ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ താരലേലം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ റെക്കോഡ് പ്രതിഫലമാണ് പല താരങ്ങളും നേടിയിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് സ്റ്റാര്‍ക്കിന് ലഭിച്ചിരിക്കുന്നത്. പാറ്റ് കമ്മിന്‍സിനെ 20.5 കോടി പ്രതിഫലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി.
ലേലത്തില്‍ പ്രതീക്ഷിക്കാത്ത പല താരങ്ങള്‍ക്കും വലിയ പ്രതിഫലം നേടിയെടുക്കാനായി. എന്നാല്‍ 10 കോടിയിലധികം പ്രതിഫലം പ്രതീക്ഷിച്ചവരില്‍ ചിലര്‍ക്ക് വളരെയധികം നിരാശപ്പെടേണ്ടി വന്നു. ഇത്തരത്തില്‍ നിരാശപ്പെടേണ്ടി വന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സാണ്. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന് 50 ലക്ഷം രൂപയാണ് ലഭിച്ചത്. കോടികള്‍ പ്രതിഫലം അര്‍ഹിക്കുന്നവനാണ് സ്റ്റബ്‌സ്.
എന്നാല്‍ 50 ലക്ഷത്തിലേക്ക് താരം ഒതുങ്ങി. രണ്ടാമത്തെ താരം വനിന്‍ഡു ഹസരങ്കയാണ്. അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു വനിന്‍ഡു ഹസരങ്ക. 10 കോടിയിലധികം പ്രതിഫലം വാങ്ങിയിരുന്ന താരത്തിന് ഈ സീസണിലും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും ഹസരങ്കയ്ക്ക് കഴിവുണ്ട്. എന്നാല്‍ 1.5 കോടിയാണ് ആകെ പ്രതിഫലം ലഭിച്ചത്. വലിയ വെല്ലുവിളികളില്ലാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഹസരങ്കയെ സ്വന്തമാക്കിയത്.
അദ്ദേഹത്തെ സംബന്ധിച്ച് ഈ തുക പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് പറയാം. മറ്റൊരു താരം രചിന്‍ രവീന്ദ്രയാണ്. അവസാന ഏകദിന ലോകകപ്പിലൂടെ എല്ലാവരുടേയും ശ്രദ്ധ നേടിയ താരമാണ് രചിന്‍ രവീന്ദ്ര. ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ താരം ഏത് ടീമിനും മുതല്‍ക്കൂട്ടാണ്. എന്നാല്‍ 1.80 കോടി രൂപയിലേക്കൊതുങ്ങി. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് രചിനെ സ്വന്തമാക്കിയത്. മറ്റൊരു താരം ട്രവിസ് ഹെഡാണ്. 6.8 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഹെഡിനെ സ്വന്തമാക്കിയത്.

ഭേദപ്പെട്ട പ്രതിഫലമാണിത്. എന്നാല്‍ ഹെഡിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ 10 കോടിയിലധികം പ്രതിഫലം താരം അര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ പ്രതിഫലം ഹെഡിനെ സന്തോഷിപ്പിക്കുന്നതല്ലെന്നുറപ്പാണ്. ചില അപ്രതീക്ഷിത താരങ്ങള്‍ ആദ്യ സെറ്റുകളില്‍ അണ്‍സോള്‍ഡായതാണ് കൗതുകം. റില്ലി റൂസോ ആദ്യ സെറ്റില്‍ അണ്‍സോള്‍ഡായി.
കരുണ്‍ നായര്‍, രോഹന്‍ കുന്നുമ്മല്‍, ലോക്കി ഫെര്‍ഗൂസന്‍, മനാന്‍ വോറ, സര്‍ഫറാസ് ഖാന്‍, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രാജ് അങ്കാദ് ബാവ, ഹൃത്വിക് ഷൊക്കീന്‍ എന്നിവര്‍ക്കൊന്നും ആദ്യ റൗണ്ടില്‍ ആവശ്യക്കാരില്ലാതെ പോയി.