ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം 19ന് നടക്കാന്‍ പോവുകയാണ്. ദുബായിലാണ് മിനി താരലേലം നടക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിന് പ്രാധാന്യമേറെ. അവസാന സീസണില്‍ കളിക്കാതിരുന്ന പല സൂപ്പര്‍ താരങ്ങളും ഇത്തവണത്തെ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. മിക്ക ടീമുകളും ആറിലധികം താരങ്ങളെ ലേലത്തിന് മുമ്പ് ഒഴിവാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇത്തവണ നിരവധി താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. ടീമുകളുടെ പേഴ്‌സിലെ തുകയും ഉയര്‍ത്തിയതോടെ വാശിയേറിയ പോരാട്ടം ഇത്തവണത്തെ ലേലത്തില്‍ കാണാനായേക്കും. മിനി ലേലത്തിന് മുമ്പ് ചില താരങ്ങളെ എന്തിന് ഒഴിവാക്കിയെന്ന ചോദ്യം പലരും ചോദിക്കുന്നുണ്ടാവും. എന്നാല്‍ ഒഴിവാക്കപ്പെട്ടവരിലെ ചിലര്‍ക്ക് ഒഴിവാക്കിയത് സന്തോഷം നല്‍കുന്ന കാര്യമാണ്. കാരണം നിലവില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം മിനി താരലേലത്തില്‍ ചിലര്‍ക്ക് ലഭിച്ചേക്കും.
അത് ആര്‍ക്കൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയാണ്. ആര്‍സിബി താരമായിരുന്ന ഹസരങ്കയ്ക്ക് 10.75 കോടിയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള താരം ആര്‍സിബിക്കായി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഹസരങ്കയെ ഒഴിവാക്കാനാണ് ആര്‍സിബി തീരുമാനിച്ചത്. പല ടീമുകള്‍ക്കും മികച്ച സ്പിന്നര്‍മാരെ അത്യാവശ്യമാണ്.
മുംബൈ ഇന്ത്യന്‍സിനും സ്പിന്‍ നിരയിലേക്ക് താരത്തെ വേണം. പലരും ഹസരങ്കയ്ക്കായി രംഗത്തെത്തിയേക്കും. അങ്ങനെ നോക്കുമ്പോള്‍ 14 കോടിക്ക് മുകളിലേക്ക് ഹസരങ്കയുടെ പ്രതിഫലം ഉയരാനാണ് സാധ്യത. രണ്ടാമത്തെ താരം കാര്‍ത്തിക് ത്യാഗിയാണ്. ഇന്ത്യയുടെ യുവ പേസര്‍മാരിലൊരാളായ കാര്‍ത്തിക് ത്യാഗി ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നാല് കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.

ഇത്തവണ മിനി താരലേലത്തിലേക്കെത്തിപ്പെട്ട ത്യാഗിക്ക് വലിയ പ്രതിഫലം ഇത്തവണ ലഭിച്ചേക്കും. 154 വേഗം കുറിച്ച് ഞെട്ടിപ്പിക്കാന്‍ ത്യാഗിക്ക് സാധിച്ചിട്ടുണ്ട്. പല പ്രമുഖ ടീമുകള്‍ക്കും ഇന്ത്യന്‍ പേസര്‍മാരെ അത്യാവശ്യമായതിനാല്‍ കാര്‍ത്തിക് ത്യാഗിക്ക് വലിയ പ്രതിഫലം തന്നെ ലഭിച്ചേക്കും. മൂന്നാമത്തെ താരം ഷാരൂഖ് ഖാനാണ്. പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന ഷാരൂഖിന് 9 കോടിയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്.
ഫിനിഷര്‍ റോളില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരത്തെ മിനി ലേലത്തിന് മുമ്പ് പഞ്ചാബ് ഒഴിവാക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരത്തിന് ആവശ്യക്കാരേറെ. ഇത്തവണ 10 കോടിയിലധികം പ്രതിഫലം ഷാരൂഖിന് ലഭിച്ചാലും അത്ഭുതപ്പെടാനാവില്ല. തമിഴ്‌നാട് താരത്തെ സിഎസ്‌കെ സ്വന്തമാക്കാനുള്ള സാധ്യതകളും കൂടുതലാണ്.
മറ്റൊരു താരം ട്രിസ്റ്റന്‍ സ്റ്റബ്‌സാണ്. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. 20 ലക്ഷം രൂപ മാത്രമായിരുന്നു താരത്തിന്റെ പ്രതിഫലം. മുംബൈ വേണ്ടവിധം ഉപയോഗിക്കാതെയാണ് താരത്തെ ഒഴിവാക്കിയത്. പലരും 23കാരനായ സ്റ്റബ്‌സിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. എന്തായാലും അഞ്ച് കോടിയിലധികം പ്രതിഫലം ഇത്തവണ സ്റ്റബ്‌സിന് ലഭിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.
ഇത്തവണ ലേലത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങാന്‍ ചിലര്‍ മത്സരിക്കുന്നുണ്ട്. ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇത്തവണ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങാന്‍ സാധ്യത. 15കോടിയിലധികം പ്രതിഫലം സ്റ്റാര്‍ക്കിന് ലഭിച്ചേക്കും. ഓസീസ് ഓപ്പണര്‍ ട്രവിസ് ഹെഡാണ് മറ്റൊരാള്‍. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹെഡ് ഫൈനലിലടക്കം സെഞ്ച്വറി നേടിയിരുന്നു. ഹെഡിനും വലിയ പ്രതിഫലം ലഭിച്ചേക്കും. ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയും വലിയ പ്രതിഫലം നേടാന്‍ കെല്‍പ്പുള്ള താരമാണ്.