മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. പല പ്രമുഖ താരങ്ങളും ടീമിന് പുറത്തായപ്പോള്‍ പ്രതീക്ഷിക്കാത്ത താരങ്ങള്‍ നിലനിര്‍ത്തപ്പെട്ടിട്ടുമുണ്ട്. എല്ലാ ടീമുകളും ആറിലധികം താരങ്ങളെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.
ചില താരങ്ങളെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയത് തെറ്റായ തീരുമാനമായിപ്പോയെന്ന് ആരാധകര്‍ കരുതുന്നുണ്ട്. എന്നാല്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ കൈവിടലുകള്‍ നടന്നിരിക്കുന്നത്. നിലവില്‍ ടീമുകള്‍ കൈവിട്ട താരങ്ങളെ അതേ ടീം ലേലത്തിലൂടെ തിരിച്ചെത്തിക്കാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ഒഴിവാക്കിയ ടീം തിരിച്ചെത്തിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം വനിന്‍ഡു ഹസരങ്കയാണ്. ശ്രീലങ്കന്‍ സ്പിന്നറെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് പുറത്താക്കിയത്.
നിലവില്‍ 10.75 കോടിയാണ് ഹസരങ്കയുടെ പ്രതിഫലം. എന്നാല്‍ ഇതിനൊത്ത പ്രകടനം താരം നടത്തുന്നില്ല. കൂടാതെ പരിക്കും അദ്ദേഹത്തെ വേട്ടയാടുന്നു. അതുകൊണ്ടാണ് ഹസരങ്കയെ ആര്‍സിബി നിലവില്‍ ഒഴിവാക്കിയത്. എന്നാല്‍ ലേലത്തിലൂടെ കുറഞ്ഞ തുകയ്ക്ക് ഹസരങ്കയെ തിരിച്ചെത്തിക്കാന്‍ ആര്‍സിബി ശ്രമിക്കാന്‍ സാധ്യതയുണ്ട്. ലേലത്തില്‍ വലിയ തുക ഹസരങ്കയ്ക്ക് പ്രതീക്ഷിക്കാനാവില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ആര്‍സിബിക്ക് വലിയ പ്രയാസമില്ലാതെ താരത്തെ തിരിച്ചെത്തിക്കാനായേക്കും.
രണ്ടാമത്തെ താരം ഹര്‍ഷല്‍ പട്ടേലാണ്. ഇന്ത്യന്‍ പേസറെ ആര്‍സിബിയാണ് കൈവിട്ടത്. ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള ബൗളറാണ് ഹര്‍ഷലെങ്കിലും തല്ലുകൊള്ളിയായ ബൗളറാണെന്നതാണ് എടുത്തു പറയേണ്ടത്. 10.75 കോടിയാണ് ഹര്‍ഷലിന് ആര്‍സിബി നല്‍കിയിരുന്ന പ്രതിഫലം. എന്നാല്‍ ഇത്രയും തുകയ്ക്കുള്ള പ്രകടന നിലവാരം ഹര്‍ഷല്‍ കാട്ടുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് താരത്തെ ഒഴിവാക്കിയത്. എന്നാല്‍ കുറഞ്ഞ തുകയ്ക്ക് ഹര്‍ഷലിനെ തിരിച്ചെത്തിക്കാന്‍ ആര്‍സിബി ശ്രമിച്ചേക്കും.

മൂന്നാമത്തെ താരം ഹാരി ബ്രൂക്കാണ്. ഇംഗ്ലണ്ട് സൂപ്പര്‍ താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഒഴിവാക്കിയത്. അവസാന സീസണിലാണ് ബ്രൂക്ക് തന്റെ ആദ്യ ഐപിഎല്‍ കളിക്കുന്നത്. 13.25 എന്ന വലിയ തുകയ്ക്കാണ് താരത്തെ ഹൈദരാബാദ് ഒപ്പം കൂട്ടിയത്. ഒരു സെഞ്ച്വറി നേടിയെങ്കിലും പ്രതീക്ഷിച്ച സ്ഥിരതയോടെ തിളങ്ങാന്‍ ബ്രൂക്കിന് സാധിച്ചിരുന്നില്ല. ഇതോടെ ബ്രൂക്കിനെ ഹൈദരാബാദ് കൈവിട്ടു. എന്നാല്‍ പ്രതിഭാശാലിയായ താരമാണ് ബ്രൂക്ക്.
കുറഞ്ഞ ലേലത്തുകയ്ക്ക് ബ്രൂക്കിനെ തിരിച്ചെത്തിക്കാന്‍ ഹൈദരാബാദ് ശ്രമിച്ചേക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശാര്‍ദ്ദുല്‍ ടാക്കൂറിനെ ഒഴിവാക്കിയത് അല്‍പ്പം കൗതുകമുള്ള തീരുമാനമായിരുന്നു. 10.75 കോടിയാണ് ശാര്‍ദ്ദുലിന് കൊല്‍ക്കത്തയില്‍ നല്‍കിയിരുന്ന പ്രതിഫലം. എന്നാല്‍ ഇതിനുള്ള പ്രകടനം കാഴ്ചവെക്കാന്‍ ശാര്‍ദ്ദുലിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ ഒഴിവാക്കി ലേലത്തിലൂടെ തിരിച്ചെത്തിക്കുകയെന്നതാവും കെകെആറിന്റെ പദ്ധതി.
സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനേയും കെകെആര്‍ ഒഴിവാക്കിയിരുന്നു. 10 കോടിയാണ് ഫെര്‍ഗൂസന് പ്രതിഫലമായി നല്‍കിയിരുന്നത്. എന്നാല്‍ പേസര്‍ തല്ലുകൊള്ളിയായതിനാല്‍ ഇത്രയും പണം നല്‍കുന്നത് നഷ്ട കച്ചവടമാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കൈവിട്ട് ലേലത്തിലൂടെ ഫെര്‍ഗൂസനെ തിരിച്ചെത്തിക്കാന്‍ കെകെആര്‍ ശ്രമിച്ചേക്കും. പഞ്ചാബ് കിങ്‌സ് സൂപ്പര്‍ ഫിനിഷര്‍ ഷാരൂഖ് ഖാനേയും ഒഴിവാക്കിയിരുന്നു. 9 കോടി രൂപയാണ് താരത്തിന് പ്രതിഫലം നല്‍കിയിരുന്നത്.
മികച്ച താരമാണെങ്കിലും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ ഷാരൂഖിന് സാധിക്കാതെ പോയതോടെ താരത്തെ പഞ്ചാബ് കിങ്‌സ് കൈവിട്ടു. എന്നാല്‍ ലേലത്തില്‍ കുറഞ്ഞ തുകയ്ക്ക് താരത്തെ തിരിച്ചെത്തിക്കാന്‍ പഞ്ചാബ് ശ്രമിച്ചേക്കും. ഷാരൂഖിനായി വാശിയേറിയ പോരാട്ടം നടക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പഞ്ചാബിന്റെ പദ്ധതികളെല്ലാം പാളാനും സാധ്യതയുണ്ട്.