ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചാ വിഷയം. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സുമായി ബുംറ അത്ര നല്ല രസത്തിലല്ലെന്നും ടീം വിടാന്‍ ആലോചിക്കുകയാണെന്നുമെല്ലാം പല അഭ്യൂഹങ്ങളും നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവും അതിനു ശേഷമുള്ള ബുംറയുടെ വിചിത്രമായ പോസ്റ്റുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ മാറുകയും ചെയ്തിരുന്നു.
പക്ഷെ ബുംറയും മുംബൈയും തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അടുത്ത സീസണിലും അദ്ദേഹം അവര്‍ക്കൊപ്പം തന്നെ തുടരുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ബുംറയെ ലേലത്തിനു മുമ്പ് ട്രേഡ് വിന്‍ഡോയില്‍ വില്‍ക്കാന്‍ മുംബൈ തീരുമാനിക്കുകയാണെങ്കില്‍ ഏതൊക്കെ ടീമുകളായിരിക്കും താല്‍പ്പര്യം പ്രകടിപ്പിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഫഫ് ഡുപ്ലെസി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ബുംറയെ ട്രേഡ് വിന്‍ഡോയില്‍ റാഞ്ചാന്‍ രംഗത്തിറങ്ങാന്‍ പോവുന്ന ഒരു ടീം. നിലവില്‍ ബൗളിങ് നിരയെ മുഴുവനായി ആര്‍സിബി ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ മികച്ചൊരു ബൗളിങ് നിരയെ അവര്‍ക്കു ആവശ്യമാണ്. ബുംറയ്ക്കു വലിയ വില തന്നെ വേണ്ടി വരുമെങങ്കിലും അതു മുടക്കാന്‍ ആര്‍സിബി മടി കാണിക്കില്ല.
ബുംറയെ കൊണ്ടുവരാനായാല്‍ അദ്ദേഹത്തെ കേന്ദ്രീകരിച്ച് ഒരു ബൗളിങ് നിരയെ വാര്‍ത്തെടുക്കാന്‍ ആര്‍സിബിക്കു കഴിയും. ബാറ്റിങ് എല്ലായ്‌പ്പോഴും ആര്‍സിബിക്കിക്കു പ്ലസ് പോയിന്റായിരുന്നെങ്കിലും ബൗളിങ് എല്ലാ കാലത്തും അവരുടെ ദുര്‍ബലമായ കണ്ണിയായിരുന്നു. ബുംറയെ ടീമിലേക്കു കൊണ്ടുവന്നാല്‍ ആര്‍സിബിയുടെ പകുതി ജോലി കഴിഞ്ഞുവെന്നു പറയാം. ബുംറയെ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബൗളിങ് നിരയെ അടുത്ത സീസണില്‍ അണിനിരത്താന്‍ ആര്‍സിബിക്കു സാധിച്ചേക്കും.
രണ്ടു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ബുംറയെ ടീമിലെത്തിക്കാന്‍ രംഗത്തിറങ്ങാന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം. ബൗളിങ് ആക്രമണത്തെ നയിക്കാന്‍ അടുത്ത സീസണില്‍ കെകെആറിനു മികച്ചൊരു പേസറെ ആവശ്യമാണ്.
ഈ റോളിലേക്കു ബുംറയേക്കാള്‍ കേമനായ മറ്റൊരാളെ അവര്‍ക്കു ലഭിക്കാനും പോവുന്നില്ല. നിലവില്‍ കെകെആര്‍ സംഘത്തിലെ ഇന്ത്യന്‍ പേസര്‍മാര്‍ മല്‍സര പരിചയം തീരെ കുറഞ്ഞ വൈഭവ് അറോറയും ഹര്‍ഷിത് റാണയുമാണ്. അതുകൊണ്ടു തന്നെ ബുംറയെപ്പോലെയൊരാളെ പേസ് നിരയില്‍ കെകെആറിനു കൂടിയേ തീരൂ.

ലേലത്തിനു മുമ്പ് കെകെആറിന്റെ പഴ്‌സില്‍ പണം ഒരുപാടുള്ളതിനാല്‍ മുംബൈ സമ്മതം മൂളിയാല്‍ ബുംറയെ വാങ്ങുകയെന്നത് അത്ര വലിയ പ്രശ്‌നമല്ല. ബാറ്റിങ് നിരയില്‍ കെകെആറിനു കാര്യമായ ആശങ്കകളില്ല. ബൗളിങാണ് അവര്‍ക്കു കൂടുതല്‍ ശക്തമാക്കി തീര്‍ക്കേണ്ടത്. പക്ഷെ നിലവില്‍ ശ്രേയസ് അയ്യര്‍ നായകസ്ഥാനത്തുള്ളതിനാല്‍ ക്യാപ്റ്റന്‍സി ബുംറ പ്രതീക്ഷിക്കേണ്ടതില്ല.
നിലവിലെ റണ്ണറപ്പുകളും 2022ലെ ചാംപ്യന്‍മാരുമായ ഗുജറാത്ത് ടൈറ്റന്‍സാണ് ട്രേഡ് വിന്‍ഡോയില്‍ ബുംറയ്ക്കു വേണ്ടി രംഗത്തിറങ്ങാന്‍ പോവുന്ന മൂന്നാമത്തെ ടീം. ക്യാപ്റ്റന്‍ ഹാര്‍ദിക് പഴയ തട്ടകമായ മുംബൈയിലേക്കു തിരികെ വന്നതോടെ അടുത്ത സീസണില്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ജിടി പോരിനു ഇറങ്ങുക. ചെറുപ്പമായതിനാലും അനുഭവസമ്പത്ത് കുറവായതിനാലും ബുംറയെപ്പോലെയൊരാളുടെ സാന്നിധ്യം ഗില്ലിനു തീര്‍ച്ചയായും വലിയ മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പാണ്.
ബുംറയെ സംബന്ധിച്ച് ഹോം ഫ്രാഞ്ചൈസി കൂടിയാണ് ജിടി. അതുകൊണ്ടു തന്നെ അവര്‍ക്കു വേണ്ടി കളിക്കണമെന്നു അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടാവും. കെകെആറിലേതു പോലെ ജിടിയിലും നായകസ്ഥാനം ബുംറയ്ക്കു ലഭിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ദേശീയ ടീമില്‍ തന്റെ പേസ് ബൗളിങ് പങ്കാളിയായ മുഹമ്മദ് ഷമിക്കൊപ്പം ജിടിയില്‍ ബൗള്‍ ചെയ്യുന്നത് അദ്ദേഹം ആസ്വദിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.