ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മിനി താരലേലമടക്കം പൂര്‍ത്തിയായതോടെ ഇനി പടയൊരുക്കത്തിന്റെ സമയമാണ്. ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഐപിഎല്ലാണെന്നിരിക്കെ ഇത്തവണത്തെ ടൂര്‍ണമെന്റിന് പ്രാധാന്യമേറെ. പല താരങ്ങള്‍ക്കും ടി20 ലോകകപ്പില്‍ സീറ്റ് നേടാന്‍ ഐപിഎല്ലില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍.
ഇന്ത്യ ഇഷാന്‍ കിഷനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാതിരുന്നാല്‍ സഞ്ജുവിന് വിളിയെത്താനാണ് സാധ്യത. എന്നാല്‍ രാജസ്ഥാനൊപ്പം സഞ്ജുവിന് തിളങ്ങേണ്ടതായുണ്ട്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. ഒരു തവണ ടീമിനെ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിനായെങ്കിലും പിന്നീടങ്ങോട്ട് വലിയ മികവ് കാട്ടാനായിട്ടില്ല. അവസാന സീസണിലും രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താനായിരുന്നില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന സീസണ്‍ സഞ്ജുവിന് വളരെ പ്രധാനപ്പെട്ടതാണ്.
രാജസ്ഥാന്റെ നായകനെന്ന നിലയില്‍ സഞ്ജു ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്ത് നിന്ന് നീക്കി ജോസ് ബട്‌ലറെ നായകനാക്കണമെന്ന ആവശ്യം ഒരു വിഭാഗം മുന്നോട്ടുവെക്കുകയാണ്. ഇതില്‍ സഞ്ജുവിനോട് അടുത്ത ബന്ധമുള്ളവര്‍ പോലുമുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇത്തരത്തില്‍ സഞ്ജുവിനിട്ട് പാര പണിയുന്നവര്‍ ആരൊക്കെയാണെന്ന് നോക്കാം.
ഇതില്‍ മുന്നില്‍ നില്‍ക്കുന്നവരില്‍ ഒരാള്‍ എസ് ശ്രീശാന്താണ്. സഞ്ജുവിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് ശ്രീശാന്താണെന്ന് പറയാം. രാഹുല്‍ ദ്രാവിഡിന് മുന്നില്‍ സഞ്ജുവിനെ പരിചയപ്പെടുത്തുന്നതും രാജസ്ഥാനിലേക്കുള്ള വഴിതുറന്നതും ശ്രീശാന്താണ്. എന്നാല്‍ സമീപകാലത്തായി ശ്രീശാന്ത് സഞ്ജുവിനെ അനുകൂലിച്ചല്ല സംസാരിക്കുന്നത്. കഴിഞ്ഞിടെ സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടിരുന്നു.

നായകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സഞ്ജുവിന് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാവില്ലെന്നും അതുകൊണ്ടുതന്നെ നായകസ്ഥാനം ഉപേക്ഷിച്ച് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തിന്റെ പേരില്‍ വലിയ വിമര്‍ശനം ശ്രീശാന്തിന് നേരിട്ടിരുന്നു. സൈബര്‍ ആക്രമണം തന്നെ ശ്രീശാന്ത് നേരിട്ടുവെന്ന് പറയാം.
മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറും സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവുകള്‍ക്കൊപ്പം ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനം ഒഴിയണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. സഞ്ജുവിന്റെ ശൈലി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ഗവാസ്‌കര്‍ ഉപദേശിച്ചപ്പോള്‍ മലയാളി താരം ഇതിനെ അവഗണിച്ചിരുന്നു.
ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന ശൈലിയില്‍ സഞ്ജു ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിന് ശേഷം സഞ്ജുവിനെ അവസരം ലഭിക്കുമ്പോഴേല്ലാം ഗവാസ്‌കര്‍ ആക്രമിക്കാറുണ്ട്. സഞ്ജയ് മഞ്ജരേക്കറും സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനം ഒഴിയണമെന്നും ബാറ്റിങ്ങില്‍ ശ്രദ്ധിക്കണമെന്നും അഭിപ്രായമുള്ളവരിലൊരാളാണ്. സമയം കിട്ടുമ്പോഴെല്ലാം സഞ്ജുവിനെ വിമര്‍ശിക്കാന്‍ സഞ്ജയ് ശ്രമിക്കാറുണ്ട്. എന്നാല്‍ സഞ്ജുവിന്റെ വലിയ ആരാധക പിന്തുണയാണ് കടന്നാക്രമിച്ച് വിമര്‍ശിക്കാന്‍ ആരും ധൈര്യം കാട്ടാത്തതിന് കാരണം.
മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ടും സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനം ഒഴിയണമെന്നും ബാറ്റിങ്ങില്‍ ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ബട്ട് ഇത്തരത്തില്‍ പറഞ്ഞെങ്കിലും സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളെ അഭിനന്ദിക്കാന്‍ മടികാട്ടാത്ത താരമാണ്. സഞ്ജുവിന്റെ പ്രതിഭയെ അംഗീകരിക്കുന്ന താരമാണ് സല്‍മാന്‍ ബട്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്തായാലും വരുന്ന സീസണ്‍ സഞ്ജുവിന് നിര്‍ണ്ണായകമാണ്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം കൈവിട്ടാല്‍ സഞ്ജുവിനത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്. രാജസ്ഥാന്റെ നായകനായി ഇരിക്കുന്നതാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ പരിഗണന ലഭിക്കാനുള്ള കാരണങ്ങളിലൊന്ന്. നായകസ്ഥാനം നഷ്ടപ്പെട്ടാല്‍ സഞ്ജുവിനത് വലിയ തിരിച്ചടിയായിരിക്കുമെന്ന് നിസംശയം പറയാം.