ഗുജറാത്ത്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കെത്തി രണ്ട് സീസണ്‍കൊണ്ടുതന്നെ തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. അരങ്ങേറ്റ സീസണില്‍ കപ്പടിച്ച ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സീസണില്‍ റണ്ണറപ്പുകളാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നായകസ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയില്ല. ഗുജറാത്ത് വിട്ട ഹാര്‍ദിക് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയതോടെ ശുബ്മാന്‍ ഗില്‍ ഗുജറാത്തിന്റെ നായകനായി മാറി.
അനുഭവസമ്പത്തില്ലാത്ത നായകനായ ശുബ്മാന്‍ ഗില്ലിന് കീഴില്‍ ഗുജറാത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. ഹാര്‍ദിക് നയിക്കുന്ന മുംബൈയെ തോല്‍പ്പിച്ച് തുടങ്ങാന്‍ ഗുജറാത്തിനായെങ്കിലും പിന്നീട് ഈ സ്ഥിരത കാട്ടാനാവുന്നില്ല. 5 മത്സരം പൂര്‍ത്തിയാവുമ്പോള്‍ 2 ജയവും 3 തോല്‍വിയുമാണ് ഗുജറാത്തിന് നേടാനായത്. അവസാന രണ്ട് മത്സരവും ടീം തോല്‍ക്കുകയും ചെയ്തു. നായകനെന്ന നിലയില്‍ ശുബ്മാന്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.
എന്നാല്‍ ടീമിന് തുടര്‍ച്ചയായി ജയിക്കാനാവുന്നില്ല. ഇത്തവണ ഗുജറാത്തിനെ പിന്നോട്ടടിക്കുന്നത് എന്താണ്?. ടീമിന്റെ പ്രശ്‌നങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ പ്രശ്‌നം മുഹമ്മദ് ഷമിയുടെ അഭാവമാണ്. ന്യൂബോളില്‍ വിക്കറ്റ് നേടുന്നതോടൊപ്പം ഡെത്തോവറിലും മികവ് കാട്ടുന്ന മുഹമ്മദ് ഷമിയുടെ അഭാവം ഗുജറാത്തിനെ പിന്നോട്ടടിക്കുന്നു. ഉമേഷ് യാദവ് ന്യൂബോളില്‍ വിക്കറ്റ് നേടുമ്പോഴും റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ മടിയില്ല.
ഡെത്തോവറില്‍ ഉമേഷിനെ വിശ്വസിക്കുകയെന്നത് അതി സാഹസമാണ്. അതുകൊണ്ടുതന്നെ ഷമിയുടെ അഭാവം ഗുജറാത്തിന് വലിയ തലവേദനയാണ്. രണ്ടാമത്തെ കാരണം സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ മികച്ച ഫോമാണ്. ഗുജറാത്തിന്റെ കുതിപ്പില്‍ നിര്‍ണ്ണായക പങ്ക് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് റാഷിദ് ഖാന്‍. എന്നാല്‍ ഇത്തവണ റാഷിദ് മോശം ഫോമിലാണ്. ഇംപാക്ട് സൃഷ്ടിക്കാന്‍ റാഷിദ് ഖാന് സാധിക്കുന്നില്ല.

ഇത് ഗുജറാത്തിനെ അലട്ടുന്നു. പരിക്കിന് ശേഷമാണ് റാഷിദ് തിരിച്ചെത്തിയത്. ഇതിന്റെ പ്രശ്‌നങ്ങള്‍ താരത്തെ ബാധിക്കുന്നു. നിര്‍ണ്ണായക റണ്‍സ് നേടാനും റാഷിദ് ഖാന് മിടുക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും സാധിക്കാത്തത് ഗുജറാത്തിനെ വേട്ടയാടുന്നു. രണ്ടാമത്തെ കാര്യം അനുഭവസമ്പത്തില്ലാത്ത നായകനാണെന്നതാണ്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ ശുബ്മാന് സാധിക്കുന്നുണ്ട്. എന്നാല്‍ നായകന്റെ സമ്മര്‍ദ്ദം താരത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നു.
മികച്ച സ്‌ട്രൈക്ക് റേറ്റില്‍ പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് കളിക്കാന്‍ ശുബ്മാന് സാധിക്കുന്നില്ല. ഇത് ഗുജറാത്തിനെ പ്രതികൂലമായി ബാധിക്കുന്നു. മൂന്നാമത്തെ പ്രശ്‌നം ആക്രമണോത്സകതക്കുറവാണ്. ഗുജറാത്തിന്റെ ബാറ്റിങ് നിരയിലേക്ക് നോക്കുമ്പോള്‍ ക്ലാസിക് ശൈലിയുള്ള താരങ്ങളാണ് കൂടുതല്‍. പിഞ്ച് ഹിറ്റര്‍മാരായി ആരേയും കാണാനാവുന്നില്ല. സായ് സുദര്‍ശന്‍, ശുബ്മാന്‍ ഗില്‍, വിജയ് ശങ്കര്‍ എന്നിവരെല്ലാം അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവരല്ല.
തന്റേതായ ദിവസം കസറുമെന്നത് മാറ്റിനിര്‍ത്തിയാല്‍ ഇവരൊന്നും കടന്നാക്രമിച്ച് കളിക്കുന്നവരല്ല. നിലവില്‍ ഗുജറാത്തിന് വിശ്വസിക്കാനാവുന്ന ഏക വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറാണ്. പരിക്കേറ്റ് മില്ലര്‍ ടീമിന് പുറത്തായത് ഗുജറാത്തിനെ കാര്യമായി ബാധിക്കുന്നുമുണ്ട്. വൃദ്ധിമാന്‍ സാഹയെ പ്രായം തളര്‍ത്തുന്നു. നിലവിലെ ടീം കരുത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലൊരു മികച്ച ഓള്‍റൗണ്ടറുടെ അഭാവം ഗുജറാത്തിനുണ്ട്.
അസ്മത്തുല്ല ഒമര്‍സായി ഹാര്‍ദിക്കിന്റെ പകരക്കാരനാവുമെന്നാണ് ഗുജറാത്ത് കരുതിയത്. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ താരത്തിനാവുന്നില്ല. ഇത് ടീമിനെ കാര്യമായി ബാധിക്കുന്നു. ആശിഷ് നെഹ്‌റയെന്ന പരിശീലകനാണ് ഗുജറാത്തിന്റെ മികവിന് പിന്നിലെ ശരിയായ കാരണം.
എന്നാല്‍ നെഹ്‌റയുടെ പദ്ധതി കളത്തില്‍ നടപ്പിലാക്കാന്‍ ശേഷിയുള്ള താരങ്ങളില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഗുജറാത്തിന് കാര്യങ്ങള്‍ കടുപ്പമാണ്. അതുകൊണ്ടുതന്നെ ഇത്തവണ പ്ലേ ഓഫിലേക്കെത്തുക ഗുജറാത്തിന് പ്രയാസമായിരിക്കും.