ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം 19ന് നടക്കാന്‍ പോവുകയാണ്. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തിയവരുടേയും ഒഴിവാക്കിയവരുടേയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇനി തന്ത്രമൊരുക്കി ലേലത്തിനായി ടീമുകള്‍ തയ്യാറെടുക്കുന്ന സമയമാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് വരുന്ന സീസണിലും കപ്പിലേക്കെത്താനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കാരണം അടുത്ത സീസണോടെ ധോണി കളിക്കാരനെന്ന നിലയില്‍ കരിയറിന് ബ്രേക്കിട്ടേക്കും. ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കേണ്ടത് സഹതാരങ്ങളെ സംബന്ധിച്ച് അത്യാവശ്യമാണ്. അതിന് സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ ലേലത്തില്‍ ചില സുപ്രധാന താരങ്ങളെ ധോണിയും സംഘവും നോട്ടമിടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് അമ്പാട്ടി റായിഡുവിന്റെ പകരക്കാരനെയാണ്.
പൊതുവേ ആര്‍ക്കും വേണ്ടാത്ത സീനിയര്‍ താരങ്ങളെ സ്വന്തമാക്കി മികവിലേക്കെത്തിക്കുന്നതാണ് സിഎസ്‌കെയുടെ രീതി. അതുകൊണ്ടുതന്നെയാണ് ടീമിന് വയന്‍സന്‍ പട എന്ന പേരുവീണതും. ഇത്തവണയും ചില സീനിയര്‍ താരങ്ങളെ സിഎസ്‌കെ നോട്ടമിടുന്നുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മുഹമ്മദ് നബിയാണ്. അഫ്ഗാന്‍ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിട്ടുണ്ട്.
ഇത്തവണ ഒഴിവാക്കപ്പെട്ട താരങ്ങളുടെ പട്ടികയിലാണ് സ്പിന്‍ ഓള്‍റൗണ്ടറായ നബിയുള്ളത്. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താനും സ്പിന്‍ ബൗളിങ്ങുകൊണ്ട് വിക്കറ്റുകള്‍ നേടാനും നബിക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ നബിയെ സിഎസ്‌കെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും. ചെന്നൈയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ്. നബിയുടെ മികച്ച ലൈനും ലെങ്തുമുള്ള പന്തുകള്‍ ടീമിന് ഗുണം ചെയ്‌തേക്കും. 38കാരനായ താരത്തിന്റെ ഫീല്‍ഡിങ് അല്‍പ്പം മോശമാണെന്നതാണ് വസ്തുത.

രണ്ടാമത്തെ താരം ഉമേഷ് യാദവാണ്. അവസാന സീസണില്‍ സിഎസ്‌കെ കിരീടം നേടിയെങ്കിലും പേസ് ബൗളിങ് കരുത്ത് മോശമാണ്. പന്ത് നന്നായി സ്വിങ് ചെയ്യിക്കാനും മികച്ച ലൈനും ലെങ്തും ഉപയോഗിച്ച് പന്തെറിയാനും ഉമേഷ് മിടുക്കനാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരതയില്ലെന്നതാണ് പ്രശ്‌നം. ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ഉമേഷിനെ പവര്‍പ്ലേയില്‍ ഉപയോഗിച്ചാല്‍ അദ്ദേഹത്തിന് നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഡെത്തോവറിലേക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.
ധോണിക്ക് കീഴിലേക്ക് ഉമേഷെത്തിയാല്‍ താരത്തിന്റെ കരിയറിലും അത് വലിയ മാറ്റമുണ്ടാക്കിയേക്കും. ധോണിയുടെ നിര്‍ദേശങ്ങള്‍ക്ക് കീഴില്‍ കൂടുതല്‍ അച്ചടക്കത്തോടെ കളിക്കാന്‍ ഉമേഷിന് സാധിച്ചേക്കും. ചെറിയ വിലക്ക് ഉമേഷിനെ സ്വന്തമാക്കാനായേക്കും. അതുകൊണ്ടുതന്നെ സിഎസ്‌കെ ഉമേഷ് യാദവിനെ ലേലത്തില്‍ ഒപ്പം കൂട്ടാനാണ് സാധ്യത കൂടുതല്‍. മൂന്നാമത്തെ താരം ടിം സൗത്തിയാണ്. ന്യൂസീലന്‍ഡിന്റെ സീനിയര്‍ പേസറായ സൗത്തിയുടെ ടി20യിലെ കണക്കുകള്‍ അത്ര മോശമല്ല. മികച്ച സ്വിങ്ങുള്ള ബൗളറാണ് സൗത്തി.
സ്ലോ ബോളുകളെറിഞ്ഞ് വിക്കറ്റ് വീഴ്ത്താന്‍ സൗത്തിക്കാവും. അതിവേഗ പേസറല്ലാത്ത സൗത്തിയുടെ ബൗളിങ് ശൈലി ചെന്നൈയിലെ പിച്ചിന് അനുയോജ്യമായതാണ്. അനുഭവസമ്പന്നനായ പേസറെ സിഎസ്‌കെ ഒപ്പം കൂട്ടാനും സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ള സൗത്തിക്ക് ഇത്തവണ ലേലത്തില്‍ അധികം ആവശ്യക്കാര്‍ ഉണ്ടായേക്കില്ല. അതുകൊണ്ടുതന്നെ സൗത്തിയെ ചെറിയ തുകയ്ക്ക് സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചേക്കും.
സിഎസ്‌കെ ഇത്തവണയും ശക്തമായ താരനിരയാണ്. റുതുരാജ് ഗെയ്ക്‌വാദ്, ഡെവോണ്‍ കോണ്‍വേ എന്നിവരുടെ ഓപ്പണിങ് കൂട്ടുകെട്ടാണ് സിഎസ്‌കെയുടെ കരുത്ത്. അമ്പാട്ടി റായിഡുവിന്റെ വിടവ് നികത്താന്‍ ഒരു താരത്തെ സിഎസ്‌കെ സ്വന്തമാക്കേണ്ടതായുണ്ട്. ഈ റോളിലേക്ക് മനീഷ് പാണ്ഡെയെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അഞ്ച് കിരീടങ്ങളുമായി മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് സിഎസ്‌കെ. അടുത്ത സീസണില്‍ കപ്പ് നേടി മുംബൈയെ മറികടക്കാനാവും സിഎസ്‌കെ ശ്രമിക്കുക.