്റെ വമ്പനൊരു റെക്കോഡ് തകര്‍ക്കാനും ധോണിക്കായി. 40 വയസിന് ശേഷം ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലാണ് ധോണി ഗെയ്‌ലിനെ മറികടന്ന് തലപ്പത്തേക്കെത്തിയത്.
481 റണ്‍സാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. 20ാം ഓവറില്‍ ധോണിയുടെ ബാറ്റിങ് മികവിന് വട്ടംവെക്കാന്‍ മറ്റാരുമില്ലെന്നതാണ് സത്യം. ഈ സീസണില്‍ 20ാം ഓവറില്‍ 16 പന്തുകളാണ് ധോണി നേരിട്ടത്. 6 സിക്‌സും 4 ഫോറുമടക്കം 57 റണ്‍സാണ് ധോണിക്ക് നേടാനായത്. 356ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്‍ ചരിത്രത്തില്‍ 20ാം ഓവറില്‍ 313 പന്ത് നേരിട്ട് 772 റണ്‍സാണ് ധോണി നേടിയത്. 53 ഫോറും 65 സിക്‌സുമാണ് 20ാം ഓവറിലെ അദ്ദേഹത്തിന്റെ സമ്പാദ്യം.
246.64 ആണ് 20ാം ഓവറിലെ ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി നിലവില്‍ ഐപിഎല്‍ മാത്രമാണ് കളിക്കുന്നത്. എന്നിട്ടും തകര്‍പ്പന്‍ പ്രകടനത്തോടെ ധോണി കസറുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. പല യുവതാരങ്ങളേക്കാളും മികച്ച ഫിറ്റ്‌നസും ഫോമും ധോണിക്കുണ്ട്.
അതുകൊണ്ടുതന്നെ ധോണി നേരത്തെ ബാറ്റ് ചെയ്യുന്നത് സിഎസ്‌കെയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ധോണിയുടെ തീരുമാനം എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്നതായതിനാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നതാണ് മറ്റൊരു കാര്യം.