For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഈ റെക്കോര്‍ഡുകള്‍ മറന്നേക്കൂ! തകര്‍ക്കുക അസാധ്യം, ഏതൊക്കെ?

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് ഈ മാസം 22നു അവസാനിക്കും. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിനു ചെന്നൈയില്‍ കൊടിയേറുകയാണ്. ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനിരിക്കും ഇരുടീമുകളുടെയും ശ്രമം.

റെക്കോര്‍ഡുകള്‍ എല്ലായ്‌പ്പോഴും തകര്‍ക്കപ്പെടാനുള്ളവയാണെന്നാണ് പറയാറുള്ളത്. പക്ഷെ എല്ലാ റെക്കോര്‍ഡുകള്‍ക്കും ഇതു ബാധകമല്ലെന്നതാണ് സത്യം. ചില റെക്കോര്‍ഡുകള്‍ ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ല. ഐപിഎല്ലിലും ഈ തരത്തില്‍ തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത ചില അവിശ്വസനീയ റെക്കോര്‍ഡുകളുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

VIRAT KOHLI

ആദ്യത്തേത് യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ്. ടൂര്‍ണമെന്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനു സ്വന്തമാണ്. 2013ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെയായിരുന്നു ഗെയ്ല്‍ ഇതു സ്ഥാപിച്ചത്.

ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ലാത്ത പൂനെ വാരിയേഴ്‌സിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ സംഹാര താണ്ഡവം. പുറത്താവാതെ 175 റണ്‍സാണ് ഗെയ്ല്‍ അന്നു വാരിക്കൂട്ടിയത്. 17 സിക്‌സറും 13 ഫോറുകളുമടക്കമായിരുന്നു ഇത്. 10 വര്‍ഷങ്ങൾ പിന്നിട്ടിട്ടും മറ്റാര്‍ക്കും ഈ നേട്ടത്തിന് അരികില്‍പ്പോലുമെത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല.

പ്ലേഓഫില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആധിപത്യമാണ് ഐപിഎല്ലില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത രണ്ടാമത്തെ റെക്കോര്‍ഡ്. ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ സിഎസ്‌കെയും പ്ലേഓഫും തമ്മിലുള്ള 'പ്രേമം' ആരെയും അതിശയിപ്പിക്കും.

ഇതുവരെ കളിച്ചിട്ടുള്ള 14 സീസണുകളില്‍ 12ലും സിഎസ്‌കെ പ്ലേഓഫിലെത്തിയിട്ടുണ്ട്. മറ്റൊരു ടീമും ടൂര്‍ണമെന്റില്‍ ഇത്രയും പ്ലേഓഫുകളുടെ ഭാഗമായിട്ടില്ല. 10 ഫൈനലുകളില്‍ മാറ്റുരച്ച സിഎസ്‌കെ അഞ്ചെണ്ണത്തില്‍ കിരീടം ചൂടിയപ്പോള്‍ ശേഷിച്ച അഞ്ചെണ്ണത്തില്‍ തോല്‍ക്കുകയായിരുന്നു. ഏറ്റവുമധികം തവണ ഫൈനലിലെത്തിയ ടീമും ധോണിപ്പട തന്നെയാണ്.

വിരാട് കോലിയുടെ റണ്‍വേട്ടയാണ് ഐപിഎല്ലില്‍ തകര്‍ക്കാന്‍ അസാധ്യമായ മൂന്നാമത്തെ റെക്കോര്‍ഡ്. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനു സ്വന്തമാണ്. 2016ലായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കോലിയുടെ അവിശ്വസനീയ റണ്‍വേട്ട.

സീസണില്‍ അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സാണ്. നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമുള്‍പ്പെടെയാണിത്. ടീമിനെ അന്നു ഫൈനലിലെത്തിക്കാനും ക്യാപ്റ്റന്‍ കൂടിയായ കോലിക്കായിരുന്നു. പക്ഷെ കലാശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോല്‍ക്കുകയായിരുന്നു.

CHRIS GAYLE

ക്യാപ്റ്റനെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ വിജയക്കുതിപ്പാണ് നാലാമത്തെ റെക്കോര്‍ഡ്. ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ക്യാപ്റ്റനായ താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനാണ്. 226 മല്‍സരങ്ങളിലാണ് ധോണി ടീമിനെ നയിച്ചത്.

ഇതില്‍ 133 മല്‍സരങ്ങളില്‍ അദ്ദേഹം ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ എറ്റവും മികച്ച വിജയ ശതമാനമുള്ള ക്യാപ്റ്റനും ധോണി തന്നെയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മാത്രമല്ല റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ടീമിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്. 2016, 17 സീസണികളില്‍ സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോഴായിരുന്നു ഇത്.

വിരാട് കോലിയും സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സും തമ്മിലുള്ള റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഐപിഎല്ലില്‍ തകര്‍ക്കാന്‍ അസാധ്യമായ അഞ്ചാമത്തെ റെക്കോര്‍ഡ്.

2016ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയായിരുന്നു ഇരുവരുടെയും ഞെട്ടിക്കുന്ന കൂട്ടുകെട്ട്. ഗുജറാത്ത് ലയണ്‍സുമായുള്ള മല്‍സരത്തില്‍ രണ്ടാം വിക്കറ്റില്‍ കോലി- ഡിവില്ലിയേഴ്‌സ് ജോടി വാരിക്കൂട്ടിയത് 229 റണ്‍സായിരുന്നു. ഈ റെക്കോര്‍ഡിനെ വെല്ലുവിളിക്കാന്‍ ഇപ്പോഴും ഒരു ജോടിക്കുമായിട്ടില്ല.

Story first published: Tuesday, March 5, 2024, 6:52 [IST]
Other articles published on Mar 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+