ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഷെഡ്യൂളടക്കം പുറത്തുവന്നുകഴിഞ്ഞു. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. 17ാം സീസണിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ നിലവിലെ ടീമിനെ വെച്ച് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് എല്ലാവര്‍ക്കും മുന്നിലുള്ളത്. അവസാന സീസണില്‍ സിഎസ്‌കെയാണ് കിരീടം നേടിയത്. ഇ സീസണോടെ എംഎസ് ധോണി പടിയിറങ്ങാന്‍ കാത്തിരിക്കവെ സിഎസ്‌കെ കിരീടം നിലനിര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പല സൂപ്പര്‍ താരങ്ങളും ഈ സീസണിന് ശേഷം വിരമിക്കാന്‍ തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ പല യുവതാരങ്ങളും വളര്‍ന്നുവരുന്ന സമയം കൂടിയാണിത്. പ്രതിഭാശാലികളായ പല യുവതാരങ്ങളും വരുന്ന സീസണിലൂടെ വരവറിയിക്കാന്‍ കാത്തിരിക്കുകയാണ്. ഇത്തരത്തില്‍ ഞെട്ടിപ്പിക്കാന്‍ കെല്‍പ്പുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ചിലര്‍ അരങ്ങേറാന്‍ കാത്തിരിക്കുകയാണ്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം റോബിന്‍ മിന്‍സാണ്.
ആഭ്യന്തര ക്രിക്കറ്റിലൂടെ ഇതിനോടകം എല്ലാവര്‍ക്കും അറിയാവുന്ന പേരുകളിലൊന്നാണ് റോബിന്‍ മിന്‍സിന്റേത്. ജാര്‍ഖണ്ഡിന്റെ ക്രിസ് ഗെയ്ല്‍ എന്ന് അറിയപ്പെടുന്ന താരം വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. തല്ലിപ്പറത്തുന്ന ബാറ്റിങ് ശൈലിയുള്ള താരം ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ക്രിക്കറ്റ് താരമാണ്. അവസാന മിനി താരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 3 കോടി രൂപക്കാണ് റോബിനെ സ്വന്തമാക്കിയത്. വൃദ്ധിമാന്‍ സാഹക്ക് പകരം ഇന്ത്യ റോബിനെ ടീമിലേക്ക് പരിഗണിച്ചേക്കും.
സാഹ പ്രായം തളര്‍ത്താതെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പകരക്കാരനെ ഗുജറാത്ത് കണ്ടെത്തേണ്ടതായുണ്ട്. ഈ റോളിലേക്കാണ് റോബിനെ പരിഗണിച്ചിരിക്കുന്നത്. വരുന്ന സീസണില്‍ റോബിന് അരങ്ങേറ്റം ലഭിക്കാനാണ് സാധ്യത. 21കാരനായ താരം ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള താരമാണ്. വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ കൈക്കരുത്ത് ഉപയോഗിച്ച് കസറുന്നതുപോലെ റോബിനും കസറിയേക്കും. വരുന്ന സീസണില്‍ താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം പ്രതീക്ഷിക്കാം.

ഷെയ്ഖ് റഷീദാണ് മറ്റൊരു താരം. പ്രതിഭാശാലിയായ വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് റഷീദ്. 19കാരനായ താരം അണ്ടര്‍ 19 ക്രിക്കറ്റിലൂടെ തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു. ഭാവിയില്‍ സിഎസ്‌കെയില്‍ എംഎസ് ധോണിയുടെ പകരക്കാരനായി പരിഗണിക്കാന്‍ സാധ്യതയുള്ള വിക്കറ്റ് കീപ്പറാണ് റഷീദെന്ന് പറയാം. ധോണിയുടെ കാല്‍മുട്ടിന് ചില പ്രശ്‌നങ്ങളുണ്ട്. ഇതിനെ അവഗണിച്ചാണ് അവസാന സീസണില്‍ അദ്ദേഹം വിക്കറ്റ് കീപ്പറായത്.
അതുകൊണ്ടുതന്നെ ഇത്തവണ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് ധോണി മാറി നില്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. പകരം യുവതാരം റഷീദിന് വിളി ലഭിക്കുമോയെന്നത് കണ്ടറിയണം. 11 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 541 റണ്‍സും ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 62 റണ്‍സും 10 ടി20യില്‍ 296 റണ്‍സുമാണ് റഷീദ് നേടിയത്. ഇതിനോടകം ടി20 സെഞ്ച്വറിയടക്കം നേടാന്‍ താരത്തിനായിട്ടുണ്ട്. വലിയ ഭാവി കല്‍പ്പിക്കുന്ന വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് റഷീദ്.
കുമാര്‍ കുശാഗ്രയാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇത്തവണ സര്‍പ്രൈസായി വലിയ പ്രതിഫലം നേടിയ താരമാണ് കുമാര്‍ കുശാഗ്ര. വാശിയേറിയ ലേലത്തിനൊടുവില്‍ 7 കോടി രൂപക്കാണ് കുമാര്‍ കുശാഗ്രയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. റിഷഭ് പന്ത് കളിച്ചാലും വിക്കറ്റിന് പിന്നിലേക്കെത്താന്‍ സമയമെടുക്കും. അതുകൊണ്ടുതന്നെ കുമാര്‍ കുശാഗ്രക്ക് അവസരം ലഭിക്കാനാണ് സാധ്യത.
വമ്പനടിക്കാരനായ താരം നിലവിലെ ഇന്ത്യയുടെ മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍ക്കെല്ലാം വലിയ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവനാണെന്ന് നിസംശയം പറയാം. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ കുശാഗ്രക്ക് മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ കഴിവുണ്ട്. ഡല്‍ഹി നിരയില്‍ കുശാഗ്രക്ക് അരങ്ങേറ്റം ലഭിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.