മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം 19ന് നടക്കാന്‍ പോവുകയാണ്. ഇത്തവണയും വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന സീസണുകളിലെ പിഴവുകള്‍ തിരുത്തി തന്ത്രങ്ങള്‍ മെനയുന്ന ടീമുകള്‍ ലേലത്തെ ആവേശത്തോടെയാണ് കാണുന്നത്. മിനി താരലേലത്തിന് മുമ്പായി എല്ലാ ടീമുകളും ആറിലധികം താരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ താരലേലത്തില്‍ ഇത്തവണ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും.
1155 താരങ്ങളാണ് ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ പ്രധാന താരങ്ങളെല്ലാം ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പാക് താരങ്ങള്‍ക്ക് ഐപിഎല്ലിലുള്ള വിലക്ക് തുടരുകയാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പാക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ ടീമില്‍ നിന്ന് വിരമിച്ചവര്‍ക്ക് പോലും അവസരം നല്‍കുന്നില്ല.
എന്നാല്‍ ഐപിഎല്‍ ഭരണസമിതിയും ബിസിസി ഐയും ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയും വിരമിച്ച പാക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ അവസരം നല്‍കുകയും ചെയ്താല്‍ മികവ് കാട്ടാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മുഹമ്മദ് അമീറാണ്. പാകിസ്താന്റെ സൂപ്പര്‍ ഇടം കൈയന്‍ പേസറായിരുന്നു അമീര്‍. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിവുള്ള അമീര്‍ പാകിസ്താന്‍ ടീമില്‍ നിന്ന് ഇതിനോടകം വിരമിച്ച് കഴിഞ്ഞു.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ഉടക്കിനെത്തുടര്‍ന്നാണ് അമീര്‍ പ്രതീക്ഷിച്ചതിലും നേരത്തെ കളിനിര്‍ത്തിയത്. ഒത്തുകളി കേസില്‍ അകപ്പെട്ടുകയും വിലക്ക് നേരിടുകയും ചെയ്ത താരം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പാക് ടീമില്‍ നിന്ന് വിരമിച്ച ശേഷവും ലീഗ് ക്രിക്കറ്റുകളില്‍ അദ്ദേഹം സജീവമാണ്. നിലവില്‍ ഭാര്യയോടൊപ്പം ബ്രിട്ടണിലാണ് അമീര്‍ താമസിക്കുന്നത്. ടി10 ലീഗ് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് അമീര്‍ കാഴ്ചവെക്കുന്നത്.

നേരത്തെ തന്നെ ഐപിഎല്‍ കളിക്കാനുള്ള താല്‍പര്യം അമീര്‍ പങ്കുവെച്ചിരുന്നു. അമീറിനെ ഐപിഎല്ലിലേക്ക് പരിഗണിച്ചാല്‍ ലേലത്തില്‍ കോടികള്‍ പ്രതിഫലം ലഭിക്കുമെന്നുറപ്പാണ്. രണ്ടാമത്തെ താരം ഇമാദ് വാസിമാണ്. സ്പിന്‍ ഓള്‍റൗണ്ടറായ ഇമാദ് വാസിമും ഐപിഎല്ലില്‍ കളിക്കാന്‍ യോഗ്യതയുള്ള താരമാണ്. വെയ്ല്‍സിലാണ് താരം ജനിച്ചത്. പിന്നീട് പാകിസ്താനിലേക്കെത്തുകയായിരുന്നു. മികച്ച താരമാണെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അവഗണനയെത്തുടര്‍ന്നാണ് ഇമാദ് നേരത്തെ വിരമിച്ചത്.
പാകിസ്താന്‍ സൂപ്പര്‍ ലീഗിലടക്കം പല പ്രധാന ലീഗ് ക്രിക്കറ്റുകളിലും ഇമാദ് സജീവമാണ്. മാച്ച് വിന്നറായ താരമാണ് ഇമാദ് വാസിം. ഐപിഎല്‍ ടീമുകള്‍ക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ഇമാദ്. എന്നാല്‍ അനുവാദമില്ലാത്തതാണ് പ്രശ്‌നം. മൂന്നാമത്തെ താരം സമി അസ്ലമാണ്. മുന്‍ പാക് താരം ഇപ്പോള്‍ അമേരിക്കയിലാണ് താമസം. എംഎല്‍സിയില്‍ ടെക്‌സാസ് സൂപ്പര്‍ കിങ്‌സിനായി അദ്ദേഹം കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്ലിലേക്കും അദ്ദേഹത്തെ പരിഗണിക്കാവുന്നതാണ്.
ഇഹ്‌സാന്‍ ആദിലാണ് മറ്റൊരു താരം. 2015ലെ ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ ഭാഗമായിരുന്നു ഇഹ്‌സാന്‍. ഇപ്പോള്‍ പാകിസ്താന്‍ ടീമില്‍ നിന്ന് വിരമിച്ച് അമേരിക്കയിലാണ് അദ്ദേഹമുള്ളത്. താരത്തേയും പരിഗണിക്കാവുന്നതാണ്. ഐപിഎല്ലിന്റെ ആദ്യ സമയത്ത് പാക് താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. ഷുഹൈബ് അക്തര്‍, കമ്രാന്‍ അക്മല്‍, ഷാഹിദ് അഫ്രീദി തുടങ്ങിയ പല പ്രമുഖ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുത്തിരുന്നു.
പിന്നീടാണ് വിലക്ക് വന്നത്. ഇപ്പോഴത്തെ പാക് താരങ്ങളില്‍ പല പ്രമുഖര്‍ക്കും ഐപിഎല്ലില്‍ കളിച്ചാല്‍ വലിയ സ്വീകാര്യത ലഭിച്ചേക്കും. ഷഹീന്‍ ഷാ അഫ്രീദി, ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ തുടങ്ങിയവരെല്ലാം ഐപിഎല്ലിലേക്കെത്തിയാല്‍ ടീമുകള്‍ വലിയ വില നല്‍കിത്തന്നെ സ്വന്തമാക്കിയേക്കും. എന്നാല്‍ നിലവില്‍ പാക് താരങ്ങളെ പങ്കെടുപ്പിക്കേണ്ടെന്ന കര്‍ശന നിലപാടിലാണ് ബിസിസിഐ.