മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ പ്രതീക്ഷ നല്‍കുകയും എന്നാല്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയും ചെയ്തിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗവിന് അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാനായെങ്കിലും സീസണിലെ ആകെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ലഖ്‌നൗ ഉടമയായ സഞ്ജയ് ഗോയങ്കെയും രാഹുലും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയും വലിയ നാണക്കേടായി.
ലഖ്‌നൗവിനൊപ്പം ഇനിയൊരു സീസണില്‍ രാഹുല്‍ ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്. ടി20 ലോകകപ്പില്‍ നിന്നും തഴയപ്പെട്ട രാഹുല്‍ ഈ സീസണിലെ പ്രകടനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. 'വളരെയധികം നിരാശയുണ്ട്. സീസണ്‍ ആരംഭിച്ചപ്പോള്‍ ശക്തമായ നിരയായാണ് തോന്നിയത്. എല്ലാ മേഖലയിലും മികച്ച താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ചില പരിക്കുകള്‍ തിരിച്ചടിയായി. എല്ലാ ടീമിനും ഇത് സംഭവിക്കുന്നതാണ്.
കൃത്യമായതും യുക്തിപൂര്‍വ്വവുമായ പ്രകടനം നടത്താന്‍ സാധിക്കാതെ പോയി. മുംബൈക്കെതിരായ പ്രകടനം വളരെ മികച്ചതായിരുന്നു. ഇതേ രീതിയില്‍ കളിക്കാനാണ് ആഗ്രഹിച്ചിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി. മോണി മോര്‍ക്കലിന് കീഴില്‍ പരിശീലനം നടത്താന്‍ യുദ്ധ് വീറിനേയും മായങ്കിനേയും ദക്ഷിണാഫ്രിക്കയിലേക്കയച്ചിരുന്നു. നിരവധി കഠിനാധ്വാനം ഈ സീസണില്‍ ടീം നടത്തിയിട്ടുണ്ട്' രാഹുല്‍ പറഞ്ഞു. അതിവേഗ പേസുകൊണ്ട് മായങ്ക് യാദവ് വിറപ്പിച്ചിരുന്നു.
എന്നാല്‍ പരിക്ക് വേട്ടയാടിയതോടെ മായങ്കിന് പാതിവഴിയില്‍ വഴിമാറേണ്ടി വന്നു. ഇത് ലഖ്‌നൗവിനും തിരിച്ചടിയായി. ബാറ്റിങ് നിരയില്‍ കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് വലിയ തിരിച്ചടിയായത്. രാഹുലും ക്വിന്റന്‍ ഡീകോക്കും ദീപക് ഹൂഡയുമൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്തത് ലഖ്‌നൗവിനെ തളര്‍ത്തി. നിക്കോളാസ് പുരാന്‍ ഇത്തവണ ലഖ്‌നൗവിനായി ഗംഭീര പ്രകടനം നടത്തി. ടീമെന്ന നിലയില്‍ ലഖ്‌നൗവിന് സ്ഥിരതയില്ലാതെ പോയി.

ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടെങ്കിലും തിരിച്ചുവരവിനുള്ള ശ്രമമാവും ഇനി നടത്തുകയെന്നാണ് രാഹുല്‍ പറയുന്നത്. 'ഇനി അടുത്തൊന്നും ടി20 ക്രിക്കറ്റ് എനിക്ക് കളിക്കാനാവില്ല. എന്റെ ബാറ്റിങ്ങിനെക്കുറിച്ച് വലിയ തിരിച്ചറിവ് തന്നെ സീസണാണിത്. ടീമിലേക്ക് തിരിച്ചെത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോള്‍ അറിയാം' രാഹുല്‍ പറഞ്ഞു. രാഹുലിന്റെ മെല്ലെപ്പോക്ക് ശൈലിയാണ് ടീമിനെ തളര്‍ത്തിയത്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുലിന് സാധിക്കുന്നില്ല.
പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കുക എന്നതാണ് രാഹുലിന്റെ രീതി. എന്നാല്‍ ടി20യില്‍ ഇത് അത്ര ഫലം ചെയ്യുന്നതല്ല. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ റിഷഭ് പന്തും സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഇടം നേടിയത്. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങളാണ്. ഇന്ത്യക്കാവശ്യം മധ്യനിരയില്‍ കളിക്കാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ്. എന്നാല്‍ രാഹുല്‍ ഇത്തരത്തിലൊരു താരമല്ല.
ഇത്തവണത്തെ ഐപിഎല്ലില്‍ രാഹുല്‍ മധ്യനിരയില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ലഖ്‌നൗ ടീം ആവശ്യപ്പെട്ടത് രാഹുല്‍ ഓപ്പണ്‍ ചെയ്യണമെന്നാണ്. രാഹുലിന്റെ നിലവിലെ ശൈലി ടി20യില്‍ ഗുണം ചെയ്യുന്നതല്ല. ഇന്ത്യന്‍ ടീമില്‍ അവസരം തേടി ദ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നീ വിക്കറ്റ് കീപ്പര്‍മാരെല്ലാം നില്‍ക്കവെ ഇവരെ മറികടന്ന് ടി20 ഫോര്‍മാറ്റിലേക്കെത്താന്‍ രാഹുല്‍ നന്നായി വിയര്‍ക്കേണ്ടി വരും.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് സിംബാബ് വെ പര്യടനമുണ്ട്. ഇതില്‍ രാഹുലിനെ പരിഗണിക്കാനാണ് സാധ്യത. വമ്പനടികള്‍ നടത്താനാവാത്ത പക്ഷം ടി20 ടീമില്‍ നിന്ന് എന്നേക്കുമായി രാഹുല്‍ തഴയപ്പെടാനും സാധ്യതയുണ്ട്. ടി20യില്‍ അഭിവാജ്യ ഘടകമല്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും രാഹുലിന് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക റോളുണ്ട്.