മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ആരാധകര്‍ കാത്തിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഇന്ന് വൈകീട്ട് 7.30ന് അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതും നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെ ഗുജറാത്തും മുംബൈയും ചിരവൈരികളായിരിക്കുകയാണ്.
അതുകൊണ്ടുതന്നെ തീപാറുന്ന പോരാട്ടമാണ് ഈ സീസണില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്തിന്റെ പുതിയ നായകനായി നിയമിക്കപ്പെട്ടത് യുവതാരം ശുബ്മാന്‍ ഗില്ലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത വിരാട് കോലിയെന്ന് വിശേഷിപ്പിക്കുന്ന താരമാണ് ഗില്‍. എന്നാല്‍ ഐപിഎല്ലില്‍ നായകസ്ഥാനത്തേക്കെത്താന്‍ ഗില്‍ പാകമായോയെന്ന സംശയം പലര്‍ക്കുമുണ്ട്. നായക റോളില്‍ വലിയ അനുഭവസമ്പത്ത് ഗില്ലിനില്ല. അതുകൊണ്ടുതന്നെ എങ്ങനെയാവും അദ്ദേഹത്തിന് കീഴില്‍ ടീമിന്റെ അവസ്ഥയെന്നതാണ് കണ്ടറിയേണ്ടത്.
ഇപ്പോഴിതാ ശുബ്മാന്‍ ഗില്‍ നായകനാവാന്‍ യോഗ്യനല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് താരവും ഇന്ത്യയുടെ സീനിയര്‍ പേസറുമായ മുഹമ്മദ് ഷമി. പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ നിന്ന് വിശ്രമമെടുത്തിരിക്കുന്ന ഷമിയുടെ അഭിപ്രായം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. 'അല്‍പ്പം നേരത്തെയാണ് ശുബ്മാന്‍ ഗില്ലിലേക്ക് ക്യാപ്റ്റന്‍സിയെത്തിയിരിക്കുന്നത്. അവന്‍ ഇതൊട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എനിക്കും തോന്നുന്നത് അങ്ങനെയാണ്.
എന്നാല്‍ ഒരു ദിവസം അവന്‍ തീര്‍ച്ചയായും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായുണ്ട്. കഴിഞ്ഞ സീസണുകളിലെല്ലാം അവന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തുന്നുണ്ട്' ഷമി ക്രിക്ക് ബസിനോട് സംസാരിക്കവെ പറഞ്ഞു. ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ മികച്ചതാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ നായകനായി വലിയ മുന്‍പരിചയമില്ല. ഇത് താരത്തെ പിന്നോട്ടടിക്കാന്‍ സാധ്യതയുണ്ട്.

ഗുജറാത്ത് അരങ്ങേറ്റ സീസണില്‍ കിരീടത്തിലേക്കെത്തിയ ടീമാണ്. കൂടാതെ തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളുമായി. ഈ സാഹചര്യത്തില്‍ വലിയ സമ്മര്‍ദ്ദത്തിലാവും ഗില്‍ നായകസ്ഥാനം ഏറ്റെടുക്കുക. പ്രകടനം പിന്നോട്ട് പോയാല്‍ വലിയ വിമര്‍ശനം ഗില്ലിന് നേരെയുണ്ടാവുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഈ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കാനും സാധ്യതയുണ്ട്. ഗില്‍ ബാറ്റിങ്ങില്‍ നിറം മങ്ങിയാല്‍ ഗുജറാത്തിനത് വലിയ തിരിച്ചടിയാവുമെന്നതില്‍ തര്‍ക്കമില്ല.
നായകനെന്ന നിലയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ഗില്ലിന് ഷമി ഉപദേശവും നല്‍കിയിട്ടുണ്ട്. 'നായകസ്ഥാനത്തെക്കുറിച്ച് അധികം ചിന്തിക്കേണ്ട. സാധാരണ പോലെ ക്ഷമയോടെ കളിക്കുക. ശാന്തതയോടെ തുടരുകയെന്നത് പ്രധാനപ്പെട്ടതാണ്. ഇപ്പോള്‍ നിനക്ക് ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല' ഷമി കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെയാണ് ഗുജറാത്തിന് നേരിടേണ്ടത്. അതുകൊണ്ടുതന്നെ ഗില്ലിന് മുകളില്‍ സമ്മര്‍ദ്ദം ഇരട്ടിയാവും.
ഇത്തവണ ഗുജറാത്തിന്റെ പ്രകടനം താഴോട്ട് പോയാല്‍ വലിയ വിമര്‍ശനം ഗില്ലിന് കേള്‍ക്കേണ്ടി വരും. എന്നാല്‍ ആശിഷ് നെഹ്‌റ, ഗാരി കേഴ്‌സ്റ്റന്‍ ഉള്‍പ്പെടെ കരുത്തുറ്റ പരിശീലക സംഘത്തിന്റെ പിന്‍ബലം ഗുജറാത്തിനുണ്ട്. ഇത് ശുബ്മാന്‍ ഗില്ലിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടേയും ഷമിയുടേയും വിടവ് ആര് നികത്തുമെന്നത് വലിയ ചോദ്യമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ ഹാര്‍ദിക് തിളങ്ങിയിരുന്നു.
അതിന് പകരം വെക്കുക എളുപ്പമല്ലെന്ന് നെഹ്‌റ തന്നെ തുറന്ന് പറഞ്ഞതാണ്. അവസാന സീസണില്‍ ന്യൂബോളില്‍ മിന്നല്‍ പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. വിക്കറ്റ് വേട്ടക്കാരിലെ മുന്‍നിരക്കാരനായ ഷമിയുടെ അഭാവം നികത്താന്‍ സന്ദീപ് വാര്യരെയാണ് ഗുജറാത്ത് ടീമില്‍ എത്തിച്ചിരിക്കുന്നത്. ഇത് കാര്യമായി ഗുണം ചെയ്യില്ല. എന്തായാലും പല കാരണങ്ങളാല്‍ ഇത്തവണ ഗുജറാത്ത് പ്രയാസപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്ലേ ഓഫിലെത്തുക കടുപ്പമായിരിക്കുമെന്ന് തന്നെ വിലയിരുത്താം.