ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ തട്ടകത്തില്‍ ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി വിരാട് കോലിയുടെ (113*) സെഞ്ച്വറിക്കരുത്തില്‍ 3 വിക്കറ്റിന് 183 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറുടെ (100*) സെഞ്ച്വറിക്കരുത്തില്‍ 5 പന്തും 6 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിരാട് കോലിയും ഫഫ് ഡുപ്ലെസിസും ചേര്‍ന്ന് 125 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ സൃഷ്ടിച്ചത്. ഡുപ്ലെസിസ് 33 പന്തില്‍ 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 44 റണ്‍സില്‍ മടങ്ങി. യുസ് വേന്ദ്ര ചഹാലിന്റെ പന്തില്‍ ജോസ് ബട്‌ലറുടെ ക്യാച്ചിലാണ് ഡുപ്ലെസിസ് പുറത്തായത്. ട്രന്റ് ബോള്‍ട്ട് ഡുപ്ലെസിസിന്റെ ക്യാച്ച് വിട്ടതിന് പിന്നാലെയാണ് ബട്‌ലര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ആര്‍സിബി നായകനെ മടക്കിയത്.
മൂന്നാം നമ്പറിലെത്തിയ ഗ്ലെന്‍ മാക്‌സ് വെല്‍ വീണ്ടും നിരാശപ്പെടുത്തി. 3 പന്തില്‍ 1 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെല്ലിനെ നാന്ദ്രേ ബര്‍ഗര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഒരുവശത്ത് വിരാട് കോലി റണ്‍സുയര്‍ത്തി. ബര്‍ഗര്‍ കോലിയുടെ ക്യാച്ച് വിട്ടത് അദ്ദേഹം മുതലാക്കി. ആര്‍സിബി വളരെ പ്രതീക്ഷയോടെ ടീമിലെത്തിച്ച സൗരവ് ചൗഹാനും കാര്യമായൊന്നും ചെയ്യാനായില്ല. 5 പന്തില്‍ 1 സിക്‌സറടക്കം 9 റണ്‍സെടുത്ത സൗരവിനെ ചഹാല്‍ ജയ്‌സ്വാളിന്റെ കൈയിലെത്തിച്ചു.
എന്നാല്‍ ഒരുവശത്ത് പൊരുതിയ വിരാട് കോലി എട്ടാം സെഞ്ച്വറിയോടെ ടീമിനെ മുന്നോട്ട് നയിച്ചു. 67 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലി 72 പന്തില്‍ 12 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 113 റണ്‍സോടെ പുറത്താകാതെ നിന്നു. ടി20 ഫോര്‍മാറ്റിലെ കോലിയുടെ 9ാം സെഞ്ച്വറിയാണിത്. ആര്‍സിബിയുടെ മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴും കോലി ഒറ്റക്ക് ടീമിനെ മുന്നോട്ട് നയിച്ചു.

വിരാട് കോലി 72 പന്തില്‍ 12 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 113 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ ആര്‍സിബിയുടെ മറ്റ് എല്ല ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് 48 പന്തില്‍ 59 റണ്‍സാണ് നേടിയത്. 11 റണ്‍സാണ് എക്‌സ്ട്രാസായി ലഭിച്ചത്. ഈ സെഞ്ച്വറി പ്രകടനത്തിന് മുമ്പ് 8 ഇന്നിങ്‌സില്‍ നിന്ന് 21.3 ശരാശരിയില്‍ 149 റണ്‍സായിരുന്നു കോലി ജയ്പൂരില്‍ നേടിയിരുന്നത്. 39* റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഇന്നത്തെ പ്രകടനത്തോടെ ജയ്പൂരിലും തന്റെ കരുത്തുകാട്ടാന്‍ കോലിക്കായി.
ഐപിഎല്ലില്‍ പുറത്താവാതെ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ (4 തവണ) ക്രിസ് ഗെയ്‌ലിനും കെ എല്‍ രാഹുലിനുമൊപ്പമെത്താന്‍ കോലിക്കായി. മുന്‍ നായകന്റെ മികവില്‍ 3 വിക്കറ്റിന് 183 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കും ആര്‍സിബിയെത്തി. രാജസ്ഥാനായി ചഹാല്‍ രണ്ടും ബര്‍ഗര്‍ ഒരു വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ തുടക്കം പിഴച്ചു. രണ്ടാം പന്തില്‍ യശ്വസി ജയ്‌സ്വാളിനെ (0) റീസെ ടോപ്ലി പുറത്താക്കി. ഗ്ലെന്‍ മാക്‌സ് വെല്ലാണ് ക്യാച്ചെടുത്തത്. എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന സഞ്ജു സാംസണും ജോസ് ബട്‌ലറും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടോടെ ടീമിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 147ല്‍ നില്‍ക്കവെ സഞ്ജു സാംസണ്‍ മടങ്ങി. 42 പന്തില്‍ 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 69 റണ്‍സ് നേടിയ സഞ്ജു സാംസണെ മുഹമ്മദ് സിറാജ് പുറത്താക്കി.
യഷ് ദയാലിന്റെ ക്യാച്ചിലാണ് സഞ്ജു മടങ്ങിയത്. റിയാന്‍ പരാഗിന് തിളങ്ങാനായില്ല. മികച്ച ഫോമിലായിരുന്ന യുവതാരം 4 പന്തില്‍ 1 ഫോറടക്കം 4 റണ്‍സുമായി പുറത്തായി. യഷ് ദയാലിനായിരുന്നു വിക്കറ്റ്. ദ്രുവ് ജുറേലും നിരാശപ്പെടുത്തി മടങ്ങി. 3 പന്തില്‍ 2 റണ്‍സ് നേടിയ ജുറേലിനെ ടോപ്ലി വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന്റെ കൈയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ഷിംറോന്‍ ഹെറ്റ്‌മെയറെ കൂട്ടുപിടിച്ച് ജോസ് ബട്‌ലര്‍ രാജസ്ഥാന് 6 വിക്കറ്റിന്റെ ജയമൊരുക്കി. ബട്‌ലര്‍ 58 പന്തില്‍ 9 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 100 റണ്‍സോടെ പുറത്താവാതെ നിന്നു. ഹെറ്റ്‌മെയര്‍ 6 പന്തില്‍ 11* റണ്‍സാണ് നേടിയത്.
പ്ലേയിങ് 11: രാജസ്ഥാന്‍ റോയല്‍സ്-യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, നാന്ദ്ര ബര്‍ഗര്‍
ആര്‍സിബി- വിരാട് കോലി, ഫഫ് ഡുപ്ലെസിസ് (c), രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (wc), സൗരവ് ചൗഹാന്‍, റീസി ടോപ്ലി, മായങ്ക് ദഗാര്‍, മുഹമ്മദ് സിറാജ്, യഷ് ദയാല്‍