മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ പ്രതീക്ഷയോടെയെത്തിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ആദ്യത്തെ രണ്ട് മത്സരത്തിലും മുംബൈ ടീം തോറ്റിരിക്കുകയാണ്. തൊട്ടതെല്ലാം മുംബൈക്ക് പിഴക്കുന്നു. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ടീമിനുള്ളിലെ പിണക്കങ്ങള്‍ മത്സരത്തിലെ പ്രകടനത്തേയും ബാധിച്ചതോടെ ടീം പിന്നോട്ട് പോകുന്ന അവസ്ഥയുണ്ടായി.
രോഹിത്തിനെ ഹാര്‍ദിക് അപമാനിച്ചതും കാണികള്‍ ഹാര്‍പ്പിക്ക് വിളികളും കൂവലുകളുമായി ഹാര്‍ദിക്കിനെ അപമാനിച്ചതുമെല്ലാം ഇതിനോടകം ചര്‍ച്ചയായിരുന്നു. എന്നാല്‍ മുംബൈ ക്യാംപിലെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹാര്‍ദിക്കും ടിം ഡേവിഡും തമ്മില്‍ മുട്ടന്‍ ഉടക്കുണ്ടായെന്ന വിവരമാണ് പുറത്തുവരുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ഡേവിഡുമായി ഹാര്‍ദിക് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായാണ് വിവരം.
ഹൈദരാബാദിനെതിരായ നാണംകെട്ട തോല്‍വിക്ക് ശേഷം മുംബൈയുടെ തോല്‍വിയെക്കുറിച്ച് ഡേവിഡ് പ്രതികരിച്ചിരുന്നു. ജസ്പ്രീത് ബുംറ മുംബൈയുടെ പ്രധാനപ്പെട്ട ബൗളറാണെന്നും ആദ്യം ഓവറില്‍ത്തന്നെ പരിഗണിക്കണമെന്നും അഭിപ്രായപ്പെട്ട ടിം ഡേവിഡ് ഇക്കാര്യത്തില്‍ തീരുമാനം പറയാന്‍ താന്‍ ആളല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അതൃപ്തിയുണ്ടായെന്നും ഡ്രസിങ് റൂമില്‍ വെച്ച് ഇത് ചര്‍ച്ചയായപ്പോള്‍ ഹാര്‍ദിക് ഡേവിഡിനോട് അനാവശ്യ പ്രതികരണം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് വിവരം.
രോഹിത് ശര്‍മ നായകനായിരുന്നപ്പോള്‍ മുംബൈക്കായി ആദ്യ ഓവര്‍ എറിഞ്ഞിരുന്നത് ബുംറയായിരുന്നു. എന്നാല്‍ ഹാര്‍ദിക് നായകനാപ്പോള്‍ ബുംറയെ പവര്‍പ്ലേയില്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ല. പലപ്പോഴും നാലാം ഓവറിലാണ് ബുംറയെ ഹാര്‍ദിക് പന്തേല്‍പ്പിക്കുന്നത്. പിന്നീട് 13 ഓവറുകള്‍ക്ക് ശേഷം ഉപയോഗിക്കുന്നതായാണ് കാണുന്നത്. എതിര്‍ ടീമിന്റെ ടോപ് ഓഡറിനെ ബുംറയെ ഉപയോഗിച്ച് വീഴ്ത്തിയാല്‍ പിന്നീട് കാര്യങ്ങള്‍ എളുപ്പമാവും.

എന്നാല്‍ പലപ്പോഴും ബുംറയെ കൊണ്ടുവരുമ്പോഴേക്കും താരങ്ങള്‍ നിലയുറപ്പിച്ചിരിക്കും. ഇതോടെ ബുംറ നിസഹായനായി മാറുന്നു. ഹാര്‍ദിക് ബുംറക്ക് പവര്‍പ്ലേയില്‍ രണ്ടോവറെങ്കിലും നല്‍കണമെന്നതാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ടീമിന്റെ പദ്ധതിയാണ് ഇതെന്ന തരത്തില്‍ ഹാര്‍ദിക് ബുംറയെ പവര്‍പ്ലേയില്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ല. ഇതിന്റെ തിരിച്ചടി ആദ്യ രണ്ട് മത്സരത്തില്‍ മുംബൈക്ക് ലഭിക്കുകയും ചെയ്തു.
മുംബൈയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് മുംബൈയുടെ അടുത്ത മത്സരം. രോഹിത്തിന് അനുകൂല മുദ്രാവാക്യവും ഹാര്‍ദിക്കിനെതിരേ കൂവലും മുംബൈ ആരാധകര്‍ നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ഹാര്‍ദിക്കിന് സീനിയേഴ്‌സിനോട് ബഹുമാനമില്ലാത്തതാണ് വലിയ വിമര്‍ശനത്തിന് കാരണമാവുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ലസിത് മലിംഗയേയും ഹാര്‍ദിക് അപമാനിച്ചിരുന്നു.
മലിംഗ കാര്യമായി എന്തോ ഹാര്‍ദിക്കിനോട് പറയുമ്പോള്‍ മുംബൈ നായകന്‍ പരിഗണിക്കാതെ പോവുന്ന വീഡിയോ പുറത്തുവന്നിരുന്നു. കൂടാതെ വിക്കറ്റ് നഷ്ടമായി തിരിച്ചെത്തിയപ്പോള്‍ മലിംഗ ഹാര്‍ദിക്കിനായി തന്റെ കസേര ഒഴിഞ്ഞുകൊടുത്തിരുന്നു. ഇതും വിമര്‍ശനത്തിന് കാരണമായി. ഹാര്‍ദിക്കിന് മര്യാദയില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഹാര്‍ദിക് സഹതാരങ്ങളെ ബഹുമാനിക്കുന്നില്ല.
സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുകയാണ്. ഹൈദരാബാദിനെതിരേ അഞ്ചാം നമ്പറില്‍ ബാറ്റുചെയ്യാനെത്തി കളി തോല്‍പ്പിച്ചത് ഹാര്‍ദിക്കാണ്. 20 പന്തില്‍ 24 റണ്‍സുമായി മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാതെ ഹാര്‍ദിക്കാണ് കളി തോല്‍ക്കാന്‍ കാരണമായത്. ടീമിനുള്ളില്‍ ഹാര്‍ദിക്കിന് പിന്തുണ കുറയുകയാണ്. ടീം മാനേജ്‌മെന്റ് തിടുക്കപ്പെട്ട് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ അബദ്ധമായിപ്പോയെന്ന് ഇപ്പോള്‍ അവര്‍ക്ക് തോന്നുന്നുണ്ടാവും.
നായകനെന്ന നിലയില്‍ ഹാര്‍ദിക്കെടുക്കുന്ന തീരുമാനങ്ങളെല്ലാം വളരെ മോശമാണ്. വലിയ സമ്മര്‍ദ്ദം ഇപ്പോള്‍ താരത്തിനുണ്ട്. ഇതിനെയെല്ലാം മറികടന്ന് തിരിച്ചുവരാന്‍ ഹാര്‍ദിക്കിനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.