ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 48ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ലഖ്‌നൗ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 144 റണ്‍സെടുത്തപ്പോള്‍ 4 പന്തും 4 വിക്കറ്റും ബാക്കിയാണ് ലഖ്‌നൗ ജയം നേടിയെടുക്കുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയിണിസിന്റെ (62) പ്രകടനമാണ് ലഖ്‌നൗവിന് കരുത്തായത്. ജയത്തോടെ ലഖ്‌നൗ 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഏഴാം തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത മങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്ക് തൊട്ടതെല്ലാം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സുള്ളപ്പോള്‍ മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ നഷ്ടമായി. 5 പന്തില്‍ 1 ഫോറടക്കം 4 റണ്‍സെടുത്ത രോഹിത്തിനെ മൊഹ്‌സിന്‍ ഖാനാണ് പുറത്താക്കിയത്.
മാര്‍ക്കസ് സ്റ്റോയിണിസിന്റെ ക്യാച്ചിലാണ് ഹിറ്റ്മാന്റെ മടക്കം. അധികം വൈകാതെ സൂര്യകുമാര്‍ യാദവ് പുറത്തായി. 6 പന്തില്‍ 1 സിക്‌സറടക്കം 10 റണ്‍സെടുത്ത സൂര്യകുമാറിനെ മാര്‍ക്കസ് സ്റ്റോയിണിസാണ് പുറത്താക്കിയത്.
ലെഗ് സൈഡിലെത്തിയ പന്ത് സൂര്യയുടെ ഗ്ലൗസിലുരസി വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തുകയായിരുന്നു. റിവ്യൂവിലൂടെയാണ് ലഖ്‌നൗ ഈ വിക്കറ്റ് നേടിയെടുത്തത്. യുവതാരം തിലക് വര്‍മക്കും കാര്യമായൊന്നും ചെയ്യാനായില്ല.
11 പന്തില്‍ 7 റണ്‍സെടുത്ത തിലകിനെ രവി ബിഷ്‌നോയ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡെക്കായി. നവീന്‍ ഉല്‍ ഹഖിന്റെ പന്തില്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഹാര്‍ദിക് പുറത്തായത്.

ഇതോടെ 27 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് മുംബൈ തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഇഷാന്‍ കിഷനും നിഹാല്‍ വദേരയും ചേര്‍ന്ന് ചെറിയ കൂട്ടുകെട്ട് സൃഷ്ടിച്ചു. 36 പന്തില്‍ 3 ഫോറടക്കം 32 റണ്‍സെടുത്ത ഇഷാനെ പുറത്താക്കി രവി ബിഷ്‌നോയിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
53 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇവര്‍ സൃഷ്ടിച്ചത്. നിഹാല്‍ വദേര രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 41 പന്തില്‍ 46 റണ്‍സെടുത്ത വദേരയെ മൊഹ്‌സിന്‍ ഖാന്‍ പുറത്താക്കിയത് മുംബൈക്ക് തിരിച്ചടിയായി.
4 ഫോറും 2 സിക്‌സും പറത്തിയ വദേരയെ മൊഹ്‌സിന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. മുഹമ്മദ് നബിയെ (1) മായങ്ക് യാദവ് ക്ലീന്‍ബൗള്‍ഡാക്കി. അവസാന ഓവറുകളില്‍ ടിം ഡേവിഡ് റണ്‍സുയര്‍ത്തി. 18 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം പുറത്താവാതെ 35 റണ്‍സെടുത്ത ഡേവിഡിന്റെ കരുത്തില്‍ 7 വിക്കറ്റിന് 144 എന്ന സ്‌കോറിലേക്ക് മുംബൈ എത്തി.
മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ ഡെക്കിന് നഷ്ടമായി. നുവാന്‍ തുഷാര എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കെ എല്‍ രാഹുലും മാര്‍ക്കസ് സ്റ്റോയിണിസും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 58 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം രാഹുല്‍ പുറത്തായി.
22 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 28 റണ്‍സ് നേടിയ രാഹുലിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. ദീപക് ഹൂഡ (18 പന്തില്‍ 18) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഹാര്‍ദിക് മടക്ക ടിക്കറ്റ് നല്‍കി.
ഒരുവശത്ത് സ്‌റ്റോയിണിസ് തല്ലിത്തകര്‍ത്തു. 45 പന്തില്‍ 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 62 റണ്‍സ് നേടിയ സ്റ്റോയിണിസിനെ മുഹമ്മദ് നബി പുറത്താക്കുമ്പോഴേക്കും മത്സരം മുംബൈയുടെ കൈവിട്ട് പോയിരുന്നു. ആഷ്ടന്‍ ടെര്‍ണറെ (5) പുറത്താക്കി കോയിറ്റ്‌സെ മുംബൈക്ക് നേരിയ തിരിച്ചുവരവ് പ്രതീക്ഷ നല്‍കി.
ആയുഷ് ബദോനി (6) റണ്ണൗട്ടതോടെ പോരാട്ടം ആവേശകരമായി. എന്നാല്‍ നിക്കോളാസ് പുരാനും (14) ക്രുണാല്‍ പാണ്ഡ്യയും (1) ചേര്‍ന്ന് ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
പ്ലേയിങ് 11- ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- കെ എല്‍ രാഹുല്‍ (c, wc), മാര്‍ക്കസ് സ്റ്റോയിണിസ്, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ആഷ്ടന്‍ ടര്‍ണര്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, നവീന്‍ ഉല്‍ ഹഖ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (wc), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, നിഹാല്‍ വദേര, മുഹമ്മദ് നബി, ജെറാള്‍ഡ് കോയിറ്റ്‌സെ, പീയൂഷ് ചൗള, ജസ്പ്രീത് ബുംറ