ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ ആവേശകരമായ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ ആര്‍സിബിയെ നേരിടും. വമ്പന്‍ പോരാട്ടങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കുന്നു. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ നിലവിലെ ടീമുമായി കപ്പടിക്കാനുള്ള അവസാന അവസരമാണ് ടീമുകള്‍ക്കുള്ളത്.
ഐപിഎല്ലിലെ ടീമുകളുടെ പ്രധാന ശക്തി ടീമിലെ ഓള്‍റൗണ്ടര്‍മാരാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ് ഓള്‍റൗണ്ടര്‍മാര്‍. നിലവിലെ ഓള്‍റൗണ്ടര്‍മാരെ പരിഗണിച്ച് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം. ഓപ്പണര്‍മാരായി കെയ്ല്‍ മെയേഴ്‌സും വെങ്കടേഷ് അയ്യരുമാണുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വെങ്കടേഷ് ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് ഞെട്ടിപ്പിക്കുന്ന താരമാണ്.
ഓപ്പണറായി തിളങ്ങുന്ന താരം മീഡിയം പേസുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ കെകെആര്‍ താരത്തെ ബൗളിങ്ങില്‍ കാര്യമായി ഉപയോഗിക്കുന്നില്ല. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഓപ്പണറാണ് കെയ്ല്‍ മെയേഴ്‌സ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരം പന്തുകൊണ്ടും മികവ് കാട്ടുന്നു. വരുന്ന സീസണിലും ലഖ്‌നൗവിന്റെ തുറുപ്പുചീട്ടുകളിലൊന്ന് കെയ്ല്‍ മെയേഴ്‌സാവും. മൂന്നാം നമ്പറില്‍ നിധീഷ് റാണക്കാണ് അവസരം. നായകനും നിധീഷാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന സീസണില്‍ നയിച്ചത് നിധീഷാണ്. ടോപ് ഓഡറിലും മധ്യനിരയിലും കളിച്ച് മികവ് കാട്ടാന്‍ ശേഷിയുള്ളവനാണ് നിധീഷ്. സ്പിന്നറെന്ന നിലയിലും നിധീഷ് ടീമിന് ഗുണം ചെയ്യുന്നു. ശിവം ദുബെയാണ് മറ്റൊരാള്‍. സിഎസ്‌കെയുടെ ഓള്‍റൗണ്ടറായ ദുബെ സമീപകാലത്തായി ഉജ്ജ്വല ഫോമിലാണ്. ഉയര്‍ന്ന ഫിറ്റ്‌നസുള്ള ദുബെ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവനാണ്. വലിയ ഷോട്ടുകള്‍ അനായാസമായി കളിക്കാന്‍ കെല്‍പ്പുണ്ട്.

ഇന്ത്യന്‍ ടീമിലേക്കും തിരിച്ചുവരവ് നടത്താന്‍ ദുബെക്കായി. മീഡിയം പേസറെന്ന നിലയിലും ദുബെ കസറാന്‍ മിടുക്കനാണ്. വരുന്ന സീസണിലും സിഎസ്‌കെ ദുബെയില്‍ വലിയ പ്രതീക്ഷവെക്കുന്നു. അഞ്ചാം നമ്പറില്‍ സിഎസ്‌കെയുടെ മോയിന്‍ അലിയാണ്. സ്പിന്‍ ഓള്‍റൗണ്ടറായി മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുന്നവനാണ് മോയിന്‍ അലി. സിഎസ്‌കെയില്‍ ധോണിയുടെ വിശ്വസ്തന്മാരിലൊരാളായി മാറാന്‍ ഇംഗ്ലണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്.
ആറാം നമ്പറില്‍ രാജസ്ഥാന്റെ യുവ ഓള്‍റൗണ്ടര്‍ ശുഭം ദുബെയും ഏഴാം നമ്പറില്‍ ആര്‍സിബിയുടെ യുവ ഓള്‍റൗണ്ടര്‍ മനോജ് ബാന്‍ഡ്‌ജെയുമാണ്. ഭാവിയില്‍ ഐപിഎല്ലിനെ അടക്കി ഭരിക്കാന്‍ കെല്‍പ്പുള്ളവരാണ് ഈ യുവ ഓള്‍റൗണ്ടര്‍മാര്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവരാണ് ഇവര്‍. എട്ടാം നമ്പറില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ രാഹുല്‍ തെവാത്തിയക്കാണ് അവസരം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സൂപ്പര്‍ ഫിനിഷറാണ് തെവാത്തിയ.
തോല്‍ക്കുമെന്ന് തോന്നിപ്പിച്ച പല മത്സരങ്ങളും വിജയത്തിലേക്കെത്തിക്കാന്‍ തെവാത്തിയക്കായിട്ടുണ്ട്. പന്തുകൊണ്ടും തെവാത്തിയ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. ഇത്തവണയും ഗുജറാത്ത് നിരയില്‍ നിര്‍ണ്ണായക റോള്‍ തെവാത്തിയക്കുണ്ടാവും. ഒമ്പതാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിനാണ് അവസരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ സ്പിന്നറുമായ സുന്ദറും മാച്ച് വിന്നറായ താരമാണ്. 10ാം നമ്പറില്‍ മാര്‍ക്കോ യാന്‍സനാണ് അവസരം. ഇടം കൈ പേസുകൊണ്ട് ഞെട്ടിക്കാന്‍ കരുത്തുണ്ട്.
ദക്ഷിണാഫ്രിക്കന്‍ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണുള്ളത്. ന്യൂബോളില്‍ തിളങ്ങുന്ന താരം നിര്‍ണ്ണായക പ്രകടനം ബാറ്റുകൊണ്ടും കാഴ്ചവെക്കാന്‍ കരുത്തുള്ളവനാണ്. 11ാമന്‍ സുനില്‍ നരെയ്‌നാണ്. വിന്‍ഡീസ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ഏറെക്കാലമായി തിളങ്ങുന്നത്. ഓപ്പണര്‍ റോളില്‍ കെകെആര്‍ പരിഗണിച്ചിട്ടുള്ള താരമാണ് നരെയ്ന്‍. ടി20യിലെ നിലവിലെ മികച്ച ബൗളര്‍മാരിലൊരാളാണ് അദ്ദേഹം. ബാറ്റുകൊണ്ട് ഭയമില്ലാതെ കസറുകയും ചെയ്യും.