ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടാന്‍ പോവുകയാണ്. ജയിക്കുന്ന ടീം ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ വീണ്ടുമൊരു ഫൈനല്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും. ഇത്തവണ ശക്തമായ താരനിരയുള്ള രാജസ്ഥാന്‍ കപ്പിലേക്കെത്താനും സാധ്യത കൂടുതലാണ്.
രാജസ്ഥാന്‍ റോയല്‍സ് എലിമിനേറ്ററില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാണ് രണ്ടാം ക്വാളിഫയറിലേക്കെത്തുന്നത്. ഹൈദരാബാദിനെതിരേ രാജസ്ഥാന് മുന്‍തൂക്കം അവകാശപ്പെടാനാവുമെങ്കിലും സംതുലിതമാണ് ടീമിന്റെ പ്രകടനമെന്ന് പറയാനാവില്ല. ഇപ്പോഴും ചില ദൗര്‍ബല്യം രാജസ്ഥാനെ വേട്ടയാടുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ്. രാജസ്ഥാന്‍ നിരയില്‍ സ്ഥിരതയോടെ കളിക്കുന്ന ആരുമില്ലെന്നതാണ് വസ്തുത.
ജോസ് ബട്‌ലര്‍ ടീം വിട്ടതോടെ രാജസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ന്നു. ടോം കോഹ്ലറിന് പവര്‍പ്ലേ മുതലാക്കി കളിക്കാനാവുന്നില്ല. സഞ്ജു നായകനെന്ന നിലയില്‍ ബാറ്റിങ് ശൈലി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ വലിയ തിരിച്ചടിയായി അത് മാറുന്നു. നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാനാണ് സഞ്ജു ശ്രമിക്കുന്നത്. എന്നാല്‍ ഈ തന്ത്രം പാളുന്നു. റിയാന്‍ പരാഗാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ക്വാളിഫയറില്‍ പരാഗിന്റെ പ്രകടനം രാജസ്ഥാന് നിര്‍ണ്ണായകമാവും.
ടോപ് ഓഡര്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് രാജസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. ടോപ് ഓഡര്‍ ക്ലിക്കായാല്‍ വലിയ സ്‌കോറിലേക്കുയര്‍ത്താന്‍ കെല്‍പ്പുള്ള മധ്യനിരയാണ് രാജസ്ഥാന്‍ റോയല്‍സിന്റേതെന്ന് പറയാം. അതിവേഗം റണ്‍സുയര്‍ത്താന്‍ പരാഗിനും ദ്രുവ് ജുറേലിനും ഷിംറോന്‍ ഹെറ്റ്‌മെയറിനും റോവ്മാന്‍ പവലിനും സാധിക്കും. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ ടോപ് ഓഡറിന്റെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

മറ്റൊരു പ്രശ്‌നം യുസ് വേന്ദ്ര ചഹാലിന്റെ ഇക്കോണമിയാണ്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ചഹാല്‍ രാജസ്ഥാനൊപ്പം മികച്ച പ്രകടനം നടത്തുന്നുണ്ട്. എലിമിനേറ്ററില്‍ വിരാട് കോലിയുടെ നിര്‍ണ്ണായക വിക്കറ്റ് നേടിയത് ചഹാലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഇക്കോണമി വളരെ മോശമാണ്. വിക്കറ്റ് നേടുമ്പോഴും റണ്‍സ് വിട്ടുകൊടുക്കാന്‍ ചഹാല്‍ മടികാട്ടുന്നില്ല. ഇത് രാജസ്ഥാനെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്.
ആര്‍ അശ്വിന്‍ എലിമിനേറ്റില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും അശ്വിന്റെ ഇക്കോണമിയും മോശമാണ്. റണ്ണൊഴുക്ക് പിടിച്ചുകെട്ടാന്‍ അശ്വിന് സാധിക്കുന്നില്ല. ഇതും സഞ്ജുവിന് തലവേദനയാകാന്‍ സാധ്യതയുണ്ട്. മൂന്നാമത്തെ പ്രശ്‌നം സഞ്ജുവിന്റെ ബാറ്റിങ്ങാണ്. സഞ്ജു ആദ്യ ലീഗ് മത്സരങ്ങളിലെല്ലാം കടന്നാക്രമിച്ച് കളിച്ച താരമാണ്. എന്നാല്‍ പിന്നീട് സഞ്ജു തന്റെ ബാറ്റിങ് ശൈലി മാറ്റി. ഇപ്പോള്‍ നിലയുറപ്പിച്ച് റണ്‍സുയര്‍ത്താനാണ് സഞ്ജു ശ്രമിക്കുന്നത്.
പക്ഷെ ഈ തന്ത്രം ഫലം കാണുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ പ്രകടനം രാജസ്ഥാനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നു. ടീമിലെ സീനിയര്‍ താരമെന്ന നിലയില്‍ സഞ്ജു ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. പ്രധാന മത്സരങ്ങളിലെ സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ ക്വാളിഫയറില്‍ സഞ്ജുവിന് പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. എലിമിനേറ്ററില്‍ ജയം നേടിയത് സഞ്ജുവിനും സംഘത്തിനും വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്.
ഹൈദരാബാദിനും ദൗര്‍ബല്യങ്ങളേറെയാണ്. ഓപ്പണര്‍മാരെ അമിതമായി ആശ്രയിക്കുന്നതാണ് ഹൈദരാബാദിന്റെ പദ്ധതി. ഇവര്‍ പെട്ടെന്ന് പുറത്തായാല്‍ ഹൈദരാബാദ് പതറുന്നു. ഹൈദരാബാദിന്റെ മധ്യനിരക്കും സ്ഥിരത കാട്ടാനാവുന്നില്ല. ടോപ് ഓഡര്‍ തകര്‍ന്നാല്‍ കൂട്ടത്തകര്‍ച്ചയിലേക്ക് ടീം പോവുന്നതാണ് കാണാനാവുന്നത്. ഇത് ഹൈദരാബാദിനെ തളര്‍ത്തുന്ന കാര്യമാണ്. ഹൈദരാബാദിന്റെ പേസ് ബൗളിങ് നിരയാണ് ടീമിന്റെ ശക്തി. എന്തായാലും മികച്ച പോരാട്ടം രണ്ടാം ക്വാളിഫയറില്‍ പ്രതീക്ഷിക്കാം.