IPL 2024: ധോണി പോയതോടെ തളര്‍ന്നു, തിരിച്ചുകൊണ്ടുവന്നത് രോഹിത്- കുല്‍ദീപ് പറയുന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ മിന്നല്‍ പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ കുല്‍ദീപ് യാദവ് പ്രതീക്ഷിക്കുന്നത്. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് കറക്കി വീഴ്ത്തുന്ന സ്പിന്നറാണ്. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് കുല്‍ദീപ് ഐപിഎല്ലിനിറങ്ങുന്നത്. വിരാട് കോലി നായകനായിരിക്കെയാണ് കുല്‍ദീപ് വളരുന്നത്.
എന്നാല്‍ കുല്‍ദീപിന്റെ വളര്‍ച്ചയില്‍ ഏറ്റവും പിന്തുണ നല്‍കിയ നായകന്‍ ധോണിയാണ്. ധോണി കളിച്ചുകൊണ്ടിരുന്നപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കുല്‍ദീപിനായിരുന്നു. എന്നാല്‍ ധോണി വിരമിച്ചതോടെ തന്റെ പ്രകടനം പിന്നോട്ട് പോയെന്നും പിന്നീട് തിരിച്ചുവരാന്‍ സഹായിച്ചത് രോഹിത് ശര്‍മയുടെ ഉപദേശമാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് കുല്‍ദീപ് യാദവ്. 'ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഞാന്‍ തിരിച്ചുവരവിന് ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ രോഹിത് അവിടെ വന്നിരുന്നു.

എന്റെ പന്തുകള്‍ നേരിടാന്‍ ബാറ്റ്‌സ്മാന് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്നാണ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തപ്പോള്‍ തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. ആക്ഷനില്‍ കൂടുതല്‍ കരുത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് കൂടുതല്‍ ശക്തി നല്‍കണമെന്നും ബാറ്റ്‌സ്മാന് പന്ത് നേരിടാന്‍ അധികം സമയം നല്‍കരുതെന്നും പറഞ്ഞു.
ബാറ്റ്‌സ്മാന്‍ ബാക് ഫൂട്ടില്‍ എന്നെ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ പന്ത് നേരിടാന്‍ ആവശ്യത്തിന് സമയം നല്‍കാതിരുന്നാല്‍ പന്ത് സ്റ്റംപില്‍ തട്ടാനോ പാഡില്‍ തട്ടാനോ സാധ്യതയുണ്ടാകുമെന്നും രോഹിത് പറഞ്ഞു' കുല്‍ദീപ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കുല്‍ദീപ് യാദവിനെ 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ തഴഞ്ഞിരുന്നു. ടീമില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ട അവസ്ഥയിലായിരുന്നു കുല്‍ദീപുണ്ടായിരുന്നത്.
വലിയ ഇടവേളക്ക് ശേഷം 2023ലാണ് അദ്ദേഹം കരിയര്‍ വീണ്ടെടുത്തത്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനം കുല്‍ദീപ് കാഴ്ചവെച്ചു. ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്താനും ശ്രദ്ധേയ പ്രകടനം നടത്താനും അദ്ദേഹത്തിനായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 19 വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. താരത്തിന്റെ പല പന്തുകളും ബാറ്റ്‌സ്മാന് യാതൊരു തരത്തിലും നേരിടാന്‍ സാധിക്കാത്തതായിരുന്നു.
കുല്‍ദീപ് യാദവ് ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തിയത് അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെടാന്‍ കാരണമായിട്ടുണ്ട്. നേരത്തെ കുല്‍ദീപിന്റെ റണ്ണപ്പ് ചെറുതായിരുന്നു. കൂടാതെ ഉയരത്തില്‍ ചാടി എറിയുന്നത് ബൗളിങ് വേഗം കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അല്‍പ്പം കൂടി വേഗത്തിലുള്ള റണ്ണപ്പാണ് അദ്ദേഹം നടത്തുന്നത്. കൂടാതെ ചാടി എറിയുമ്പോഴുള്ള ഉയരവും കുറച്ചു. ഇത് കുല്‍ദീപിന്റെ പന്തിന്റെ വേഗം ഉയര്‍ത്തി. ഇതോടെ കൂടുതല്‍ വിക്കറ്റും നേടാന്‍ കുല്‍ദീപിനായി.
കുല്‍ദീപിന്റെ കൈക്കുഴ സ്പിന്‍ മനസിലാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ പന്തിന്റെ ദിശ മനസിലാക്കുക കടുപ്പമാണ്. ഇത് ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ടേണ്‍ പന്തില്‍ക്കൊണ്ടുവരാന്‍ കുല്‍ദീപിന് കഴിവുണ്ട്. ഇതും അദ്ദേഹത്തെ അപകടകാരിയായ ബൗളറാക്കി മാറ്റുന്നു. അവസാന ഐപിഎല്ലില്‍ ശരാശരിയായിരുന്നു കുല്‍ദീപിന്റെ പ്രകടനം. 14 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
ഇത്തവണ കൂടുതല്‍ ആത്മവിശ്വാസത്തോടെയാവും കുല്‍ദീപ് ഇറങ്ങുക. യുഎഇയിലാവും ഐപിഎല്‍ രണ്ടാം പാദം എന്ന റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ കുല്‍ദീപിന് കൂടുതല്‍ തിളങ്ങാനായേക്കും. പിച്ചില്‍ ടേണുണ്ടെങ്കില്‍ കുല്‍ദീപ് വളരെ അപകടകാരിയാണ്. വലം കൈയന്‍മാര്‍ക്കെതിരേയും ഇടം കൈയന്‍മാര്‍ക്കെതിരേയും ഒരുപോലെ കുല്‍ദീപ് മികവ് കാട്ടുന്നു. സമ്മര്‍ദ്ദ സാഹചര്യത്തില്‍ കൂട്ടുകെട്ട് പൊളിക്കാന്‍ കുല്‍ദീപ് മിടുക്കനാണ്. അടുത്ത ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ അഞ്ചില്‍ കുല്‍ദീപിനെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications