ചെന്നൈ: ഐപിഎല്ലിലെ ചാമ്പ്യന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണി നായകനായുള്ള സിഎസ്‌കെയാണ് അവസാന സീസണിലും ഐപിഎല്ലില്‍ കപ്പടിച്ചത്. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ധോണിയും സംഘവും അടുത്ത സീസണിനായുള്ള തയ്യാറെടുപ്പിലാണ്. 19ാം തീയ്യതി ദുബായിലാണ് താരലേലം നടക്കാന്‍ പോവുന്നത്. നിലവിലെ ചാമ്പ്യന്മാരാണെങ്കിലും സിഎസ്‌കെ ചില മാറ്റങ്ങള്‍ക്ക് പദ്ധതിയിടുന്നത്.
തമിഴ്‌നാട് ക്രിക്കറ്റിന്റെ ആവേശവും പിന്തുണയുമാണ് സിഎസ്‌കെയുടെ നട്ടെല്ല്. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടുകാരായ താരങ്ങള്‍ക്ക് സിഎസ്‌കെ വലിയ പ്രാധാന്യം നല്‍കാറുണ്ട്. നേരത്തെ മുരളി വിജയ്, ആര്‍ അശ്വിന്‍, സുബ്രമണ്യ ബദരിനാഥ് തുടങ്ങിയ പല തമിഴ്‌നാട്ടുകാരായ താരങ്ങളും സിഎസ്‌കെയ്ക്കായി കളിച്ചിട്ടുണ്ട്. ഇത്തവണത്തെ മിനി ലേലത്തിലും സിഎസ്‌കെ ചില തമിഴ്‌നാട്ടുകാരായ താരങ്ങളെ നോട്ടമിടുന്നുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഷാരൂഖ് ഖാനാണ് ഒന്നാമത്തെ താരം. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് ഷാരൂഖ് ഖാന്‍. തമിഴ്‌നാടിനായി ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം ഷാരൂഖ് ഖാന്‍ തിളങ്ങിയിട്ടുണ്ട്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു ഷാരൂഖ്. എന്നാല്‍ മിനി ലേലത്തിന് മുമ്പ് പഞ്ചാബ് ഷാരൂഖ് ഖാനെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിഎസ്‌കെ ഷാരൂഖിനെ നോട്ടമിട്ടേക്കും. ധോണിക്ക് കീഴില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ ഷാരൂഖ് തുറന്ന് പറഞ്ഞിട്ടുണ്ട്.
സിഎസ്‌കെയ്ക്ക് അമ്പാട്ടി റായിഡുവിന്റെ വിടവ് നികത്താന്‍ ഷാരൂഖ് ഖാനെ ഉപയോഗിക്കാം. ഉയര്‍ന്ന ഫിറ്റ്‌നസുള്ള ഷാരൂഖ് സിഎസ്‌കെയിലേക്കെത്തിയാല്‍ താരത്തിന്റെ കരിയറിലും അത് വലിയ മാറ്റമുണ്ടാക്കുമെന്നുറപ്പാണ്. രണ്ടാമത്തെ താരം ജി അജിതേഷാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ടോപ് ഓഡറിലാണ് അദ്ദേഹം കൂടുതല്‍ തിളങ്ങിയത്. മധ്യനിരയിലേക്കും ഉപയോഗിക്കാം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അജിതേഷ്.

ധോണിക്ക് ശേഷം സിഎസ്‌കെയ്ക്ക് വിക്കറ്റ് കീപ്പറായി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് അജിതേഷ്. മൂന്നാമത്തെ താരം എം മുഹമ്മദാണ്. ഓള്‍റൗണ്ടറായ താരം ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനായി തിളങ്ങിയിരുന്നു. മധ്യനിരയില്‍ വമ്പനടികള്‍ കാഴ്ചവെക്കാന്‍ കരുത്തുള്ള താരമാണ് മുഹമ്മദ്. ഭാവി മുന്നില്‍ക്കണ്ട് സിഎസ്‌കെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് എം മുഹമ്മദ്.
ഇത്തവണയും സംതുലിതമായ താരനിരയാണ് സിഎസ്‌കെ. വരുന്ന സീസണിലും എംഎസ് ധോണി സിഎസ്‌കെയെ നയിക്കും. എന്നാല്‍ ധോണിക്ക് ശേഷം ആരാവും സിഎസ്‌കെ നായകനെന്നതാണ് പ്രധാന ചോദ്യം. കൂടുതല്‍ സാധ്യത റുതുരാജ് ഗെയ്ക് വാദിനാണ്. എന്നാല്‍ ധോണി നയിക്കുകയും അതുല്യ നേട്ടങ്ങളിലേക്കെത്തിക്കുകയും ചെയ്ത സിഎസ്‌കെയെ മുന്നോട്ട് നയിക്കുകയെന്നത് പുതിയ നായകനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവുമെന്നുറപ്പ്.