മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള പടയൊരുക്കത്തിലാണ് ടീമുകള്‍. ഇതിനോടകം നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക പുറത്തുവന്നുകഴിഞ്ഞു. ഡിസംബറില്‍ നടക്കുന്ന താരലേലത്തിന് മുന്നോടിയായി വലിയ അഴിച്ചുപണികള്‍ ഇനിയും ടീമുകള്‍ നടത്തിയേക്കും. ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ എത്തിച്ചത് എല്ലാവരേയും ഞെട്ടിച്ച കൈമാറ്റമായിരുന്നു. ഇനിയും വലിയ അഴിച്ചുപണികള്‍ ഉണ്ടാവുമെന്നുറപ്പാണ്.
ഇപ്പോള്‍ മുംബൈ ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യന്‍സ് വിടുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. മുംബൈ ഇന്ത്യന്‍സിനെ സാമൂഹ്യ മാധ്യമങ്ങളില്‍ ബുംറ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. കൂടാതെ രോഹിത് ശര്‍മയേയും അണ്‍ഫോളോ ചെയ്ത ബുംറ എംഎസ് ധോണിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാനും തുടങ്ങി. ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത് കൂടുമാറ്റ സൂചനയാണ് നല്‍കുന്നത്.
മുംബെ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് സൂപ്പര്‍ താരമായി മാറിയ കളിക്കാരനാണ് ബുംറ. അവസാന സീസണില്‍ പരിക്ക് അലട്ടിയതിനെത്തുടര്‍ന്ന് താരം കളിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ബുംറ മുംബൈക്കായി ഇറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകവെയാണ് എല്ലാവരേയും ഞെട്ടിക്കുന്ന കൂടുമാറ്റ വാര്‍ത്ത പുറത്തുവരുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ എടുത്തതില്‍ ബുംറക്ക് വിയോജിപ്പുണ്ടെന്നും ഇതാണ് കൂടുമാറ്റത്തിന്റെ സാധ്യത തുറന്നിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
രോഹിത് ശര്‍മക്ക് ശേഷം മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് പരിഗണന ലഭിച്ചിരുന്നവരിലൊരാള്‍ ബുംറയാണ്. സീനിയര്‍ താരമായ ബുംറ ഇതിനോടകം ഇന്ത്യയെ അടക്കം നയിച്ചിട്ടുണ്ട്. രോഹിത്തിന് ശേഷം ബുംറക്ക് നായകസ്ഥാനത്തില്‍ നോട്ടമുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിനെ മുംബൈ തിരികെ കൊണ്ടുവന്നതോടെ നായകസ്ഥാനം ബുംറക്ക് ലഭിക്കില്ലെന്നുറപ്പായിട്ടുണ്ട്. ഇതില്‍ പേസര്‍ക്ക് അതൃപ്തിയുണ്ടെന്നും അതുകൊണ്ട് മുംബൈ വിട്ടേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ബുംറയെപ്പോലൊരു പേസറെത്തിയാല്‍ ഇരുകൈയും നീട്ടി സിഎസ്‌കെ സ്വീകരിക്കും. ധോണിയും സംഘവും അവസാന സീസണിലെ ചാമ്പ്യന്മാരാണ് കരുത്തുറ്റ താരനിര സിഎസ്‌കെയ്ക്കുണ്ടെങ്കിലും ബൗളിങ് നിര ദുര്‍ബലമാണ്. മികച്ച പേസര്‍മാരുടെ അഭാവം സിഎസ്‌കെയിലുണ്ട്. ധോണിക്ക് കീഴില്‍ കളിക്കാന്‍ ബുംറക്കും ആഗ്രഹമുണ്ട്. സിഎസ്‌കെയ്ക്ക് ബുംറയെപ്പോലൊരു പേസറെ ലഭിച്ചാല്‍ അത് മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പ്.
എന്നാല്‍ ബുംറ ടീം വിട്ടാല്‍ മുംബൈക്ക് വലിയ തിരിച്ചടിയാവും. ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ. അദ്ദേഹം കൂടുമാറി ചിരവൈരികളായ സിഎസ്‌കെയിലേക്ക് പോയാല്‍ മുംബൈയുടെ ബൗളിങ് നിര ദുര്‍ബലമായിത്തീരും. രോഹിത് ശര്‍മയും ബുംറയും തമ്മില്‍ വലിയ സൗഹൃദമാണുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് പെട്ടെന്ന് ബുംറ രോഹിത്തിനെ അണ്‍ഫോളോ ചെയ്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇത് ബുംറയുടെ കൂടുമാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സമീപകാലത്തൊന്നും കപ്പിലേക്കെത്താനാവാത്ത ബുംറക്ക് ഇത്തവണ കിരീടത്തിലേക്കെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. ബുംറ ടീം വിട്ടാല്‍ കിരീട നേട്ടം മുംബൈയുടെ സ്വപ്‌നമായിത്തന്നെ അവശേഷിച്ചേക്കും. അതുകൊണ്ടുതന്നെ ബുംറയെ ടീമില്‍ നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും മുംബൈ നടത്തുമെന്നുറപ്പാണ്. അന്തിമ തീരുമാനം ബുംറയുടേതാണ്. അതുകൊണ്ടുതന്നെ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
ബെന്‍ സ്‌റ്റോക്‌സിനെ ഒഴിവാക്കിയതോടെ സിഎസ്‌കെയ്ക്ക് ബുംറയെ വാങ്ങാനുള്ള സാമ്പത്തിക ശേഷിയുമുണ്ട്. 15 കോടിയിലധികം ബുംറക്കായി മുടക്കാന്‍ സിഎസ്‌കെ തയ്യാറായേക്കും. അതുകൊണ്ടുതന്നെ അനായാസം ഈ കരാര്‍ നടന്നേക്കും. ഇത് സംഭവിച്ചാല്‍ ഐപിഎല്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കൂടുമാറ്റങ്ങളിലൊന്നായി ഇത് മാറിയേക്കുമെന്നുറപ്പാണ്. ബുംറയുടെ കൂടുമാറ്റം തടയാന്‍ മുംബൈ എല്ലാവിധത്തിലും ശ്രമിച്ചേക്കും.
എന്തായാലും ഈ കൂടുമാറ്റം സംഭവിക്കുമോ ഇല്ലെയോ എന്ന് കാത്തിരുന്ന് കണ്ടറിയാം. കൂടുമാറ്റം നടന്നാല്‍ സിഎസ്‌കെയ്ക്കത് വലിയ നേട്ടമാവുമെന്നുറപ്പ്.