ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണയും യുവതാരങ്ങള്‍ ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടുകയാണ്. ചെറിയ തുകയ്ക്ക് ടീമിലെത്തിയ താരങ്ങളാണ് ഇത്തവണ കൂടുതലും മികവ് കാട്ടുന്നത്. എന്നാല്‍ വമ്പന്‍ പ്രതിഫലം വാങ്ങിയ പലരും പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ലെന്നതാണ് വസ്തുത. മിനി ലേലത്തില്‍ വലിയ പ്രതിഫലം വാങ്ങിയവരില്‍ ആരൊക്കെയാണ് നീതി കാട്ടിയത്.
ഇതുവരെയുള്ള പ്രകടനം വിലയിരുത്താം. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇത്തവണ കൂടുതല്‍ പ്രതിഫലം നേടിയെടുത്തത്. 24.75 കോടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സ്റ്റാര്‍ക്കിന്റെ പ്രതിഫലം. ഐപിഎല്ലില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. എന്നാല്‍ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ നിരാശപ്പെടുത്തുന്നുവെന്നതാണ് വസ്തുത. ആദ്യത്തെ രണ്ട് മത്സരത്തില്‍ വിക്കറ്റ് നഷ്ടമാവാതെ 100ലധികം റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്. 11ന് മുകളില്‍ ഇക്കോണമിയിലാണ് സ്റ്റാര്‍ക്കിന്റെ പ്രകടനം.
രണ്ട് വിക്കറ്റാണ് സ്റ്റാര്‍ക്ക് ആകെ നേടിയത്. വരുന്ന മത്സരങ്ങളിലൂടെ സ്റ്റാര്‍ക്ക് ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ സ്റ്റാര്‍ക്കിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നതാണ് വസ്തുത. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയക്കുതിപ്പ് തുടരുന്നതിനാല്‍ സ്റ്റാര്‍ക്കിന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നില്ല. പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് പാറ്റ് കമ്മിന്‍സാണ്. 20.5 കോടിയാണ് ഹൈദരാബാദിലെ കമ്മിന്‍സിന്റെ പ്രതിഫലം.
ഓസ്‌ട്രേലിയന്‍ നായകനായ കമ്മിന്‍സ് മികച്ച പ്രകടനം ഇത്തവണ കാഴ്ചവെക്കുന്നുണ്ട്. നായകനായും ബൗളറായും ഭേദപ്പെട്ട നിലയില്‍ തിളങ്ങാന്‍ കമ്മിന്‍സിന് സാധിക്കുന്നു. നാല് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റുകളാണ് കമ്മിന്‍സ് നേടിയത്. 7.75 എന്ന മോശമല്ലാത്ത ഇക്കോണമിയും കമ്മിന്‍സിനുണ്ട്. മധ്യ ഓവറുകളില്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി മത്സരഫലത്തെ മാറ്റിമറിക്കാന്‍ കമ്മിന്‍സിന് സാധിക്കുന്നുണ്ട്. എന്നാല്‍ വമ്പന്‍ പ്രതിഫലത്തിനൊത്ത മികവ് കാട്ടുന്നില്ല.

ന്യൂസീലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ് മറ്റൊരാള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് 14 കോടിക്കാണ് മിച്ചലിനെ ഒപ്പം കൂട്ടിയത്. ക്ലാസിക് ബാറ്റ്‌സ്മാനായ മിച്ചല്‍ നിരാശപ്പെടുത്തുന്നു. മധ്യനിരയില്‍ വിശ്വസ്തനായി മാറാന്‍ മിച്ചലിന് സാധിക്കുന്നില്ല. 4 മത്സരത്തില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് താരം നേടിയത്. അതും 124 സ്‌ട്രൈക്ക് റേറ്റില്‍. ഇതേ ഫോം തുടര്‍ന്നാല്‍ സിഎസ്‌കെ മിച്ചലിനെ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഹര്‍ഷല്‍ പട്ടേലാണ് മറ്റൊരു താരം. പഞ്ചാബ് കിങ്‌സ് 11.75 കോടിക്കാണ് മീഡിയം പേസറെ സ്വന്തമാക്കിയത്. എന്നാല്‍ പതിവ് പോലെ ചെണ്ടയാകുന്ന പ്രകടനമാണ് ഹര്‍ഷല്‍ നടത്തുന്നത്. 11ന് മുകളിലാണ് ഹര്‍ഷലിന്റെ ഇക്കോണമി. 4 വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടാത്ത താരം പഞ്ചാബിന് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് പറയാം. ആര്‍സിബി 11.5 കോടിക്ക് ടീമിലെത്തിച്ച അല്‍സാരി ജോസഫും ദുരന്തം. 3 മത്സരത്തില്‍ നിന്ന് 1 വിക്കറ്റ് നേടിയ താരത്തിന്റെ ഇക്കോണമി 11ന് മുകളിലാണ്.
നിലവില്‍ ആര്‍സിബി പ്ലേയിങ് 11ന് പുറത്താണ് അല്‍സാരി ജോസഫുള്ളത്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ആര്‍സിബി ടീമിലെത്തിച്ച താരമാണ് കാമറൂണ്‍ ഗ്രീന്‍. 17.50 എന്ന വമ്പന്‍ പ്രതിഫലത്തിനായി ഗ്രീന്‍ ആര്‍സിബിയിലേക്കെത്തിയത്. എന്നാല്‍ താരത്തിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. മീഡിയം പേസര്‍ കൂടിയായ താരത്തിന് ബാറ്റിങ്ങിലും ബൗളിങ്ങിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.
10 കോടിക്ക് ഗുജറാത്ത് സ്വന്തമാക്കിയ സ്‌പെന്‍സര്‍ ജോണ്‍സണ്‍ തരക്കേടില്ലാതെ കളിക്കുന്നുണ്ട്. ഡെത്തോവറിലടക്കം മിടുക്കുകാട്ടാന്‍ ജോണ്‍സണ് സാധിക്കുന്നു. സിഎസ്‌കെ 8.4 കോടി നല്‍കി ടീമിലെത്തിച്ച സമീര്‍ റിസ്‌വിക്കും സ്ഥിരത കാട്ടാനാവുന്നില്ല. പ്രതിഭാശാലിയ താരം ഭാവിയില്‍ സൂപ്പര്‍ ഫിനിഷറാവാന്‍ പ്രതിഭയുള്ളവനാണ്.