ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന യുവതാരമായി മാറിയിരിക്കുകയാണ് മായങ്ക് യാദവ്. രണ്ട് വര്‍ഷത്തോളം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമായിരുന്ന മായങ്കിന് കളിക്കാന്‍ അവസരം ലഭിച്ചത് ഈ സീസണിലാണ്. താരമത് നന്നായി മുതലാക്കുകയും ചെയ്തു. ആദ്യത്തെ രണ്ട് മത്സരത്തിലൂടെത്തന്നെ മായങ്ക് കരുത്തുകാട്ടിയിരിക്കുകയാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 4 ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്താണ് മായങ്കിന്റെ 3 വിക്കറ്റ് പ്രകടനം.
3.50 ആണ് മായങ്കിന്റെ ഇക്കോണമി. റണ്ണൊഴുകുന്ന ചിന്നസ്വാമിയില്‍ ഇത്തരമൊരു ഗംഭീര പ്രകടനം നടത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മായങ്കിന്റെ പ്രകടനം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഉമ്രാന്‍ മാലിക്കിന് ശേഷം വേഗംകൊണ്ട് ഞെട്ടിക്കുന്ന ഇന്ത്യന്‍ പേസറാണ് മായങ്ക് യാദവ്. തുടര്‍ച്ചയായി മണിക്കൂറില്‍ 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ മായങ്കിന് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ മായങ്കിന്റെ ബൗളിങ് മികവിനെ സാക്ഷാല്‍ ഡെയ്ന്‍ സ്‌റ്റെയിന്‍ തന്നെ പ്രശംസിച്ചിരിക്കുകയാണ്.
'155.8, മായങ്ക് യാദവ് എവിടെയാണ് നീ മറച്ചുവെക്കുന്നത്' സ്റ്റെയിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ സ്റ്റെയിനാണ് താന്റെ റോള്‍ മോഡല്‍ ബൗളറെന്നാണ് മായങ്ക് പറയുന്നത്. അതുകൊണ്ടുതന്നെ സ്റ്റെയിന്റെ പ്രശംസ മായങ്കിനെ സന്തോഷവാനാക്കിയിട്ടുണ്ടാവുമെന്നുറപ്പ്. മായങ്ക് യാദവ് അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ കെല്‍പ്പുള്ളവനാണ്. കാരണം ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികം കാണാത്ത ബൗളിങ് മികവാണിത്.
ഇത്രയും വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയുന്ന താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പൊതുവേ കുറവാണ്. ഉമ്രാന്‍ മാലിക്കും ഇതേ വേഗത്തില്‍ പന്തെറിയുമായിരുന്നെങ്കിലും ഇതേ ലൈനും ലെങ്തും താരത്തിന് അവകാശപ്പെടാനാവില്ലായിരുന്നു. നിലവിലെ മായങ്കിന്റെ ബൗളിങ് വേഗം എല്ലാവരേയും ഞെട്ടിപ്പിക്കുന്നതാണ്. കൂടാതെ മികച്ച ലെങ്ത് കാത്ത് പന്തെറിയാനും മായങ്കിന് സാധിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരതയാണ് കണ്ടറിയേണ്ടത്.

ആദ്യ രണ്ട് മത്സരത്തിലും മികച്ച ലൈനും ലെങ്തുമാണ് മായങ്കിനുണ്ടായിരുന്നത്. എന്നാല്‍ വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ മായങ്കിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ആര്‍സിബിയുടെ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കിയ മായങ്കിന്റെ പന്ത് തീപാറുന്നതായിരുന്നു. ലഖ്‌നൗവിനെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിപ്പിച്ചതിന് പിന്നാലെ രണ്ട് കളിയിലും താരമായി മാറാന്‍ മായങ്കിന് സാധിച്ചു. നാല് പന്തുകള്‍ 155ന് മുകളില്‍ വേഗത്തിലെറിഞ്ഞ ഐപിഎല്ലിലെ ആദ്യ ബൗളറായും യുവ മായങ്ക് മാറി.
ഉമ്രാന്‍ മാലിക്കും ആന്‍ റിച്ച് നോക്കിയേയും രണ്ട് തവണ വീതമാണ് ഈ നേട്ടത്തിലെത്തിയത്. വെറും 48 പന്തുകള്‍ക്കുള്ളില്‍ ഈ നേട്ടത്തിലേക്കെത്തിയ മായങ്കിന് ഇനിയും വലിയ റെക്കോഡുകളിലേക്കെത്താന്‍ സാധിക്കും. അതിനുള്ള പ്രതിഭ മായങ്കിനുണ്ട്. എന്നാല്‍ അതിവേഗ ബൗളര്‍മാരുടെയെല്ലാം പ്രധാന പ്രശ്‌നം ഫിറ്റ്‌നസാണ്. അതിവേഗ പേസറെന്ന നിലയില്‍ മായങ്കിന് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടാവാന്‍ സാധ്യതയുണ്ട്. ഈ ഐപിഎല്‍ സീസണിന് മുമ്പ് അഞ്ച് മാസത്തോളം താരം പരിക്കേറ്റ് വിശ്രമത്തിലായിരുന്നു.
ഈ സാഹചര്യത്തില്‍ താരത്തിന് ഫിറ്റ്‌നസ് കാര്യത്തിലും ശ്രദ്ധിക്കാനായാല്‍ വലിയ ഭാവി മുന്നിലുണ്ട്. ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ പ്രതിഭയുള്ള താരമാണ് മായങ്ക് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടി20 ലോകകപ്പ് വരാനിരിക്കെ അപ്രതീക്ഷിതമായി മായങ്കിനെ ഇന്ത്യ ടീമിലേക്കെത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും വലിയ പ്രശംസയാണ് മായങ്കിന് ഇപ്പോള്‍ ലഭിക്കുന്നത്. ഇതേ പ്രകടന മികവ് വരുന്ന മത്സരങ്ങളിലും തുടരാന്‍ താരത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
വണ്‍ സീസണ്‍ വണ്ടറായി താരം ഒതുങ്ങിപ്പോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മായങ്ക് യാദവ് തീയാണെന്ന് തന്നെ പറയാം.