ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ടിലെ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. 56ാമത്തെ മല്‍സരമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കണ്ടത്. ത്രില്ലിങ് മാച്ചില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 20 റണ്‍സിനു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തുകയും ചെയ്തു. റോയല്‍സിന്റെ പ്ലേഓഫ് വൈകിപ്പിച്ച ഡിസി തങ്ങളുടെ പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഈ മല്‍സരത്തിനു ശേഷം ടീമുകളുടെ പ്ലേഓഫ് സാധ്യത എങ്ങനെയാണ്? നമുക്കു നോക്കാം.
രണ്ടു ടീമുകള്‍ പ്ലേഓഫ് ഏറെക്കുറ ഉറപ്പിച്ചുവെന്നു നമുക്കു പറയാം. രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സുമാണ് ഈ ടീമുകള്‍. ഇവരില്‍ ഏറ്റവുമധികം സാധ്യത ശ്രേയസ് അയ്യരുടെ ഡിസിക്കാണ്. 99 ശതമാനമാണ് കെകെആറിന്റെ പ്ലേഓഫ് സാധ്യത. സഞ്ജു സാംസണിന്റെ റോയല്‍സ് പ്ലേഓഫ് കളിക്കാനുള്ള സാധ്യത 97 ശതമാനവുമാണ്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരാണ് ഇവര്‍. തുല്യ മല്‍സരങ്ങളില്‍ നിന്നും ഒരേ ജയവും തോല്‍വിയുമടക്കം തുല്യ പോയിന്റാണ് ഇരുടീമിനുമുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് കെകെആറിനെ ഒന്നാമതെത്തിച്ചു. +1.453 ആണ് ഇപ്പോള്‍ കെകെആറിന്റെ നെറ്റ് റണ്‍റേറ്റ്. റോയല്‍സിന്റെ നെറ്റ് റണ്‍റേറ്റാവട്ടെ +0.476ഉം ആണ്. ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ രണ്ടു ടീമും പ്ലേഓഫിലെത്തും.
പ്ലേഓഫിലെ രണ്ടു ടീമുകള്‍ ഇവരാവുമെന്ന് ഉറപ്പായപ്പോള്‍ ശേഷിച്ച രണ്ടു പേരാവാന്‍ നാലു ടീമുകളാണ് രംഗത്തുള്ളത്. ഇവരില്‍ രണ്ടു ടീമുകളുടെ പ്ലേഓഫ് സാധ്യത 50 ശതമാനത്തിനും മുകളിലാണ്. കാര്യമായി അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇവരും പ്ലേഓഫിലുണ്ടാവുക. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ വിജയികളായ സണ്‍റൈസേഴ്‌സ് ഹൈദാരാബാദുമായിരിക്കും ഈ രണ്ടു ടീമുകള്‍. സിഎസ്‌കെയുടെ സാധ്യത 59 ശതമാനവും എസ്ആര്‍എച്ചിന്റേത് 56 ശതമാനവുമാണ്.
സിഎസ്‌കെയ്ക്കും എസ്ആര്‍എച്ചിനും തുല്യ മല്‍സരങ്ങളില്‍ നിന്നും ഒരേ പോയിന്റാണുള്ളത്. മികച്ച നെറ്റ്‌റണ്‍റേറ്റ് സിഎസ്‌കെയെ മുന്നിലെത്താന്‍ സഹായിച്ചു. ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് +0.700 ആണെങ്കില്‍ ഹൈദരാബാദിന്റേത് -0.065 മാത്രമാണ്. ശേഷിച്ച മൂന്നു മല്‍സരങ്ങളും ജയിച്ചാല്‍ ഇരുടീമുകളും പ്ലേഓഫിലുണ്ടാവും. എന്നാല്‍ ഒന്നില്‍ തോല്‍ക്കുകയാണെങ്കില്‍ മറ്റു ടീമുകളുടെ ഫലം കൂടി ആശ്രയിച്ചാവും പ്ലേഓഫ് യോഗ്യത.

ഇവരെക്കൂടാതെ പ്ലേഓഫിലേക്കു പ്രധാനമായും മല്‍സരിക്കുന്നത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ്. പക്ഷെ രണ്ടു ടീമിന്റെയും സാധ്യത 50 ശതമാനത്തിലും താഴെയാണ്. എല്‍എസ്ജി പ്ലേഓഫ് കളിക്കാന്‍ 49 ശതമനാവും ഡിസി ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ 32 ശതമാനവും സാധ്യതയാണുള്ളത്.
ബാക്കിയുള്ളവരെല്ലാം ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേഓഫ് സാധ്യത മൂന്നു ശതമാനവും പഞ്ചാബ് കിങ്‌സിന്റേത് മൂന്നു ശതമാനവും ഗുജറാത്ത് ടൈറ്റന്‍സിന്റേത് രണ്ട് ശതമാനവുമാണ്. മുംബൈ ഇന്ത്യന്‍സ് പ്ലേഓഫ് കളിക്കാനുള്ള സാധ്യത പൂജ്യവുമാണ്.
ഡല്‍ഹി, ഹൈദരാബാദ് ടീമുകള്‍ക്കു 12 പോയിന്റ് വീതമാണ് ഇപ്പോഴുള്ളത്. പക്ഷെ നെറ്റ് റണ്‍റേറ്റ് മോശമാണെന്നതു ഇവര്‍ക്കു തിരിച്ചടിയാണ്. ഡിസിയുടെ നെറ്റ് റണ്‍റേറ്റ് -0.316ഉം ലഖ്‌നൗവിന്റേത് -0.371ഉം ആണ്. ലഖ്‌നൗവിനേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ ഡിസി (12 മല്‍സരം) കളിക്കുകയും ചെയ്തിട്ടുണ്ട്.