ഐപിഎല്‍ പൂരത്തിന് ഇന്നു കൊടിയേറവെ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത് മുതല്‍ ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്ത് വരെയുള്ളവര്‍ പ്ലേഓഫിലെ ടീമുകളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുന്നത്.
ഭൂരിഭാഗം പേരും ഒരുപോലെ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു ടീമുകള്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സുമാണ്. ബാക്കിയുള്ള രണ്ടു ടീമുകളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇവര്‍ക്കുള്ളത്.

മഗ്രാത്ത്, ശ്രീശാന്ത് എന്നിവരെക്കൂടാതെ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, മുന്‍ ഓസീസ് താരം ടോം മൂഡി, ഇന്ത്യയുടെ മുന്‍ ബാറ്റര്‍മാരായ അമ്പാട്ടി റായുഡു, മുരളി വിജയ്, മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ എന്നിവരാണ് ഐപിഎല്‍ പോയിന്റ് പട്ടികയിലെ ആദ്യത്തെ നാലു സ്ഥാനങ്ങളിലെത്താനിടയുള്ള ടീമുകളെ പ്രവചിച്ചത്.
ഈ സീസണിലും ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ പോയ സ്മിത്ത് പ്ലേഓഫ് ഫേവറിറ്റുകളായി ആദ്യം തിരഞ്ഞെടുത്തത് മുംബൈയെയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പേരാണ് രണ്ടാമതായി അദ്ദേഹം പറഞ്ഞത്. തന്റെ മുന്‍ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സും പ്ലേഓഫിലെത്തുമെന്നു പറഞ്ഞ സ്മിത്ത് അവസാന ടീമായി തിരഞ്ഞെടുത്തത് സിഎസ്‌കെയെയാണ്.
താരമായും കോച്ചായുമെല്ലാം മുമ്പ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് സ്റ്റെയ്ന്‍ ആദ്യം പ്ലേഓഫിലേക്കു തിരഞ്ഞെടുത്തത്. ഈ വര്‍ഷം മികച്ച സ്‌ക്വാഡാണ് എസ്ആര്‍എച്ചിന്റേത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വളരെ മികച്ച താരങ്ങള്‍ അവരുടെ ടീമിലുണ്ട്. സിഎസ്‌കെ, മുംബൈ എന്നിവരായിരിക്കും പ്ലേഏഓഫിലെ അടുത്ത രണ്ടു ടീമുകൾ. നാലാമത്തെയും അവസാനത്തെയും ടീം ആരായിരിക്കുമെന്നു തനിക്കുറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ, സിഎസ്‌കെ ടീമുകളുടെ മുന്‍ താരമായ റായുഡു പ്ലേഓഫിലെ ആദ്യ ടീമായി തിരഞ്ഞെടുത്തത് സിഎസ്‌കെയെയാണ്. രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരും പ്ലേഓഫിലെത്തുമെന്നു പ്രവചിച്ച അദ്ദേഹം അവസാന ടീമായി ചൂണ്ടിക്കാട്ടിയത് മുംബൈയെയാണ്.

മഗ്രാത്ത് പ്ലേഓഫിലെ ഫേവറിറ്റായി ആദ്യം ചൂണ്ടിക്കാട്ടിയത് മുന്‍ ടീം കൂടിയായ ഡല്‍ഹിയെയയാണ്. ഞാന്‍ ഡല്‍ഹിക്കു വേണ്ടി നേരത്തേ കളിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഞാന്‍ അവരെ പ്ലേഓഫിലേക്കു തിരഞ്ഞെടുക്കുക തന്നെ ചെയ്യും. ചെന്നൈയാണ് പ്ലേഓഫിലെത്താന്‍ പോവുന്ന രണ്ടാമത്തെ ടീം. അടുത്ത രണ്ടു ടീമുകള്‍ ഏതൊക്കെയാണെന്നു തനിക്കു ഇപ്പോള്‍ തിരഞ്ഞടുക്കാന്‍ സാധിക്കില്ലെന്നും മഗ്രാത്ത് വ്യക്തമാക്കി.
പ്ലേഓഫ് ഫേവറിറ്റായി ഇര്‍ഫാന്‍ തിരഞ്ഞെടുത്ത ആദ്യത്തെ ടീം മുംബൈയാണ്. വളരെ ശക്തമായ ടീമായാണ് മുബൈ കാണപ്പെടുന്നത്. ചെന്നൈയും പ്ലേഓഫിലുണ്ടാവും. ഡെവന്‍ കോണ്‍വേയടക്കം ചിലര്‍ പരിക്കിന്റെ പിടിയിലാണെങ്കിലും എംഎസ് ധോണിയുടെ സാന്നിധ്യം അവരെ പ്ലേഓഫിലെത്തിക്കുക തന്നെ ചെയ്യും. ലഖ്‌നൗവാണ് പ്ലേഓഫിലെ മൂന്നാമത്തെ ടീം. വളരെയധികം സ്ഥിരത പുലര്‍ത്തുന്ന ടീമാണ് അവരുടേത്. പ്ലേഓഫിലെ അടുത്ത ടീം കൊല്‍ക്കത്തയാവുമെന്നും ഇര്‍ഫാന്‍ പ്രവചിക്കുന്നു.
മൂഡി തിരഞ്ഞടുത്ത ടോപ്പ് ഫോറില്‍ സിഎസ്‌കെ തഴയപ്പെട്ടുവെന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം. മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ, രാജസ്ഥാന്‍ റോയല്‍സ് എന്നിവരായിരിക്കും പ്ലേഓഫ് കളിക്കുകയെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ശ്രീശാന്ത് പ്ലേഓഫ് ഫേവറിറ്റുകളായി തിരഞ്ഞെടുത്ത ടീമുകള്‍ സിഎസ്‌കെ, റോയല്‍സ്, മുംബൈ, ജിടി എന്നിവരാണ്. വിജയ് പ്ലേഓഫിലേക്കു തിരഞ്ഞെടുത്തവര്‍ മുംബൈ, സിഎസ്‌കെ, റോയല്‍സ്, റോയല്‍ ചാലഞ്ചേ്‌സ് ബെംഗളൂരു എന്നിവരാണ്.