ചെന്നൈ: ഗംഭീര വിജയവുമായി അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. രണ്ടു തുടര്‍ പരാജയങ്ങള്‍ക്കു ശേഷമിറങ്ങിയ സിഎസ്‌കെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് കെട്ടുകെട്ടിച്ചത്. തികച്ചും ഏകപക്ഷീയമായ കളിയില്‍ ഏഴു വിക്കറ്റിന്റെ വിജയമാണ് റുതുരാജ് ഗെയ്ക്വാദും സംഘവും ആഘോഷിച്ചത്. ഹാട്രിക്ക് ജയത്തിനു ശേഷം കെകെആറിന്റെ ആദ്യത്തെ പരാജയം കൂടിയായിരുന്നു ഇത്.
ഈ കളിയില്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി സിഎസ്‌കെയ്ക്കു വേണ്ടി റണ്‍ചേസില്‍ നേരത്തേ ക്രീസിലേക്കു വന്നിരുന്നു. സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച ആരാധകരെ ആവേശം കൊള്ളിച്ചാണ് ധോണി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തത്. ഇത്തവണ ഇതാദ്യമായിട്ടാണ് അദ്ദേഹം ഇത്രയും ഉയര്‍ന്ന പൊസിഷനില്‍ കളിച്ചത്. നേരത്തേ ഏഴ്- എട്ട് നമ്പറിലായിരുന്നു ധോണി ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. 17ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ശിവം ദുബെ (28) മടങ്ങിയ ശേഷമായിരുന്നു അദ്ദേഹം ബാറ്റിങിനെത്തിയത്.

ഇത്തരമൊരു സര്‍പ്രൈസ് നീക്കം ധോണിയില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി എന്നിരെയെല്ലാം പിന്തള്ളിയാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. അദ്ദേഹമെത്തുമ്പോഴേക്കും സിഎസ്‌കെ ജയിച്ചുകഴിഞ്ഞിരുന്നു. ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ക്കു ജയിക്കാന്‍ അപ്പോള്‍ വെറും മൂന്നു റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. നേരിട്ട ആദ്യ ബോളില്‍ തന്നെ ഫോറോ, സിക്സറോ പറത്തി ധോണി സിഎസ്എകെയുടെ വിജയറണ്‍സ് കുറിക്കുന്നത് കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ററഫാന്‍സ്.
പക്ഷെ അവരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ടെസ്റ്റ് ശൈലിയില്‍ തട്ടിയും മുട്ടിയും ക്രീസില്‍ നിന്ന ധോണി മൂന്നു ബോളില്‍ ഒരു സിംഗിള്‍ മാത്രമേ നേടുകയും ചെയ്തുള്ളൂ. 18ാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ നായകന്‍ റുതുരാജ് ഗെയ്ക്വാദ് ബൗണ്ടറിയിലൂടെ ടീമിന്റെ വിജയറണ്‍സ് കുറിക്കുമ്പോള്‍ ധോണി ക്രീസിന്റെ മറുവശത്തുണ്ടായിരുന്നു. സിഎസ്‌കെ വിജയത്തിനു കൈയെത്തുംദൂരത്ത് നില്‍ക്കെ നേരത്തേ ക്രീസിലെത്തി ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണ് ധോണി നടത്തിയതെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്.
ആരു ബാറ്റ് ചെയ്താലും സിഎസ്‌കെ ജയിക്കുമെന്നിരിക്കവെ ധോണി എന്തിനാണ് ഇത്തരമൊരു ഷോ കാണിക്കാന്‍ ക്രീസിലേക്കു നേരത്തേ വന്നതെന്നും ഇവര്‍ ചോദിക്കുന്നു. സിഎസ്‌കെ ടീം ജയിച്ചുകഴിഞ്ഞ ഒരു മല്‍സരത്തില്‍ ധോണി ബാറ്റിങിനു നേരത്തേ ക്രീസിലെത്തിയത് ഇതാദ്യമല്ല, മുമ്പും ഈ തരത്തിലുള്ള സ്വയം പ്രൊമോഷന്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
ഹീറോയാവാന്‍ ഇത്രയധികം ആഗ്രഹമുണ്ടെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കെതിരായ മുന്‍ മല്‍സരങ്ങളില്‍ ധോണി എന്തുകൊണ്ടാണ് ഇതുപോലെ നേരത്തേ ബാറ്റിങിനു ഇറങ്ങാതിരുന്നതെന്നും ഇവര്‍ ചോദിക്കുന്നു.

ഡിസിക്കെതിരേ വിശാഖപട്ടണത്തു സിഎസ്‌കെ 20 റണ്‍സിനു പരാജയപ്പെട്ട മല്‍സരത്തില്‍ ധോണി എട്ടാം നമ്പറിലാണ് ബാറ്റ് വീശിയത്. അപ്പോഴേക്കും മല്‍സരം സിഎസ്‌കെയില്‍ നിന്നും വഴുതിപ്പോയിരുന്നു. എങ്കിലും തന്റെ സുവര്‍ണ കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. 16 ബോളില്‍ നിന്നും നാലു ഫോറും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 37 റണ്‍സുമായി ധോണി ക്രീസില്‍ നില്‍ക്കുകയും ചെയ്തു.
ഒരു ഘട്ടത്തില്‍ വന്‍ പരാജയം മണത്ത സിഎസ്‌കെയുടെ തോല്‍വിയുടെ മാര്‍ജിന്‍ വെറും 20 റണ്‍സിലൊതുക്കിയത് ധോണിയുടെ ഈ സ്‌ഫോടനാത്മക ഇന്നിങ്‌സായിരുന്നു. മല്‍സരത്തില്‍ ധോണി കുറേക്കൂടി നേരത്തേ ക്രീസിലെത്തിയിരുന്നെങ്കില്‍ സിഎസ്‌കെ ജയിച്ചേനെയെന്നു ചില മുന്‍ താരങ്ങളും ആരാധകരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇത്ര മികച്ച ഫോമിലായിട്ടും ഹൈദരാബാദുമായുള്ള അടുത്ത കളിയിലും ധോണി നേരത്തേ ബാറ്റിങിന് ഇറങ്ങാതിരുന്നത് ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ഡിസിക്കെതിരേ ഏഴാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. വെറും രണ്ടു ബോളുകള്‍ മാത്രം നേരിടാനുള്ള അവസരം മാത്രമേ ധോണിക്കു ലഭിക്കുകയും ചെയ്തുള്ളൂ. ധോണി മികച്ചൊരു ഫിനിഷിങ് നടത്തിയിരുന്നെങ്കില്‍ സിഎസ്‌കെയ്ക്കു ശക്തമായൊു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിക്കുമായിരുന്നു. പക്ഷെ 165 റണ്‍സ് മാത്രമേ അവര്‍ നേടിയുള്ളൂ. മല്‍സരം സിഎസ്കെ ദയനീയമായി തോല്‍ക്കുകയും ചെയ്തു.