Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജു സച്ചിനെപ്പോലെ? മാസ്റ്റര്‍ ബ്ലാസ്റ്റര്‍ താരം! കാരണം പറഞ്ഞ് മാത്യു ഹെയ്ഡന്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗംഭീര പ്രകടനത്തോടെ കൈയടി നേടുകയാണ് സഞ്ജു സാംസണ്‍. നായകനായും വിക്കറ്റ് കീപ്പറായും മിന്നിക്കുന്നതോടൊപ്പം ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജു തകര്‍ത്തടിച്ചു. നിലവില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജുവുള്ളത്. 11 മത്സരത്തില്‍ 471 റണ്‍സടിച്ച സഞ്ജു അഞ്ച് അര്‍ധ സെഞ്ച്വറികളും സീസണില്‍ സ്വന്തമാക്കി. 163ന് മുകളിലാണ് സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്.

അവസാന രണ്ട് മത്സരത്തിലും രാജസ്ഥാന്‍ തോറ്റെങ്കിലും പ്ലേ ഓഫിന് തൊട്ടടുത്താണ് ഇപ്പോഴും രാജസ്ഥാനുള്ളത്. ഡല്‍ഹിക്കെതിരേ സമ്മര്‍ദ്ദ സാഹചര്യത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. 46 പന്തില്‍ 8 ഫോറും 6 സിക്‌സുമടക്കം 86 റണ്‍സുമായി തകര്‍പ്പന്‍ ബാറ്റിങാണ് സഞ്ജു നടത്തിയത്. ഇപ്പോഴിതാ സഞ്ജു മാസ്റ്റര്‍ ബ്ലാസ്റ്ററാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍.

'സഞ്ജു സ്വപ്‌ന തുല്യമായ ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്. 46 പന്തില്‍ 86 റണ്‍സാണ് അവന്‍ അടിച്ചെടുത്തത്. അവന്റെ മികവ് എന്താണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഈ സീസണിലുടെനീളം അവന്‍ മാസ്റ്റര്‍ ക്ലാസ് പ്രകടനമാണ് നടത്തുന്നത്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ അവന് സാധിക്കുന്നു. മികച്ച ടൈമിങ് അവനുണ്ട്. കൃത്യമായ പവര്‍ ഉപയോഗിച്ചാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. ടി20 ക്രിക്കറ്റില്‍ ഈ പവര്‍ വളരെ പ്രധാനപ്പെട്ടതാണ്.

ടീമിനായി അവന്‍ മുന്നില്‍ നിന്ന് നയിച്ചു. എന്നാല്‍ അല്‍പ്പം കൂടി ഭാഗ്യം അവന് ആവശ്യമായിരുന്നു' ഹെയ്ഡന്‍ പറഞ്ഞു. ഡല്‍ഹിക്കെതിരേ സഞ്ജു സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും അംപയറുടെ തെറ്റായ തീരുമാനമാണ് ഇത് തടഞ്ഞത്. മുകേഷ് കുമാറിന്റെ പന്തില്‍ സഞ്ജുവിന്റെ ഷോട്ട് ബൗണ്ടറി ലൈനിനരികെ ഷായ് ഹോപ്പ് കൈപ്പിടിയിലാക്കി. എന്നാല്‍ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നു. പക്ഷെ അംപയര്‍ ഇത് പരിഗണിച്ചില്ല.

sanju samson umpire

തേര്‍ഡ് അംപയര്‍ വേണ്ടത്ര പരിശോധന നടത്താതെ സഞ്ജുവിന്റേത് വിക്കറ്റാണെന്ന് വിധിക്കുകയായിരുന്നു. വലിയ വിമര്‍ശനം അംപയറുടെ തീരുമാനത്തിനെതിരേ ഉയരുന്നുണ്ട്. സഞ്ജുവിന്റെ വിക്കറ്റാണ് ഡല്‍ഹിക്കെതിരേ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായതെന്ന് പറയാം. അംപയറുടെ തെറ്റായ തീരുമാനത്തിന് സഞ്ജു ബലിയാടാവുകയായിരുന്നു. ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റില്‍ നിരന്തരം അംപയറുടെ പിഴവുകള്‍ ഉയരുന്നത് അംഗീകരിക്കാനാവില്ലെന്ന് തന്നെ പറയാം.

തോറ്റെങ്കിലും സഞ്ജു നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും തലയുയര്‍ത്തി നില്‍ക്കാം. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ആര് കളിക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. എന്നാല്‍ നിലവിലെ മികവ് പരിശോധിക്കുമ്പോള്‍ റിഷഭ് പന്തിനെക്കാള്‍ മുകളില്‍ സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുണ്ട്.

നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ സ്പിന്നിനെ ഏറ്റവും നന്നായി നേരിടുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ച് സ്ലോ പിച്ചാണ്. അതുകൊണ്ടുതന്നെ സഞ്ജുവില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കാം. നിലവില്‍ ടി20 ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് സഞ്ജു വ്യക്തമാക്കിക്കഴിഞ്ഞു. രാജസ്ഥാനെ ഐപിഎല്‍ കിരീടത്തിലേക്കെത്തിക്കുന്നതിലേക്കാണ് സഞ്ജുവിന്റെ എല്ലാ ചിന്തയും.

അവസാന സീസണിലേതുപോലെ തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്തുകയും രണ്ടാം പാദത്തില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി രാജസ്ഥാന്‍ പുറത്താവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്തായാലും രാജസ്ഥാന്റെ ഈ സീസണിലെ ഇതുവരെയുള്ള പ്രകടനം ഗംഭീരമായിരുന്നു.

Story first published: Wednesday, May 8, 2024, 14:29 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+