മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം 19ന് നടക്കാന്‍ പോവുകയാണ്. അവസാന സീസണിലെ പിഴവുകള്‍ തിരുത്തി ടീമുകള്‍ താരങ്ങളെ സ്വന്തമാക്കാനുള്ള തന്ത്രം മെനയുന്ന സമയമാണിത്. ഇത്തവണ നിരവധി താരങ്ങളാണ് ലേലത്തിലൂടെ ടീമിലേക്ക് ഇടം പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഒട്ടുമിക്ക വിദേശ താരങ്ങളും ഇത്തവണത്തെ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇത്തവണ ചില താരങ്ങള്‍ക്ക് ലേലത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അടിസ്ഥാന വില ലഭിച്ചിട്ടുണ്ട്. കേദാര്‍ ജാദവിന് രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ഏഞ്ചലോ മാത്യൂസിനും രണ്ട് കോടിയാണ് അടിസ്ഥാന വില. ഇവരെല്ലാം അണ്‍സോള്‍ഡാവാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇത്തവണ താരതമ്യേനെ കുറഞ്ഞ അടിസ്ഥാന വില ലഭിക്കുകയും ലേലത്തില്‍ കോടികള്‍ നേടാന്‍ സാധ്യതയുള്ളതുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയാണ്. അവസാന ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് രചിന്‍ കാഴ്ചവെച്ചത്. മൂന്ന് സെഞ്ച്വറിയടക്കം നേടി കസറാന്‍ രചിനായിരുന്നു. സ്പിന്നറെന്ന നിലയിലും അദ്ദേഹം ടീമിന് ഉപകാരിയാണ്. ഇടം കൈയന്‍ താരമാണെന്നതാണ് എടുത്തു പറയേണ്ടത്. അരങ്ങേറ്റ ഐപിഎല്ലിനൊരുങ്ങുന്ന രചിന് 50 ലക്ഷം മാത്രമാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ലേലത്തില്‍ എല്ലാവരും നോട്ടമിടുന്ന താരങ്ങളിലൊരാളാണ് രചിന്‍.
സിഎസ്‌കെ, ആര്‍സിബി, മുംബൈ തുടങ്ങി പ്രധാന ടീമുകളെല്ലാം രചിനില്‍ താല്‍പര്യം കാട്ടിയേക്കും. അതുകൊണ്ടുതന്നെ അഞ്ച് കോടിയിലധികം പ്രതിഫലം രചിന് ഉറപ്പായും ലഭിച്ചേക്കും. 10 കോടിക്ക് മുകളിലേക്ക് രചിന്റെ പ്രതിഫലം ഉയരാനും സാധ്യത കൂടുതലാണ്. എന്തായാലും രചിനായി വാശിയേറിയ ലേലം ഉറപ്പാണ്. ആര്‍സിബിക്കായി കളിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് നേരത്തെ രചിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

രണ്ടാമത്തെ താരം ശിവം മാവിയാണ്. പേസറായ മാവി വാലറ്റത്ത് ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും ശേഷിയുള്ളവനാണ്. 50 ലക്ഷമാണ് ഇത്തവണ താരത്തിന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചിട്ടുള്ള താരം ഗുജറാത്ത് ടൈറ്റന്‍സിന്റെയും ഭാഗമായിരുന്നു. ഇതിനോടകം ഇന്ത്യക്കായും അദ്ദേഹം കളിച്ചു. എന്നാല്‍ പ്രതീക്ഷിച്ച അടിസ്ഥാന തുക ശിവം മാവിക്ക് ലഭിച്ചില്ല. പക്ഷെ ലേലത്തില്‍ മാവി നേട്ടമുണ്ടാക്കിയേക്കും. അതിനുള്ള പ്രതിഭ മാവിക്കുണ്ട്.
പല ടീമുകള്‍ക്കും മികച്ച ഇന്ത്യന്‍ പേസര്‍മാരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ മാവിക്കായി വാശിയേറിയ ലേലം നടന്നേക്കും. അഞ്ച് കോടിയിലധികം പ്രതിഫലം മാവിക്ക് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദോ പഞ്ചാബ് കിങ്‌സോ മാവിയെ സ്വന്തമാക്കാനാണ് സാധ്യത കൂടുതല്‍. രണ്ട് ടീമും മാവിയില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
കെ എസ് ഭരത്താണ് മൂന്നാമത്തെ താരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഭരത്തിനെ ഗുജറാത്ത് ടൈറ്റന്‍സാണ് ഒഴിവാക്കിയത്. വമ്പനടിക്കാരനല്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്. 50 ലക്ഷമാണ് അദ്ദേഹത്തിന് അടിസ്ഥാന വില ലഭിച്ചിരിക്കുന്നത്. ലേലത്തില്‍ അഞ്ച് കോടിക്ക് മുകളില്‍ ഭരത്തിന് പ്രതിഫലം ലഭിച്ചേക്കും. ആര്‍സിബി, ഗുജറാത്ത് ടീമുകള്‍ ഭരത്തിനെ ഒഴിവാക്കിയതാണ്. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും ടീമിലേക്കാവും ഭരത്ത് പോവുക.
ന്യൂസീലന്‍ഡിന്റെ മധ്യനിര ബാറ്റ്‌സ്മാനാണ് ഡാരില്‍ മിച്ചല്‍. വമ്പനടിക്കാരനായ താരം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും താരം തിളങ്ങിയിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് മിച്ചല്‍. ഒരു കോടി രൂപയാണ് താരത്തിന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ലേലത്തില്‍ 10 കോടിയിലധികം വില ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് ഡാരില്‍ മിച്ചലെന്ന് പറയാം.