Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വിചിത്രം, രാഹുല്‍-സഞ്ജയ് ഉടക്കില്‍ സംഭവിച്ചതെന്ത്? മൗനം വെടിഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. ഇനിയുള്ള 2 സ്ഥാനങ്ങളിലേക്കായി കടുത്ത മത്സരമാണ് നടക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി ടീമുകളാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ഡല്‍ഹിയോട് തോറ്റതോടെ ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു.

ഇത്തവണ ലഖ്‌നൗ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ തോല്‍വി വഴങ്ങി ടീം പ്ലേ ഓഫ് സീറ്റ് കൈവിട്ടിരിക്കുകയാണ്. ടീമിന്റെ നായകനായ കെ എല്‍ രാഹുലും ഉടമയായ സഞ്ജയ് ഗോയങ്കയും തമ്മിലുണ്ടായ ഉടക്ക് ടീമിനെയാകെ ബാധിച്ചിട്ടുണ്ടെന്നതാണ് വസ്തുത. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ലഖ്‌നൗവിന്റെ തോല്‍വിക്ക് പിന്നാലെയാണ് സഞ്ജയ് മൈതാനത്തിലേക്കെത്തി രാഹുലിനെ പരസ്യമായി ശകാരിച്ചത്.

ഇതിന്റെ വീഡിയോ ചര്‍ച്ചയായതോടെ ടീം ഉടമക്കെതിരേ വിമര്‍ശനവും ഉയര്‍ന്നു. ഇതിന് ശേഷം രാഹുലുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് പ്രശ്‌നങ്ങളില്ലെന്ന് ടീം ഉടമ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തം. ഡല്‍ഹിക്കെതിരായ തോല്‍വിക്ക് ശേഷം വീണ്ടും രാഹുലുമായി സഞ്ജയ് ചര്‍ച്ച നടത്തിയിരുന്നു. ഈ സീസണിന് ശേഷം രാഹുല്‍ ലഖ്‌നൗ വിടുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇപ്പോഴിതാ രാഹുല്‍, സഞ്ജയ് പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യ പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍. 'ഈ നീക്കം എന്നെ വളരെ അത്ഭുതപ്പെടുത്തി. എന്റെ ജീവിതത്തില്‍ അധികം സര്‍പ്രൈസുകളുണ്ടായിട്ടില്ല. എന്റെ നാല് മക്കളാണ് സര്‍പ്രൈസായിട്ട് ഉണ്ടായിരുന്നത്. ഇപ്പോള്‍ ടീമിലുണ്ടായിരിക്കുന്നത് അഞ്ചാമത്തെ അത്ഭുതമാണ്. എല്ലാവര്‍ക്കും അറിയുന്നതുപോലെ രാഹുലും ഗോയങ്കെയും വളരെ സൗമ്യരായിട്ടുള്ള വ്യക്തികളാണ്.

kl rahul

ഇത്തരത്തിലൊരു പെരുമാറ്റം ഇവരില്‍ നിന്ന് ഉണ്ടായത് ഇതിന് മുമ്പ് കണ്ടിട്ടില്ല. ഞാന്‍ കേട്ടിടത്തോളം എവിടെയാണ് പിഴച്ചതെന്നതാണ് ചര്‍ച്ചാ വിഷയമായത്. പക്ഷെ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എന്താണ് അവര്‍ തമ്മില്‍ സംസാരിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് സത്യം. എല്ലാ ടീമുകള്‍ക്കും പദ്ധതികളുണ്ടാവും. കളി തോല്‍ക്കുമ്പോള്‍ അതില്‍ പിഴവ് സംഭവിക്കും. കേവലം ക്രിക്കറ്റുമായി സംബന്ധിച്ചുള്ള സംസാരം മാത്രമാണ് നടന്നിട്ടുള്ളത്.

അതിന് ശേഷം ചിരിച്ചുകൊണ്ടാണ് എല്ലാവരും മടങ്ങിയത്. ഗോയങ്കെയും അദ്ദേഹത്തിന്റെ മകനുമായി എനിക്കും രാഹുലിനുമെല്ലാം അടുത്ത സൗഹൃദമാണുള്ളത്' ലാംഗര്‍ പറഞ്ഞു. എന്നാല്‍ ലാംഗര്‍ പറയുന്നതുപോലെ ലളിതമല്ല കാര്യങ്ങളെന്നുറപ്പ്. കെ എല്‍ രാഹുലിനോട് നന്നായി ദേഷ്യപ്പെട്ടാണ് സഞ്ജീവ് സംസാരിച്ചത്. നിരാശയോടെ പലതിനും മറുപടിയില്ലാതെ രാഹുല്‍ നില്‍ക്കുന്നതും കാണാമായിരുന്നു. കടുത്ത നിരാശയോടെയാണ് രാഹുല്‍ കളം വിട്ടത്.

ഡല്‍ഹിക്കെതിരായ തോല്‍വിയിലും രാഹുലിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. ടീമിന്റെ തോല്‍വിക്ക് കാരണം രാഹുലാണെന്നാണ് ആക്ഷേപം. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രാഹുല്‍ ദുരന്തമായിരുന്നുവെന്ന് പറയാം. അതുകൊണ്ടുതന്നെ രാഹുലിനെ ടീമില്‍ നിലനിര്‍ത്തുന്നതിനോട് ടീം മാനേജ്‌മെന്റിനും വലിയ താല്‍പര്യമില്ല. ഈ സീസണോടെ രാഹുല്‍ ലഖ്‌നൗവിന്റെ പടിയിറങ്ങാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.

അടുത്ത സീസണില്‍ ലഖ്‌നൗ ടീമില്‍ വലിയ അഴിച്ചു പണി ഉണ്ടായേക്കും. ലാംഗര്‍ പരിശീലകസ്ഥാനത്ത് തുടരാനാണ് സാധ്യത. രാഹുല്‍ ലഖ്‌നൗ വിട്ട് സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി ടീമുകളിലൊന്നിലേക്ക് പോയേക്കും. രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. നായകന്റെ സമ്മര്‍ദ്ദം പലപ്പോഴും രാഹുലിനെ ബാധിക്കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും രാഹുലും അടുത്ത സുഹൃത്തുക്കളായതിനാല്‍ രാഹുല്‍ മുംബൈയിലേക്ക് പോകാനാണ് കൂടുതല്‍ സാധ്യത.

രാഹുല്‍ നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്. കര്‍ണാടകക്കാരനായ രാഹുലിന്റെ ഹോം ടീം ആര്‍സിബിയാണ്. അടുത്ത സീസണില്‍ ആര്‍സിബിക്ക് പുതിയ നായകനെ ആവശ്യമായതിനാല്‍ രാഹുല്‍ ഈ സ്ഥാനത്തേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Wednesday, May 15, 2024, 16:03 [IST]
Other articles published on May 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+