Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റണ്ണൗട്ടവസരം പാഴാക്കി, മുകേഷിനെ ചീത്ത വിളിച്ച് കുല്‍ദീപ്! ഇടപെട്ട് റിഷഭ്- വിവാദം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 32ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനെത്തിയ ഗുജറാത്ത് 89 റണ്‍സിനാണ് കൂടാരം കയറിയത്. തുടക്കം മുതല്‍ ഡല്‍ഹി ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ തട്ടകത്തില്‍ ഗുജറാത്തിന് നാണംകെടേണ്ടി വന്നു. മത്സരത്തിനിടെ നാടകീയമായ ഒരു സംഭവം നടന്നു.

റണ്ണൗട്ടവസരം പാഴാക്കിയ മുകേഷ് കുമാറിനെ കുല്‍ദീപ് യാദവ് അസഭ്യം പറഞ്ഞിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്ത് ബാറ്റിങ്ങിന്റെ എട്ടാം ഓവറിലാണ് സംഭവം. കുല്‍ദീപ് യാദവ് രാഹുല്‍ തെവാത്തിയക്കെതിരേ പന്തെറിഞ്ഞു. തെവാത്തിയ പ്രതിരോധിച്ച പന്തില്‍ സിംഗളിനായി നോണ്‍സ്‌ട്രൈക്കില്‍ നിന്ന അഭിനവ് മനോഹര്‍ ഓടിയെത്തി. എന്നാല്‍ തെവാത്തിയ ക്രീസ് വിട്ട് ഇറങ്ങിയിരുന്നില്ല.

റണ്ണൗട്ടവസരം ലഭിച്ചെങ്കിലും മുകേഷിന്റെ ത്രോ കൃത്യമായിരുന്നില്ല. കുല്‍ദീപിന്റെ കൈയിലേക്ക് കൃത്യമായി പന്ത് കൊടുക്കാന്‍ മുകേഷിന് സാധിച്ചില്ല. ഇതിന് പിന്നാലെയാണ് നിയന്ത്രണം വിട്ട കുല്‍ദീപ് മുകേഷിനോട് ചൂടായതും അസഭ്യം പറഞ്ഞതും. 'നിനക്ക് വട്ടാണോ അതോ മറ്റെന്തെങ്കിലുമാണോ' എന്നാണ് കുല്‍ദീപ് ചോദിച്ചത്. പൊതുവേ ശാന്തനായ താരമാണ് കുല്‍ദീപ്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി കുല്‍ദീപ് ദേഷ്യപ്പെട്ടത് എല്ലാവരേയും ഞെട്ടിച്ചു.

മുകേഷ് ഒന്നും പറയാതെ കുല്‍ദീപിനെ നോക്കി നില്‍ക്കുകയാണ് ചെയ്തത്. ഫീല്‍ഡിങ്ങിനിടെ സംഭവിക്കുന്ന സ്വാഭാവികമായ അബദ്ധമാണിത്. നിരവധി തവണ കുല്‍ദീപ് ഇതിലും വലിയ അബദ്ധങ്ങള്‍ ഫീല്‍ഡിങ്ങില്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെറിയൊരു അബദ്ധത്തിന് കുല്‍ദീപ് മുകേഷിനെ അപമാനിച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി. പിന്നാലെ നായകന്‍ റിഷഭ് പ്രശ്‌നത്തില്‍ ഇടപെട്ടു. കുല്‍ദീപിന്റെ തോളില്‍ കൈയിട്ടാണ് റിഷഭ് സംസാരിച്ചത്.

mukesh kumar

റിഷഭിന്റെ വാക്കുകള്‍ കേട്ട് കുല്‍ദീപ് ഒന്നുംമിണ്ടാതെ പോവുകയാണ് ചെയ്തത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് കുല്‍ദീപിനെതിരേ ഉയരുന്നത്. ഇന്ത്യന്‍ ടീമിലെ സഹതാരമാണെന്ന് പോലും നോക്കാതെയാണ് കുല്‍ദീപ് മുകേഷിനെ അധിക്ഷേപിച്ചത്. കുല്‍ദീപിന്റെ കളത്തിലെ പെരുമാറ്റം മോശമാണെന്നും ശാന്തതയോടെ പെരുമാറണമെന്നുമാണ് ആരാധകര്‍ പറയുന്നത്. എല്ലാ അവസരങ്ങളും ക്യാച്ചാക്കുകയും നന്നായി ഫീല്‍ഡ് ചെയ്യുകയും ചെയ്യാന്‍ ആര്‍ക്കുമാവില്ല.

സ്വാഭാവികമായ പിഴവുകളില്‍ ഇത്രയും വൈകാരികമായി പെരുമാറുന്നത് കുല്‍ദീപിന് പണിയായി മാറുമെന്ന മുന്നറിയിപ്പാണ് ആരാധകര്‍ നല്‍കുന്നത്. റിഷഭും അല്‍പ്പം ദേഷ്യത്തോടെയാണ് കുല്‍ദീപിനോട് സംസാരിച്ചത്. കുല്‍ദീപിന്റെ പെരുമാറ്റം അംഗീകരിക്കാനാവാത്തതതാണ്. കുല്‍ദീപ് മുകേഷിനോട് മാപ്പ് പറയണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മത്സരത്തില്‍ ഡല്‍ഹിയുടെ മറ്റെല്ലാ ബൗളര്‍മാരും വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപിന് വിക്കറ്റ് ലഭിച്ചില്ല.

4 ഓവറില്‍ 16 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് ലഭിച്ചില്ല. അതേ സമയം മുകേഷ് 2.3 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി. ഇഷാന്ത് ശര്‍മയും ട്രിസ്റ്റന്‍ സ്റ്റബ്‌സും 2 വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ഖലീല്‍ അഹമ്മദും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകളും വീഴ്ത്തി. ഗുജറാത്തിന്റെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ടീം സ്‌കോറെന്ന നാണക്കേടിലേക്ക് ഡല്‍ഹി ടീമിനെ തള്ളിവിട്ടത്.

ഗുജറാത്തിന് ടോസ് മുതല്‍ എല്ലാം പിഴച്ചു. റാഷിദ് ഖാന്‍ 24 പന്തില്‍ 31 റണ്‍സ് നേടിയതാണ് വലിയ നാണക്കേടില്‍ നിന്ന് ഗുജറാത്തിനെ രക്ഷിച്ചത്. ഏഴ് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. രാജസ്ഥാനെയടക്കം വീഴ്ത്തിയ ഗുജറാത്തിനെ നന്നായി വെള്ളം കുടിപ്പിക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായെങ്കിലും കുല്‍ദീപിന്റെ അനാവശ്യ വിവാദം കല്ലുകടിയായിരിക്കുകയാണ്.

വലിയ വിമര്‍ശനം കുല്‍ദീപിനെതിരേ ഉയരുന്നുണ്ട്. ഡല്‍ഹിയുടെ മികച്ച ബൗളിങ് പ്രകടനത്തെക്കാളും ചര്‍ച്ച കുല്‍ദീപ് മുകേഷിനെ അധിക്ഷേപിച്ചതായി മാറിയിട്ടുണ്ട്. എന്തായാലും കുല്‍ദീപിന്റെ പെരുമാറ്റം തീര്‍ത്തും മോശമായിപ്പോയെന്ന് തന്നെ പറയാം.

Story first published: Wednesday, April 17, 2024, 22:29 [IST]
Other articles published on Apr 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+