ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഈ മാസം 19ന് നടക്കാന്‍ പോവുകയാണ്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇനി ലേലത്തിനായുള്ള കരുനീക്കങ്ങളാണ്. ലേലത്തിന് മുമ്പ് തന്നെ ചില നിര്‍ണ്ണായക നീക്കങ്ങള്‍ ടീമുകള്‍ നടത്തുന്നുണ്ട്. പല താരങ്ങളേയും ലേലത്തിന് മുമ്പ് തന്നെ ഒപ്പം കൂട്ടാന്‍ ടീമുകള്‍ തന്ത്രം മെനയുകയാണ്.
എന്നാല്‍ ഇത്തവണ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതല്‍ ആളുകളും ആര്‍ക്കും വേണ്ടാത്തവരായി മാറാനാണ് സാധ്യത. ഇതില്‍ പ്രധാനപ്പെട്ട ചില താരങ്ങളും ഉള്‍പ്പെട്ടേക്കും. മലയാളി താരം കരുണ്‍ നായരും ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്തവനായി മാറിയ കരുണിനെ ഇത്തവണ സിഎസ്‌കെ സ്വന്തമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അവസാന സീസണോടെ അമ്പാട്ടി റായിഡു കളി നിര്‍ത്തി.
ഈ സ്ഥാനത്തേക്ക് കരുണിനെയാണ് സിഎസ്‌കെ പരിഗണിക്കുന്നതെന്നാണ് സൂചന. അനുഭവസമ്പന്നനായ താരമാണ് കരുണ്‍. വലിയ ഭാവി പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം വേണ്ടപോലെ ലഭിച്ചില്ല. 32.1 കോടിയാണ് സിഎസ്‌കെയുടെ കീശയിലുള്ളത്. മികച്ച പേസര്‍മാരേയും മികച്ച ഓള്‍റൗണ്ടര്‍മാരേയും സിഎസ്‌കെയ്ക്ക് ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ അമ്പാട്ടി റായിഡുവിന്റെ പകരക്കാരനായി കൂടുതല്‍ പണം മുടക്കാന്‍ സിഎസ്‌കെ തയ്യാറായേക്കില്ല.
അതുകൊണ്ടുതന്നെ കരുണിനെ സിഎസ്‌കെ ലക്ഷ്യമിടുന്നു. മോശം ഫോമിലാണെന്ന് വിധിയെഴുതുന്ന താരങ്ങളെ ഉപയോഗിച്ച് കിരീടം നേടിക്കാട്ടുന്നത് സിഎസ്‌കെയുടെ ശീലമാണ്. കരുണിനെ നോട്ടമിടാന്‍ സിഎസ്‌കെയെ പ്രേരിപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം റായിഡുവിന്റെ ഉത്തമ പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കുന്ന വില കുറഞ്ഞ താരമെന്നതാണ്. കരുണിന് അധികം ആവശ്യക്കാരുണ്ടാവില്ല.

അതുകൊണ്ടുതന്നെ താരതമ്യേനെ ചെറിയ തുകയ്ക്ക് താരത്തെ സ്വന്തമാക്കാനേയ്ക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കരുണിന് കഴിവുണ്ട്. സിഎസ്‌കെയുടെ ഭാഗമാവുമ്പോള്‍ താരത്തിന്റെ പ്രകടനം മെച്ചപ്പെടുകയും പ്രതീക്ഷിക്കുന്ന നിലവാരത്തിനൊത്ത് ഉയരുകയും ചെയ്യും. മധ്യനിരയില്‍ കസറാന്‍ കരുണിന് കഴിവുണ്ട്. ആരും വേണ്ടത്ര വിശ്വാസം അര്‍പ്പിക്കാത്തതിനാലാണ് കരുണിന്റെ കരിയര്‍ ഇത്തരത്തിലായത്. അല്‍പ്പം കൂടി പിന്തുണ ലഭിച്ചിരുന്നെങ്കില്‍ വലിയ താരമായി മാറാന്‍ കരുണിന് സാധിക്കുമായിരുന്നു.
രണ്ടാമത്തെ കാര്യം സിഎസ്‌കെയുടെ ശൈലിക്ക് ചേരുന്ന താരമാണ് കരുണെന്നതാണ്. നിലവില്‍ ക്ലാസിക് താരമെന്ന പദവിയാണ് കരുണിനുള്ളത്. അജിന്‍ക്യ രഹാനെയെ ടെസ്റ്റ് താരമെന്ന നിലയില്‍ മാത്രമാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന സീസണിലെ രഹാനെയുടെ വെടിക്കെട്ട് ബാറ്റിങ്ങുകണ്ട് എല്ലാവരും വാപൊളിച്ചുപോയിരിക്കുകയാണ്. ഇതേ നിലവാരത്തിലേക്ക് വളരാന്‍ കരുണിനും കഴിവുണ്ട്. ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് സിഎസ്‌കെ താരങ്ങളെ മാറ്റില്ല.
അതുകൊണ്ടുതന്നെ കരുണിന് ആത്മവിശ്വാസത്തോടെ കളിക്കാനും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കും. ശിവം ദുബെയടക്കം മോശം ഫോമിലായിരുന്ന പല താരങ്ങളും സിഎസ്‌കെയിലെത്തിയതോടെ അടിമുടി മാറി. അതുകൊണ്ടുതന്നെ കരുണ്‍ നായര്‍ സിഎസ്‌കെയിലെത്തിയാല്‍ വലിയ പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.
മൂന്നാമത്തെ കാര്യം കരുണ്‍ നായരുടെ സമീപകാലത്തെ ടി20യിലെ പ്രകടനങ്ങള്‍ മികച്ചതാണെന്നതാണ്. മഹാരാജ ടി20 ട്രോഫിയില്‍ കരുണ്‍ തിളങ്ങിയിരുന്നു. 12 ഇന്നിങ്‌സില്‍ നിന്ന് 532 റണ്‍സാണ് കരുണ്‍ നേടിയത്. 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കരുണിന് സാധിക്കുന്നുണ്ട്. ഇത് കരുണിനെ ടീമിലെത്തിക്കാന്‍ സിഎസ്‌കെയ്ക്ക് കൂടുതല്‍ ധൈര്യം നല്‍കും. ഐപിഎല്ലില്‍ വലിയ കണക്കുകള്‍ കരുണിന് അവകാശപ്പെടാനാവില്ല. എന്നാല്‍ മികവ് കാട്ടാന്‍ പ്രതിഭയുള്ള താരമാണ് കരുണ്‍. അതുകൊണ്ടുതന്നെ സിഎസ്‌കെ അദ്ദേഹത്തെ പിന്തുണച്ചേക്കും.