മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിനോടകം പല ടീമുകളും പരിശീലന ക്യാംപുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണത്തെ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ നിലവിലെ ടീമിനൊപ്പം കപ്പിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് പല ടീമുകള്‍ക്കുമുള്ളത്. അവസാന സീസണില്‍ സിഎസ്‌കെയായിരുന്നു കപ്പിലേക്കെത്തിയത്. ഇത്തവണ ആരാവും കപ്പടിക്കുകയെന്നതാണ് കണ്ടറിയേണ്ടത്.
നിലവില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും ഒപ്പത്തിനൊപ്പമാണ്. വരുന്ന സീസണില്‍ ഇവരിലൊരാള്‍ ജയിച്ച് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് ഒറ്റക്കിരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്‍ പൊതുവേ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ തട്ടകമാണ്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് ഐപിഎല്ലില്‍ സ്വീകാര്യത. ആരാധകര്‍ ആഗ്രഹിക്കുന്നതും ഈ ബാറ്റിങ് വെടിക്കെട്ട് കാണാനാണ്.
എന്നാല്‍ ഐപിഎല്ലില്‍ കളിച്ചിട്ടും ഒരു സിക്‌സര്‍ പോലും നേടാനാവാത്ത ചില താരങ്ങളുണ്ട്. സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരായിട്ടും ഐപിഎല്ലില്‍ സിക്‌സര്‍ നേടാനാവാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം മുന്‍ ഓസ്‌ട്രേലിയന്‍ നായകനും സൂപ്പര്‍ താരവുമായ മൈക്കല്‍ ക്ലാര്‍ക്കാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുകളുള്ള താരമാണ് ക്ലാര്‍ത്ത്. 115 ടെസ്റ്റില്‍ നിന്ന് 28 സെഞ്ച്വറി നേടിയ താരം ഏകദിനത്തില്‍ 245 മത്സരവും കളിച്ചിട്ടുണ്ട്.
എന്നാല്‍ ഐപിഎല്ലില്‍ കളിച്ച താരത്തിന് ഒരു സിക്‌സര്‍ പോലും നേടാനായില്ലെന്നതാണ് നാണക്കേട്. ആറ് മത്സരമാണ് അദ്ദേഹം കളിച്ചത്. 98 റണ്‍സാണ് ആകെ നേടിയത്. 104.2 ആണ് സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ഒരു തവണ പോലും സിക്‌സറിലേക്കെത്താന്‍ താരത്തിനായില്ല. രണ്ടാമത്തെ താരം ഷുഹൈബ് മാലിക്കാണ്. മുന്‍ പാകിസ്താന്‍ നായകനായ മാലിക്കിന് ടി20യില്‍ മികച്ച റെക്കോഡ് അവകാശപ്പെടാനാവും. 500ലധികം ടി20 മത്സരങ്ങള്‍ കളിച്ച താരം ഇപ്പോഴും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നു.

തല്ലിത്തകര്‍ക്കുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മാലിക്. ടി20 ഫോര്‍മാറ്റില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയ താരത്തിന് പക്ഷെ ഐപിഎല്ലില്‍ ഒരു സിക്‌സര്‍ പോലും നേടാനായില്ല. നേരത്തെ പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അവസരമുണ്ടായിരുന്ന സമയത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു മാലിക്. ഏഴ് മത്സരങ്ങള്‍ കളിച്ച മാലിക് ആകെ 52 റണ്‍സാണ് നേടിയത്. 110 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച താരത്തിന് ഒരു സിക്‌സര്‍ പോലും നേടാനായില്ല.
പിന്നീട് പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്ക് ലഭിച്ചതോടെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചില്ല. മൂന്നാമത്തെ താരം മൈക്കല്‍ ക്ലിംഗറാണ്. ഓസ്‌ട്രേലിയക്കാരനായ താരം ടി20 സ്‌പെഷ്യലിസ്റ്റായ കളിക്കാരനാണ്. 206 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം എട്ട് സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതേ മികവ് ഐപിഎല്ലില്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ടി20യില്‍ 146 സിക്‌സുകള്‍ പറത്തിയിട്ടുള്ള താരം ഐപിഎല്ലില്‍ ഒരു സിക്‌സര്‍ പോലും നേടിയിട്ടില്ല.
4 മത്സരത്തില്‍ നിന്ന് 73 റണ്‍സാണ് അദ്ദേഹം ഐപിഎല്ലില്‍ നേടിയത്. എന്നാല്‍ ഒരു തവണ പോലും സിക്‌സര്‍ നേടാന്‍ അദ്ദേഹത്തിനായില്ല. കാലും ഫെര്‍ഗൂസനാണ് മറ്റൊരു താരം. ടി20യില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കാലും ഫെര്‍ഗൂസന്‍. 147 ടി20കളില്‍ നിന്ന് 3217 റണ്‍സ് നേടിയ താരമാണ് ഫെര്‍ഗൂസന്‍. എന്നാല്‍ ഐപിഎല്ലില്‍ സിക്‌സര്‍ നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. 9 മത്സരങ്ങളാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്.
98 റണ്‍സ് നേടിയെങ്കിലും ഒരു സിക്‌സര്‍ പോലും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ആകാശ് ചോപ്രയാണ് മറ്റൊരു താരം. ഇപ്പോള്‍ കമന്റേറ്ററായി തിളങ്ങുന്ന ആകാശ് ചോപ്ര ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നു. ഇന്ത്യക്കായി 10 ടെസ്റ്റ് കളിച്ചിട്ടുള്ള ആകാശ് ചോപ്ര 7 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചത്. 53 റണ്‍സ് നേടിയ താരത്തിന് ഒരു സിക്‌സര്‍ പോലും നേടാനായില്ല.