ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ആദ്യത്തെ 21 മത്സരങ്ങള്‍ക്കുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതിക്ക് അനുസരിച്ചാവും പ്രഖ്യാപിക്കുക. ഇത്തവണ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ആര്‍സിബിയെ നേരിടും. ചെന്നൈയുടെ തട്ടകത്തിലാണ് ഈ മത്സരം നടക്കുന്നത്.
ഉദ്ഘാടന മത്സരത്തില്‍ ജയിക്കുകയെന്നത് രണ്ട് ടീമുകളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് ടീമും ഒന്നിനൊന്ന് ശക്തമാണെങ്കിലും കണക്കുകളില്‍ എംഎസ് ധോണിയുടെ സിഎസ്‌കെയ്ക്കാണ് മുന്‍തൂക്കം. ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം. ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക് വാദും ഡെവോണ്‍ കോണ്‍വേയും തുടരും. ഇടത്-വലത് കൂട്ടുകെട്ടാണ് ഇവര്‍ തമ്മിലുള്ളത്.
അവസാന സീസണിലും മികച്ച പ്രകടനം നടത്താന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിരുന്നു. ഇടം കൈയന്‍ ഓപ്പണറായ കോണ്‍വേ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുമ്പോള്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോവുകയാവും റുതുരാജിന്റെ ഉത്തരവാദിത്തം. 672 റണ്‍സാണ് അവസാന സീസണില്‍ കോണ്‍വേ നേടിയത്. റുതുരാജ് 590 റണ്‍സും അടിച്ചെടുത്തു. മൂന്നാം നമ്പറില്‍ അജിന്‍ക്യ രഹാനെ കളിക്കും. നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴയപ്പെട്ടിരിക്കുകയാണ് രഹാനെ.
ആഭ്യന്തര ക്രിക്കറ്റിലും വലിയ ഫോമിലല്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടാന്‍ രഹാനെക്കായിരുന്നു. അമ്പാട്ടി റായിഡു പടിയിറങ്ങിയ സാഹചര്യത്തില്‍ ആ റോളില്‍ ഇനി രഹാനെയുണ്ടാവും. നാലാം നമ്പറില്‍ സിഎസ്‌കെ ഡാരില്‍ മിച്ചലിനെ കളിപ്പിച്ചേക്കും. ന്യൂസീലന്‍ഡ് താരത്തെ മിനി താരലേലത്തിലൂടെയാണ് സിഎസ്‌കെ സ്വന്തമാക്കിയത്. മധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് മിച്ചല്‍.

സ്ഥിരതയോടെ കളിക്കുന്ന താരത്തിന് വലിയ പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ. അന്താരാഷ്ട്ര ക്രിക്കറ്റിലെ മിച്ചലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതായിരുന്നു. അഞ്ചാം നമ്പറില്‍ വെടിക്കെട്ട് നടത്താന്‍ ശിവം ദുബെ ഉണ്ടാവും. ഇടം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെ അവസാന സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വലിയ ഷോട്ടുകള്‍ അനായാസമായി കളിക്കുന്ന താരമാണ് ദുബെ.
സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ദുബെക്ക് കഴിവുണ്ട്. ഡെത്തോവറുകളില്‍ അപകടകാരിയായ ബാറ്റ്‌സ്മാനാണ് ദുബെ. ആറാം നമ്പറില്‍ രവീന്ദ്ര ജഡേജ കളിക്കും. അവസാന സീസണില്‍ സിഎസ്‌കെ കപ്പ് നേടിയത് ജഡേജയുടെ ബാറ്റിങ് മികവിലായിരുന്നു. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജക്ക് നിര്‍ണ്ണായക റോളാണ് സിഎസ്‌കെയിലുള്ളത്. നായകന്‍ എംഎസ് ധോണി ഏഴാം നമ്പറിലിറങ്ങിയേക്കും. ധോണിയുടെ കരിയറിലെ അവസാന ഐപിഎല്‍ സീസണായി ഇത് മാറിയേക്കും.
എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ ടാക്കൂര്‍ കളിച്ചേക്കും. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ശാര്‍ദ്ദുലിന്റെ മികവിനെ സിഎസ്‌കെ വിശ്വസിക്കുന്നു. ഒമ്പതാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാറിനാവും അവസരം. പരിക്കേറ്റ് ഏറെ നാളുകളായി വിശ്രമത്തിലുള്ള ദീപക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
10ാം നമ്പറില്‍ സ്പിന്നറായി മഹേഷ് തീക്ഷണയുണ്ടാവും. 11ാം നമ്പറില്‍ മതീഷ പതിരണക്കാണ് അവസരം. സിഎസ്‌കെയുടെ പേസ് നിരയുടെ കുന്തമുന പതിരണയായിരിക്കും. യോര്‍ക്കറുകളിലൂടെ വിറപ്പിക്കുന്ന താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്.
സിഎസ്‌കെ ബെസ്റ്റ് 11: റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വേ, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (c), ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചഹാര്‍, മഹേഷ് തീക്ഷണ, മതീഷ പതിരണ.